1. കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാൻ ഇപ്പോള്‍ അപേക്ഷിക്കാം. 5 സെന്റ് മുതൽ 15 ഏക്കർ വരെ വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശമുള്ളവർ, കാർഷിക - അനുബന്ധ പ്രവർത്തനങ്ങളിൽ 3 വര്‍ഷത്തിൽ കൂടുതൽ ഉപജീവനം നടത്തുന്നവർ, വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തവർ എന്നിവർ അപേക്ഷ നൽകാൻ യോഗ്യരാണ്. 18നും 65 വയസിനും ഇടയിലാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. പദ്ധതിയുടെ പ്രതിമാസ അംശാദായം 100 രൂപയാണ്. അംഗമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ കര്‍ഷകര്‍ ക്ഷേമനിധി ബോര്‍ഡിന്റെ https://kfwfb.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴിയാണ് നല്‍കേണ്ടത്.
കൂടുതൽ വാർത്തകൾ: Subsidy 10,525 രൂപ! വീട്ടിലൊരുക്കാം വെർട്ടിക്കൽ ഗാർഡൻ..കൂടുതൽ വാർത്തകൾ
കര്‍ഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീത്/ഭൂമി സംബന്ധിച്ച രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ ഓണ്‍ലൈനായി അടയ്‌ക്കണം.
2. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനായി ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. കോന്നി /കോഴഞ്ചേരി താലൂക്കുകളുടെ NFSA ഗോഡൗണ്‍ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളുള്ള ഗോഡൗണുകള്‍ ആരംഭിക്കുന്നതെന്നും, ഗോഡൗണുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനം, വാഹനങ്ങളില്‍ ജിപിഎസ് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
3. മാനന്തവാടിയിൽ നടക്കുന്ന കാർഷിക യന്ത്രങ്ങളുടെ പ്രദർശന വിപണന മേള ഇന്ന് സമാപിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലിയാണ് മേള ഉദ്ഘാടനം ചെയ്തത്. വയനാടിന്റെ തനത് കാര്‍ഷിക ഉല്‍പ്പന്നങ്ങളും ആധുനിക കാർഷികോപകരണങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകൾ, ട്രാക്ടർ, ട്രില്ലർ, പമ്പുകൾ തുടങ്ങിയവയാണ് മേളയുടെ പ്രധാന ആകർഷണങ്ങൾ.
4. പപ്പായ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടി സൗദി അറേബ്യ. വാർഷിക ഉൽപാദനം 4.7 ടൺ ഉയർന്നതായി കൃഷി മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ കിഴക്കൻ മേഖലകളിലാണ് പ്രധാനമായും പപ്പായ കൃഷി ചെയ്യുന്നത്. ഹൈബ്രിഡ്, റെഡ്ബെല്ല, റെഡ് ലേഡി എന്നീ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. അതേസമയം, വാർഷിക ഇറക്കുമതി 571 ടൺ ആയി കുറഞ്ഞതായും മന്ത്രാലയം അറിയിച്ചു.
5. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകുന്നു. കേരളത്തിൽ ഈ മാസം 12 വരെ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും തന്നെ നൽകിയിട്ടില്ല. ന്യൂനമർദം മോക്ക ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പുണ്ട്.