എറണാകുളം: ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കുമെത്തിക്കുന്നതിലുള്ള വിടവുകള്‍ നികത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിഭാഗമാണ് ആശ പ്രവര്‍ത്തകരെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്. കളമശേരി രാജഗിരി കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ച ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
എല്ലാ രോഗികള്‍ക്കും നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി തിരിച്ചുപോകുക സാധ്യമല്ല. സാമ്പത്തിക പ്രശ്നങ്ങള്‍, അറിവില്ലായ്മ, വീട്ടിലെ സാഹചര്യം, ദൂരക്കൂടുതല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം പലരും രോഗം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ട്. വീട്ടിലെ തിരക്ക് മൂലം ചികിത്സ ലഭിക്കാത്തവരുമുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിലധികവും. ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കാത്തവരുണ്ട്. ഇത്തരത്തിലുള്ള വിടവ് നികത്താനും അവരിലേക്ക് ആരോഗ്യപ്രവര്‍ത്തനം എത്തിക്കാനും ഇന്ന് നിലവിലുള്ള ഏറ്റവും ശക്തമായ സംവിധാനമാണ് ആശ പ്രവര്‍ത്തകര്‍.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പുവരുത്താനും രോഗങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് എത്തിക്കാനുമായാണ് ഈ സംവിധാനം ആരംഭിച്ചത്. പോഷകാഹാരത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും കുട്ടികള്‍ക്ക് ഫുഡ് സപ്ലിമെന്റുകള്‍ നല്‍കാനും വാക്സിനേഷന്‍ ഉറപ്പുവരുത്താനും ആശ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് എന്ത് ജോലി ഏല്‍പ്പിച്ചാലും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ ആശ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു. പോലീസിന്റെയും പട്ടാളത്തിന്റെയും ജോലി പോലും കോവിഡ് സമയത്ത് ആശമാര്‍ ചെയ്തു. കോവിഡ് സമയത്ത് ഒറ്റപ്പെട്ട് പോയവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കെതിരേയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേയും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് മുന്‍നിര പോരാട്ടം നയിക്കാന്‍ ശക്തിയുള്ളവരാണ് ആശമാര്‍.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരുടെ സാന്നിധ്യം നിർണായകമാണ്: കേന്ദ്ര മന്ത്രി
ലോക കാന്‍സര്‍ ദിനം കൂടിയാണ് ഫെബ്രുവരി നാല്. ക്ലോസ് ദ കെയര്‍ ഗ്യാപ് അഥവ കാന്‍സര്‍ രോഗികള്‍ക്കുള്ള പരിചരണത്തിന്റെ വിടവ് നികത്തുക എന്നതാണ് ഇത്തവണത്തെ കാന്‍സര്‍ ദിന സന്ദേശം. ഈ സന്ദേശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകരെന്നും കളക്ടര്‍ പറഞ്ഞു.
ഏത് ദുരന്തത്തെയും അതിജീവിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് ആശ പ്രവര്‍ത്തകരുടെ കോവിഡ് കാലത്തെ സേവനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
ആശാപ്രവര്‍ത്തകര്‍ പങ്കെടുത്ത വിവിധ മത്സരങ്ങള്‍ നടന്നു. കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ പോസ്റ്റര്‍ പ്രകാശനം നടത്തി. പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് ചെറിയ യാത്രകള്‍ക്കായി സൈക്കിളുകള്‍ നല്‍കുന്ന ബീ ദ ചേഞ്ച് എന്ന ക്യാംപെയ്ന്റെ ഭാഗമായി അഞ്ച് സൈക്കിളുകളുടെ ഫ്ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തി. ആശ ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. രാജഗിരി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. എം.ഡി. സാജു, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എം.ജി. ശിവദാസ്, ഡെപ്യൂട്ടി ഡി എം. ഒ ഡോ. കെ. സവിത, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സി.എം. ശ്രീജ, ആര്‍ദ്രം മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. സി. രോഹിണി, ആശ കോ-ഓഡിനേറ്റര്‍ സജന സി. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.