1. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി വഴി കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാൻ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി15 മുതല്‍ നൽകാം. കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ അഥവാ സ്‌മാം പദ്ധതി. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വില സംസ്‌ക്കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്എച്ച്ജി കള്‍, എഫ്പിഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും, യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ടു ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകള്‍ http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേന നല്‍കാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഇ-മെയില്‍: aeeaalpy@gmail.com ഫോണ്‍: 9383470694, 9544724960, 9495516968.
2. ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലനകേന്ദ്രത്തില്‍ ജനുവരി 14 മുതല്‍ 18 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കും സംരഭകര്‍ക്കുമായി 'ശാസ്ത്രീയമായ പശുപരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. ജനുവരി 11 ന് വൈകുന്നേരം അഞ്ചിനകം 0495-2414579 എന്ന ഫോൺ നമ്പര്‍ വഴിയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പരിശീലനത്തിന് പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുക.
3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് എട്ട് ജില്ലകളിലാണ് നേരിയ മഴ സാധ്യത നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയായ ഗ്രീൻ അലേർട്ടാണ് ഈ ജില്ലകളിൽ നിലനിൽക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.