കോട്ടയം: ഓണപൂക്കളം ഒരുക്കുവാനുള്ള പൂക്കൾക്കായി ബന്ദിപ്പൂ കൃഷി ആരംഭിച്ചിരിക്കുകയാണ് അതിരമ്പുഴ കുടുംബശ്രീയിലെ സി.ഡി.എസ് പ്രവർത്തകർ.
ബന്ധപ്പെട്ട വാർത്തകൾ: 150 രൂപ അടയ്‌ക്കൂ : 3 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളെ ആശ്രയിക്കാതെ നാട്ടിൽ സ്വന്തമായി കൃഷി ചെയ്യുന്ന പൂക്കളുടെ വിപണനമാണ് കുടുംബശ്രീ ലക്ഷ്യം വയ്ക്കുന്നത്. ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗ്ഗം കൂടി ലഭ്യമാക്കുകയാണു ലക്ഷ്യം. ആറാം വാർഡിൽ ആരംഭിച്ച ബന്ദി കൃഷി ഗ്രാമപഞ്ചായത്തിലെ മറ്റു വാർഡുകളിലേക്ക് കൂടി വിപുലീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലും അഞ്ച് സെന്റിലാണ് കൃഷി നടത്തുന്നത്. കൃഷിക്കായി കാടുകയറിക്കിടക്കുന്ന സ്ഥലങ്ങൾ കുടുംബശ്രീ പ്രവർത്തകർ തന്നെ വൃത്തിയാക്കിയെടുക്കും.
ബന്ദി കൃഷിപരിപാലനത്തെ പറ്റി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ക്ലാസുകൾ നൽകും.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ബന്ദി തൈകൾ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം അമൃത റോയി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫസീന സുധീർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷെബീന നിസാർ, വൈസ് ചെയർപേഴ്സൺ ബീന സണ്ണി, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജോമേഷ്,ഐശ്വര്യ, സി.ഡി.എസ് അംഗങ്ങളായ ലത രാജൻ, ശ്രീവിജയ, സൗമ്യ സുകേഷ്, കുമാരി തങ്കച്ചൻ എന്നിവർ പങ്കെടുത്തു.