കർണാടകയിൽ കൃത്രിമ നിറങ്ങൾ ചേർത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും വിൽപന ചെയ്യുന്നതിൽ വിലക്ക്. ശരീരത്തിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റെഡാമിൻ-ബി, ടാർട്രാസിൻ എന്നിവ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൂടുതൽ വാർത്തകൾ: 'കെ റൈസ്' മാർച്ച് 12ന്; ഒരു റേഷൻ കാർഡിന് പ്രതിമാസം 5 കിലോ അരി
ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ ഈ ഭക്ഷണസാധനങ്ങളിൽ ഹാനീകരമായ 107-ഓളം നിറങ്ങൾ ചേർക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. 171-ലധികം സാമ്പിളുകൾ പരിശോധന നടത്തിയിരുന്നു. ഇത്തരം ഭക്ഷണസാധനങ്ങൾ കൈവശം വയ്ക്കരുതെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി. എന്നാൽ ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി എന്നിവയുടെ വിൽപന പൂർണമായും നിരോധിക്കില്ല. കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്ന കടകൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.
വ്യക്തിക്ക് 7 വർഷം തടവും 10 ലക്ഷം രൂപ പിഴയും കൂടാതെ റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ഇതിനുമുമ്പ്, തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞിമിഠായി നിരോധിച്ചിട്ടുണ്ട്. പഞ്ഞിമിഠായിയിൽ ചേർക്കുന്ന റെഡാമിൻ-ബി വസ്ത്രങ്ങൾക്ക് നിറം കിട്ടാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്. അതേസമയം, പ്രകൃതിദത്തമായ പഞ്ഞിമിഠായി വിൽക്കുന്നതിൽ പ്രശ്നമില്ല.