1. ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഘടകപദ്ധതിയായ ഞണ്ട് കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറ കുളങ്ങളിലോ ഓരു ജലാശയങ്ങളിലോ ഞണ്ട് കൃഷി ചെയ്യാം. പദ്ധതി ചെലവിന്റെ 40 ശതമാനം തുക സബ്സിഡി അനുവദിക്കുന്നതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതഠ ഒക്ടോബര്‍ ആറാം തീയതിക്കകം തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, കുമ്പള, മത്സ്യഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0467 2202537 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
2. സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 -ാം തീയതി രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബർ നാലിനകം 04936 297084 എന്ന ഫോൺ നമ്പർ മുഖേന മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുക.
3. സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ മധ്യ-തെക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരാനും സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.