തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്‌കാരം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ വളരെയധികം പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ തളർന്നു പോകരുത്. രാത്രി ചെക്ക് പോസ്റ്റിൽ പോയി ഡ്യൂട്ടി എടുത്ത് രാവിലെ ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥരുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ സുരക്ഷാ രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയത് അഭിമാനകരമായ കാര്യമാണ്. ഒട്ടേറെ മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കാനായത്. എല്ലാ മേഖലകളിലും മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ് കേരളം. ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകണം. കമ്മീഷണർ മുതൽ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
പാഴ്സലുകളിൽ സമയവും തീയതിയും നിർബന്ധമാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. എല്ലാ പരിശോധനകളും ഓൺലൈനിലൂടെയാക്കാൻ തീരുമാനിച്ചു. പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനമാണിത്.
കേരളത്തിലെ മൂന്നു ലാബുകളും എൻഎബിഎൽ എഫ്എസ്എസ്എഐ ഇന്റഗ്രേറ്റഡ് അസ്സെസ്സ്മെന്റ് പൂർത്തിയാക്കി. കണ്ണൂർ ലാബും ഉടൻ ഇതിനുള്ള നടപടി പൂർത്തിയാക്കും. പത്തനംതിട്ട ലാബിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം അസ്സെസ്സ്മെന്റ് നടപടികൾ പൂർത്തിയാക്കും.
രാജ്യത്ത് ഏറ്റവുമധികം മില്ലറ്റ് മേളകൾ നടത്തിയതിനു പ്രത്യേക സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷനും കേരളം നേടി. ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വലിയ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങളെ ജീവിതശൈലീ രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ്.
ഹൈജീൻ റേറ്റിംഗ്, ഗ്രിവൻസ് പോർട്ടൽ, ഈറ്റ് റൈറ്റ് കേരള ആപ്പ്, ഈറ്റ് റൈറ്റ് സ്‌കൂൾ, ഈറ്റ് റൈറ്റ് ക്യാമ്പസ്, ആരാധനാലയങ്ങളുടെ സർട്ടിഫിക്കേഷൻ, മാർക്കറ്റുകളുടെ സർട്ടിഫിക്കേഷൻ, ഈറ്റ് റൈറ്റ് റെയിൽവേസ്റ്റേഷൻ, സേവ് ഫുഡ് ഷെയർ ഫുഡ്, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് തുടങ്ങിയ പദ്ധതികൾ വളരെ ഭംഗിയായി കേരളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ഡെപ്യൂട്ടി ഡയറക്ടർ (പി.എഫ്.എ) മഞ്ജുദേവി, ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാർ, അസി. കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.