സംസ്ഥാനത്തെ മുഴുവൻ സർക്കാർ സേവനങ്ങളും വൈകാതെ ഓൺലൈനായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 900 ത്തോളം സേവനങ്ങൾ ഓൺലൈനായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. അഴിമതി കാണിക്കുന്നവരോട് ഒരു ദയയുമുണ്ടാവില്ല. നിരവധി അനുഭവങ്ങളിലൂടെ സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങൾ. 63 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ, 43 ലക്ഷം ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ്, 2.31 ലക്ഷം പട്ടയങ്ങൾ എന്നിവ വിതരണം ചെയ്യാൻ സർക്കാരിന് സാധിച്ചു. 600 രൂപയിൽ നിന്ന് 1,600 രൂപയാക്കി ക്ഷേമപെൻഷൻ ഉയർത്താൻ സാധിച്ചത് വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓഫീസുകളിൽ സേവനം തേടി എത്തുന്നവർ ഔദാര്യത്തിനു വേണ്ടിയല്ല തങ്ങളുടെ അവകാശം തേടിയാണ് എത്തുന്നതെന്ന മനോഭാവം ഉദ്യോഗസ്ഥരിൽ ഉണ്ടാവണം. ക്ഷേമ പ്രവർത്തനങ്ങളിൽ മാത്രമായി സർക്കാരിന്റെ കരുതൽ ഒതുങ്ങി നിന്നില്ല. പ്രളയങ്ങൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ കേരളം മാതൃക തീർത്തു. അന്നന്നത്തെ അന്നത്തിനായി തൊഴിൽ എടുക്കുന്നവർ പട്ടിണി കിടക്കാൻ പാടില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നര ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു നൽകാൻ സർക്കാരിന് സാധിച്ചു. 14 ലക്ഷത്തോളം പേർക്കാണ് ഇതുവഴി പാർപ്പിടമൊരുങ്ങിയത്. സാങ്കേതിക സാക്ഷരത കൈവരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും. കമ്പ്യൂട്ടർ സാക്ഷരത എല്ലാവർക്കും ലഭിക്കണം. ഇക്കാര്യത്തിൽ വലിയ മാറ്റം വരാൻ പോവുകയാണ്. ജീവനക്കാർക്കാവശ്യമായ സാങ്കേതിക പരിശീലനം നൽകും.ആവശ്യമായ വൈ ഫൈ സൗകര്യം എല്ലായിടത്തും ഉറപ്പുവരുത്തും. വീടുകൾ എല്ലായിടത്തും കെ ഫോണുമായി ബന്ധിപ്പിക്കും.
സംസ്ഥാനത്ത് 900 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. ഇതിൽ ഒരു വർഷത്തിനുള്ളിൽ 765 എണ്ണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. രണ്ടാം വർഷത്തിൽ എത്രത്തോളം പുരോഗതി കൈവരിച്ചു എന്നറിയാൻ പ്രോഗ്രസ് റിപ്പോർട്ട് ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. അതി ദാരിദ്രം അനുഭവിക്കുന്ന 64,006 കുടുംബങ്ങൾ സർക്കാരിൻ്റെ കരുതലിലാണ്. ഇത് രാജ്യത്തിനുതന്നെ മാതൃകയാണ്. പ്രതിബദ്ധതയോടെയുള്ള ഇത്തരം ഇടപെടലുകൾക്ക് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് താലൂക്ക് തല അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: LPG സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ നിരക്ക് അറിയാം..കൂടുതൽ വാർത്തകൾ
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ കരുതലും കൈത്താങ്ങും അദാലത്തിന് ആശംസകൾ അറിയിച്ചു. എളമരം കരീം എം.പി, എംഎൽഎമാരായ പി.ടി.എ റഹീം, ടി.പി രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഇ.കെ വിജയൻ, കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, ഡി ഡി സി എം എസ് മാധവിക്കുട്ടി, സബ് കലക്ടർ വി ചെൽസാസിനി, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ എ ഗീത സ്വാഗതവും എ.ഡി.എം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.
Content and photo: I&Prd