ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫിലിം ഫെസ്റ്റിവലിൽ ‘വിശുദ്ധധാന്യത്തിന്റെ പ്രത്യാഗമനം’(Return of the Holy Grain) എന്ന ചിത്രം അവാർഡ് നേടി. 50,000 രൂപയുടേതാണ് അവാർഡ്. ‘ചെറുവയൽ രാമൻ എഫക്ട്’(Cheruvayal Raman Effect) എന്ന ഫിലം പ്രത്യേക ജൂറി പരാമർശം നേടി. ട്രോഫിയും പ്രശസ്തിപത്രവുമാണ് അവാർഡ്. വൈൽഡ് ലൈഫ് ഫിലിം മേക്കർ മൈക്ക് പാണ്ഡേയായിരുന്നു ജൂറി ചെയർമാൻ.
സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ജൈവവൈവിധ്യ കോൺക്ലേവ് സംഘടിപ്പിച്ച വീഡിയോ മത്സരത്തിൽ, അട്ടപ്പാടി കറുത്ത ആടിനെക്കുറിച്ച് ജി.എസ്.ഉണ്ണികൃഷ്ണൻ നായർ നിർമിച്ച ഫിലിം മികച്ചതായി തിരഞ്ഞെടുത്തു. 15,000 രൂപയുടേതാണ് അവാർഡ്.
റിട്ട. കൃഷി അഡീഷണൽ ഡയറക്ടറായ ജി.എസ്.ഉണ്ണികൃഷ്ണൻ നായർ, തിരുവനന്തപുരം ചെട്ടികുളങ്ങര സ്വദേശിയാണ്. വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫിലിം ഫെസ്റ്റിവലിന്റെ സമാപനത്തിൽ അമിതാഭ് ബച്ചൻ, ശേഖർ കപൂർ തുടങ്ങിയവർ പങ്കെടുത്തു. സയൻസ് ഫെസ്റ്റിവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാപനസമ്മേളനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമാണ് ഉദ്ഘാടനം ചെയ്തത്.