എറണാകുളം: സംസ്ഥാനത്തെ മികച്ച കർഷകർ, മികച്ച പാടശേഖര സമിതി, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിവിധ മേഖലകളിലെ വ്യക്തികൾ, കൃഷി നടത്തുന്ന മികച്ച റസിഡന്റ്സ് അസോസിയേഷൻ, കോളേജ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മികച്ച സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പുരസ്കാരം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
കൂടാതെ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച കൃഷി ഭവൻ, കൃഷിക്കൂട്ടങ്ങൾ (ഉത്പാദന സേവന, മൂല്യവർധിത മേഖല), പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നിവയ്ക്കായി പുതുതായി ആറ് പുരസ്ക്കാരങ്ങളും എർപ്പെടുത്തിയിട്ടുണ്ട്.
പൊതുവിഭാഗത്തിൽ 32, സംസ്ഥാന തലത്തിലെ മികച്ച വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് കൃഷി ഉദ്യോഗസ്ഥർക്ക് മൂന്ന്, പച്ചക്കറി വികസന പ്രവർത്തനങ്ങൾക്ക് ആറ്, ഒരു ജൈവകൃഷി സംസ്ഥാനതല പുരസ്കാരവും ഉൾപ്പെടെ ആകെ 42 പുരസ്ക്കാരങ്ങളാണ് കൃഷി വകുപ്പ് ഈ വർഷം മുതൽ നൽകുന്നത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനു നൽകുന്ന വി വി രാഘവൻ മെമ്മോറിയൽ അവാർഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികൾക്കുള്ള മിത്രാ നികേതൻ, പത്മശ്രീ കെ. വിശ്വനാൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് എന്നിവയാണ് വ്യക്തികളുടെ സ്മരണാർത്ഥമുള്ള പുരസ്കാരങ്ങൾ.
കേരളത്തിൽ സ്ഥിരതാമസക്കാരായ പൗരന്മാർക്ക് അപേഷിക്കാം. കൃഷിഭവനുകൾക്കും പഞ്ചായത്തുകൾക്കും മികച്ച കർഷകരെ അവാർഡിനായി നോമിനേറ്റ് ചെയ്യാൻ കഴിയും. കൃഷിയിടത്തിന്റെ ഫോട്ടോകൾ, കൃഷിയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച സിഡി, മാധ്യമങ്ങളിൽ വന്ന വാർത്തകൾ, മറ്റ് അനുബന്ധരേഖകൾ എന്നിവ ഉൾപ്പെടെ ജൂലൈ 7ന് മുൻപായി സമീപത്തെ കൃഷിഭവൻ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിനായും കൂടുതൽ വിവരങ്ങൾക്കായും www.karshikakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ നമ്പർ: 0484 2422224.