അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രം വാണിജ്യാടിസ്ഥാനത്തില്‍ നിർമ്മിക്കുന്ന കസ്തൂരി മഞ്ഞള്‍ പൊടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. മന്‍മോഹന്‍ നിര്‍വഹിച്ചു. കേരള കാര്‍ഷിക സര്‍കലാശാല തോട്ട - സുഗന്ധവിള വിഭാഗം മുന്‍ മേധാവി ഡോ. ബി. കെ. ജയചന്ദ്രന്‍ ആദ്യ പാക്കറ്റ് ഏറ്റുവാങ്ങി. കൃഷി വകുപ്പിന്റെയും ആത്മ കേരളയുടെയും സഹകരണത്തോടെ കര്‍ഷകരെ ഏകോപിപ്പിച്ചാണ് സംരംഭം ആരംഭിച്ചത്.
കസ്തൂരി മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ..
സിഞ്ചിബരേസിയേ സസ്യ കുടുംബത്തില്‍പ്പെട്ട കുര്‍ക്കുമാ ആരോമേറ്റിക്ക എന്നറിയപ്പെടുന്ന കസ്തൂരിമഞ്ഞള്‍ ഇനമാണ് ഉത്പന്ന നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ കസ്തൂരിമഞ്ഞള്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, അവയുടെ ഔഷധ - സൗന്ദര്യവര്‍ദ്ധക ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സംരംഭം സഹായകമാകുമെന്ന് നെയ്യാറ്റിന്‍കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.സുനില്‍ പറഞ്ഞു.
ചർമ്മ സംരക്ഷണത്തിന് കസ്തൂരി മഞ്ഞൾ
വിപണിയില്‍ കസ്തൂരിമഞ്ഞള്‍ എന്ന പേരില്‍ വ്യാപകമായി വില്‍പന നടത്തുന്ന കുര്‍ക്കുമാ സെഡോറിയ (മഞ്ഞക്കൂവ) ഇനത്തിന്റെ ഉപയോഗം കുറച്ച്, ഗുണമേന്‍മയുള്ള കസ്തൂരിമഞ്ഞള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് അതിയന്നൂര്‍ കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ലക്ഷ്യം. ഉത്പന്ന നിര്‍മ്മാണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വീടുകളിലേക്കും മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നൂറുഗ്രാം തൂക്കമുള്ള ഒരു പാക്കറ്റിന് 200 രൂപയാണ് വില.