ഐഫോണ്‍ ആരാധകർ, 2022നൊപ്പം ഐഫോണ്‍ എസ്ഇ3 എന്ന പുതുപുത്തൻ മോഡലിനായും കാത്തിരിക്കുകയാണ്. പുതുവർഷത്തിലെ ലോഞ്ചിങ്ങിന് മുന്നോടിയായി ഐഫോണ്‍ എസ്ഇ 3നെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഐഫോണ്‍ എസ്ഇ3 (2022) മോഡലിന് ഐഫോണ്‍ എക്‌സ്ആറിന്റെ രൂപകല്‍പന ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, നിലവിലുള്ള എസ്ഇ മോഡലിന്റെ ഡിസൈൻ തന്നെയായിരിക്കും പുതിയതായി വരുന്ന എസ്ഇ മോഡലിനും എന്നാണ് പറയുന്നത്. കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ, ഐഫോണ്‍ 8ന്റെ ഡിസൈനായിരിക്കും ഇതിനെന്നാണ്.
ഐഫോണ്‍ എസ്ഇ3 പ്രത്യേകതകൾ
ആപ്പിള്‍ ഇറക്കുന്ന ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ മോഡലുകളാണ് ഐഫോണ്‍ എസ്ഇ സീരീസില്‍ ഉൾപ്പെടുന്ന ഫോണുകൾ. ഇതുവരെ ഈ സീരീസില്‍ രണ്ടു മോഡലുകളാണ് ഇറക്കിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ ഇറങ്ങിയത് എസ്ഇ (2020) ആണ്.
2022ന്റെ ആദ്യ പാദത്തില്‍ ഐഫോണ്‍ എസ്ഇ 3 ലോഞ്ച് ചെയ്യും. 4.7-ഇഞ്ച് ആയിരിക്കും സ്‌ക്രീന്‍ സൈസ്. ടച്ച്‌ഐഡി ഉണ്ടാകും, എന്നാൽ ഫെയ്‌സ് ഐഡി ഉണ്ടാവില്ല. ഐഫോണ്‍ എസ്ഇ 2020ല്‍ കാണുന്നത് പോലെ കനത്ത ബെസലുകളായിരിക്കും ഇതിന്. ഒറ്റ പിന്‍ക്യാമറ മാത്രമായിരിക്കും ഉള്ളത്. ഡിസൈനിൽ മാറ്റമില്ലെങ്കിലും ഹാർഡ് വെയർ മുൻവശത്ത് കൂടുതൽ പരിഷ്കരണം കൊണ്ടുവരുമെന്ന് സൂചനയുണ്ട്.
ഐഫോണ്‍ 13 സീരീസിന് കരുത്ത് പകരുന്ന എ15 ബയോണിക് ചിപ്സെറ്റ് ഉള്‍പ്പെടുത്തിയതാണ് പുതിയ മോഡൽ. ഇതിൽ ക്വാല്‍കോമിന്റെ എക്‌സ്60 5ജി മോഡവും ഉൾപ്പെടുത്തുന്നുണ്ട്.
2016ലെ യഥാർഥ ഐഫോണ്‍ എസ്ഇയും 2020ല്‍ ഐഫോണ്‍ എസ്ഇ 2ലും സിഗ്നേച്ചര്‍ ഹോം ബട്ടണ്‍ ഫീച്ചര്‍ ചെയ്തതിന് സമാനമായ ഡിസൈൻ പുതിയ തലമുറ ഐഫോണ്‍ എസ്ഇയിലും കാണാം.
ഐഫോണ്‍ ഉപഭോക്താക്കൾക്ക് ആശ്വാസമായി ബാറ്ററി ലൈഫ് ഉയർന്നതാണ് പുതിയ മോഡൽ. ഉപഭോക്താക്കൾ വളരെയധികം അറിയാൻ ആഗ്രഹിക്കുന്നത്, ഐഫോണ്‍ എസ്ഇ 3യുടെ വില എങ്ങനെയായിരിക്കും എന്നു തന്നെയായിരിക്കം. ഏകദേശം 45,000 രൂപയായിരിക്കും ഇതിനെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഐഫോണ്‍ എസ്ഇ 3-ന്റെ ഉല്‍പ്പാദന അളവ് ഏകദേശം 25-30 ദശലക്ഷം യൂണിറ്റ് ആയിരിക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2023ല്‍ ഇതിനേക്കാൾ വലിപ്പമുളള സ്‌ക്രീനിൽ, അതായത്, 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിൽ എസ്ഇ മോഡല്‍ കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്.
സ്ക്രീൻ ഉള്ളടക്കം ഉടമയ്ക്ക് മാത്രം കാണാവുന്ന ഫീച്ചർ
സുഹൃത്തുക്കൾക്കും അതുമല്ലെങ്കിൽ ആൾക്കൂട്ടത്തിനും ഇടയ്ക്ക് നിൽക്കുമ്പോൾ, ഒരു കോൾ വരുന്നതോ മെസേജ് വരുന്നതോ നമ്മുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെങ്കിൽ അതിനും ആപ്പിളിൽ നിന്ന് വരുന്ന പുതിയ മോഡലുകളിൽ പരിഹാരമുണ്ട്. അതായത്, ഡിസ്പ്ലേയിലെ ഉള്ളടക്കം ഐഫോണ്‍ ഉടമകൾക്ക് മാത്രം കാണാന്‍ കഴിയുന്ന തരത്തിൽ പുതിയ ഗ്ലാസിന് ആപ്പിള്‍ പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്.