എറണാകുളം: കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി - സ്മാം) പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക യന്ത്രവൽക്കരണ പ്രവർത്തന പരിശീലന പരിപാടിയിൽ പങ്കെടുക്കാം
പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും കൂടാതെ വിളവെടുപ്പാനന്തര, വിളസംസ്‌ക്കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും കര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എഫ്.പി.കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവുമാണ് നല്‍കുന്നത്.
യന്ത്രവല്‍ക്കരണത്തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ട് ലക്ഷം രൂപ വരെ സഹായം നല്‍കും. കേന്ദ്ര സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് പോകാതെ https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഇതില്‍ അംഗമാകാന്‍ കഴിയും. 2022 - 2023 സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ സെപ്തംബര്‍ 30 മുതല്‍ ഓണ്‍ലൈനായി നല്‍കാം.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക കണക്ഷൻ ലഭ്യമാകാൻ ചെയ്യേണ്ട കാര്യങ്ങൾ
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും അതാത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിലെ താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പറുകള്‍: 0471 2396748, 9497003097, 8943485023, 9895440373, 9567992358.
എറണാകുളം കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസ്: 9744147328, 9496246073, 9446322469, 9656455460