എറണാകുളം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടാനുബന്ധിച്ചു നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന രണ്ടുദിവസത്തെ കടല്‍ വിഭവ ഭക്ഷ്യ ഫെസ്റ്റിവലിനു തുടക്കമായി. ഫോര്‍ട്ട്കൊച്ചി പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന ഭക്ഷ്യ ഫെസ്റ്റ് കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായി.
ബന്ധപ്പെട്ട വാർത്തകൾ: ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
മത്സ്യബന്ധന തൊഴിലാളികൾക്ക് അവരുടെ വിഭവങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താൻ അവസരം ഒരുക്കിയ ഫിഷറീസ് വകുപ്പിന്റെ പ്രവർത്തനം അഭിനന്ദനമർഹിക്കുന്നതാണെന്ന് എം.എൽ.എ പറഞ്ഞു. ഇത്തരം വിഭവങ്ങൾ വിൽക്കുന്ന ഭക്ഷണ ശാലകൾക്ക് കൂടുതൽ വിപണി ലഭ്യമാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികൾക്ക് 'അറിവ്' നൽകാൻ ഫിഷറീസ് വകുപ്പ് ബോധവത്ക്കരണം സംഘടിപ്പിക്കും
സമീകൃത ആഹാരമായ മത്സ്യം കടലില്‍ പോയി പിടിച്ചു ജനങ്ങള്‍ക്കു നല്‍കുന്ന മത്സ്യ തൊഴിലാളികളുടെ സേവനം അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സുരക്ഷിതവും സമ്പന്നവുമായ ഭക്ഷണമെന്ന നിലയില്‍ കടല്‍ വിഭവങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തരം പരിപാടികള്‍ നടത്തുന്ന ഫിഷറീസ് വകുപ്പിനെ അഭിനന്ദിക്കുന്നതായും കളക്ടര്‍ പറഞ്ഞു.
കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫിഷറീസ് വകുപ്പിനു കീഴിലുള്ള സൊസൈറ്റിസ് ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍, മത്സ്യ ഫെഡ്, കേരള കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എന്നിവരുടെ സ്റ്റാളുകള്‍ ഭക്ഷ്യ മേളയിലുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 13.68 കോടി രൂപയുടെ പദ്ധതികള്‍; മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഫിഷറീസ് വകുപ്പ്
കൊച്ചി കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ റെനീഷ്, ഷീബ ലാല്‍, കൗണ്‍സിലര്‍ ബെന്‍ഡിക്ട് ഫെര്‍ണാണ്ടസ്, ഫിഷറീസ് വകുപ്പ് മധ്യമേഖല ജോ. ഡയറക്ടര്‍ എം. എസ് സാജു, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, മത്സ്യ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളായ ആന്റണി ഷീലന്‍, ക്ലീറ്റസ് പുന്നക്കല്‍, കെ.എസ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.