സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തി. വിശ്വഭാരതി സർവകലാശാലയിലെ ഗവേഷക സംഘമാണ് ബാക്ടീരിയയെ കണ്ടെത്തിയത്. സാഹിത്യ നൊബേൽ ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാർഥം പാന്തോയ ടാഗോറി (Pantoea Tagorei) എന്നാണ് ബാക്ടീരിയയ്ക്ക് പേര് നൽകിയിരിക്കുന്നത്. നെല്ല്, പയർ, മുളക് എന്നിവയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ സൂക്ഷ്മജീവിക്ക് സാധിക്കുമെന്ന് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മൈക്രോബയോളജിസ്റ്റും ഗവേഷണത്തിന് നേതൃത്വവും നൽകിയ ബോംബ ഡാം അറിയിച്ചു.
കൂടുതൽ വാർത്തകൾ: സ്മാം: കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാം
ജാർഖണ്ഡിലെ ഝരിയയിലുള്ള കൽക്കരി ഖനികളിലെ മണ്ണിൽ നിന്നാണ് ബാക്ടീരിയയെ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വളങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും, ഇതുമൂലം ചെലവ് കുറച്ച് ഉത്പാദനം കൂട്ടാനും ഈ ബാക്ടീരിയയെ ഉപയോഗിക്കാൻ സാധിക്കുമെന്നും അസോസിയേഷൻ ഓഫ് മൈക്രോബയോളജിസ്റ്റ് ഓഫ് ഇന്ത്യ (AMI) അറിയിച്ചു. കണ്ടുപിടിത്തത്തെ എഎംഐ ഔദ്യോഗികമായി ആംഗീകരിച്ചു.
രാജു ബിശ്വാസ്, അഭിജിത് മിശ്ര, പൂജ മുഖോപാധ്യായ, സന്ദീപ് ഘോഷ്, അഭിനവ് ചക്രവർത്തി എന്നിവരാണ് ഗവേഷക സംഘത്തിലെ അംഗങ്ങൾ. കാർഷിക മേഖലയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഈ പ്രത്യേകതരം ബാക്ടീരിയയ്ക്ക് സാധിക്കുമെന്ന് ഗവേഷക സംഘം പറയുന്നു.