കോഴിക്കോട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ദുഷ്പ്രചരണങ്ങളെല്ലാം അടിസ്ഥാന വിരുദ്ധമാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. കുന്ദമംഗലം മണ്ഡലതല നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരിച്ച വകയിൽ 792 കോടി രൂപയോളം കേന്ദ്രം സംസ്ഥാനത്തിന് ഇനിയും അനുവദിക്കാനുണ്ട്. എന്നിട്ടും സംസ്ഥാനം കർഷകരോട് കടം പറഞ്ഞിട്ടില്ല. കർഷകരുടെ അക്കൗണ്ടിലേക്ക് സിവിൽ സപ്ലൈസ് വഴി പണം കടം എടുത്തു കൊടുത്തു. ഇങ്ങനെ ഒരു സംസ്ഥാനം ഇന്ത്യയിൽ വേറെ ഉണ്ടാവില്ല.
സർക്കാർ എല്ലാവരുടേയുമാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ഭരണകൂടം ജനങ്ങളുമായി സംബന്ധിക്കുന്ന ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ അതിൽ ഉത്തരവാദിത്വമുള്ള എല്ലാവരും ഒന്നു ചേർന്ന് നിൽകേണ്ടത് അത്യാവശ്യമാണ്. ഈ യാഥാർത്യം പ്രതിപക്ഷം മനസ്സിലാക്കുന്നില്ല.
2025 നവംബർ ഒന്നിന് ഐക്യകേരളത്തിന്റെ വാർഷിക നാളിൽ നമുക്ക് ഈ കേരളത്തിനോടും ലോകത്തിനോടും പറയാൻ സാധിക്കണം നമ്മൾ അതി ദരിദ്രരില്ലാത്ത സംസ്ഥാനമാണെന്ന്. വിവിധ പ്രതിസന്ധികൾ കാരണം അതി ദരിദ്രരായവരെ പടിപടിയായി അവശതകളിൽ നിന്നും മോചിപ്പിക്കാൻ തീരുമാനിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 47 ശതമാനം പേരെ അതിദരിദ്രരുടെ ലിസ്റ്റിൽ നിന്നും മാറ്റാൻ കഴിഞ്ഞു എന്നത് കേരളത്തിന്റെ ഉജ്ജ്വലമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.