സംസ്ഥാനത്തെ റബ്ബര്‍ കൃഷി ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. 2021 ഡിസംബര്‍ 20 വരെ അപേക്ഷകൾ അയക്കാം. 2018, 2019 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകരിൽ നിന്നാണ് ധനസഹായത്തിന് റബ്ബര്‍ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍ കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടര്‍ വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സര്‍വീസ് പ്ലസ് വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതുമല്ലെങ്കിൽ റബ്ബർ ബോര്‍ഡ് റീജണല്‍ ഓഫീസ്, ഫീല്‍ഡ് സ്റ്റേഷന്‍, റബർ ബോര്‍ഡ് കോള്‍സെന്റര്‍ (04812576622) എന്നിവിടങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതാണ്.
റബ്ബർ കൃഷിയെ കുറിച്ച് കൂടുതലറിയാം
സമുദ്രനിരപ്പില്‍ നിന്നും 500 മീറ്ററിലധികം ഉയരമില്ലാത്ത സ്ഥലങ്ങളാണ് റബ്ബര്‍ കൃഷിക്ക് അനുയോജ്യം. ഏകദേശം 25-30 മീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ വളരെ വേഗത്തില്‍ ഇവ വളരുന്നു. റബ്ബര്‍ മരത്തിന്‍റെ തൊലി ടാപ്പ് ചെയ്താണ് വാണിജ്യ പ്രാധാന്യമുള്ള റബ്ബര്‍ കറ എടുക്കുന്നത്.
ഇരുപതോ മുപ്പതോ വർഷങ്ങളിൽ ഇവ നല്ല വിളവ് തരുന്നു. എന്നാൽ ഈ മരങ്ങൾക്ക് നൂറു കൊല്ലത്തോളം ജീവിത ദൈര്‍ഘ്യമുണ്ട്. റബ്ബർ പ്രധാനമായും ഉപയോഗിക്കുന്നത് ടയര്‍ ഉൽപാദനത്തിനായാണ്. എന്നിരുന്നാലും, ഹോസുകള്‍, ഫോം മെത്തകള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ നിർമാണത്തിനും ഇവ നല്ലതാണ്.
ആധുനിക റോഡ് നിര്‍മാണത്തിനും, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്കും, വിവിധതരം വ്യവസായിക ഓട്ടോമൊബൈൽ വിപണിയിലെ മാറ്റങ്ങൾ, ആഗോള സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് തുടങ്ങി നിരവധി ഘടകങ്ങൾ റബ്ബറിന്റെ വിലയെ സ്വാധീനിക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ചെറു ഘടകങ്ങള്‍ക്കും റബ്ബര്‍ ഉപയോഗിക്കുന്നു.
കൊവിഡിനെ തുടർന്ന് റബ്ബറിന്റെ ആഗോള വിപണിയും ഇടിഞ്ഞിരുന്നു. ഇത് നിരവധി റബ്ബർ കർഷകരെ ദുരിതത്തിലാക്കി. ഇതിന് പുറമെ, കാലവർഷവും മഴക്കെടുതിയുമെല്ലാം കർഷകരെ വലയ്ക്കുകയാണ്.
റബ്ബറില്‍ നിന്ന് നന്നായി ആദായം ലഭിക്കുന്ന സമയമാണ് നവംബര്‍- ഡിസംബര്‍ മാസങ്ങള്‍. എന്നാൽ, മഴ നില്‍ക്കാത്തതും തണുപ്പ് തുടങ്ങാത്തതും പാലുല്‍പാദനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചെറുകിട റബ്ബര്‍ കര്‍ഷകരെയും വന്‍കിട കർഷകരെയും ഒരുപോലെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വരും വർഷങ്ങളിൽ റബ്ബര്‍ ഉൽപാദനത്തിന്റെ കേന്ദ്രമായി വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറുമെന്ന് പീയുഷ് ഗോയല്
രാജ്യത്ത് ഏറ്റവും കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ത്രിപുര, അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഇന്ത്യയിലെ റബ്ബര്‍ ഉൽപാദനത്തിന്റെ കേന്ദ്രമായി വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറുമെന്നും ഇതിനായി റബ്ബർ തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് രണ്ടു ദിവസം മുൻപ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചിരുന്നു.