ബാക്ടീരിയ ഉപയോഗിച്ച് കൊതുകുകളെ നിയന്ത്രിക്കാനുള്ള വിദ്യ കണ്ടുപിടിച്ച് ഐസിഎംആർ. ബാസിലസ് തുറിഞ്ചിയൻസിസ് ഇസ്രോയേലെൻസിസ് (ബിടിഐ സ്ട്രെയ്ൻ വിസിആർബി ബി - 17) എന്ന ബാക്ടീരിയയെയാണ് കൊതുകിനെ ചെറുക്കാൻ ഉപയോഗിക്കുന്നത്. കൊതുകുകളും സമാന സ്വഭാവമുള്ള പ്രാണികളും മൂലമുണ്ടാകുന്ന രോഗങ്ങൾ മൂലം 10 ലക്ഷത്തോളം പേർ പ്രതിവർഷം മരിക്കുന്നു എന്നാണ് ഐസിഎംആർ കണക്ക്. പകർച്ച വ്യാധികളുടെ 17 ശതമാനവും പ്രാണികൾ മൂലമാണ് ഉണ്ടാകുന്നത്. പുതുച്ചേരിയിലെ ഐസിഎംആർ ഗവേഷണ കേന്ദ്രമാണ് ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണക്രമത്തിൽ നിന്ന് ഇവ ഒരിക്കലും ഒഴിവാക്കരുത്
കൊതുകും ഈച്ചയും മാത്രം ലക്ഷ്യം
ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് പരിസ്ഥിതി സൗഹാർദപരമായ ഉപായമാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണ്ടെത്തിയിരിക്കുന്നത്. ഐസിഎംആറിന്റെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ (വിസിആർസി) വികസിപ്പിച്ചെടുത്ത ഈ ബാക്ടീരിയ കൊതുക്, ഈച്ച മുതലായവയെ നശിപ്പിക്കാൻ പ്രത്യേക കഴിവുണ്ട്. മറ്റ് പ്രാണികളെയോ ജിവികളെയോ ഇവ നശിപ്പിക്കാറില്ല.
കൊതുകോ ഈച്ചയോ ഈ ബാക്ടീരിയയെ അകത്താക്കിയാൽ വയറിനുള്ളിലെത്തിയ ബാക്ടീരിയ അവയെ നശിപ്പിക്കാൻ തുടങ്ങുന്നു. മണ്ണിനും ജലത്തിനും ദോഷകരമായ കീടനാശിനികളേക്കാൾ എന്തുകൊണ്ടും ഉപയോഗപ്രദമാണ് ഈ ബാക്ടീരിയ. മാത്രമല്ല കീടനാശിനികളേക്കാൾ വേഗത്തിൽ ഇവ കൊതുകുകളെ നശിപ്പിക്കുകയും ചെയ്യുന്നു. കീടനാശിനികൾ മനുഷ്യനും വളരെയധികം ദോഷകരമാണ്.
ബിടിഐ പോലുള്ള ജൈവമാർഗങ്ങൾ കൊതുകുകളുടെയും ഈച്ചകളുടെയും പ്രതിരോധ ശക്തിയെ വരെ തകർക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി നരേന്ദ്ര സിംഗ് തൊമാർ ഈ സാങ്കേതിക വിദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് ലിമിറ്റഡിന് കൈമാറിയിരുന്നു. ഈ ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ജൈവ കീടനാശിനി നിർമിക്കുന്നത് എച്ച്ഐഎൽ ആയിരിക്കും.
“ബിടിഐ ബാക്ടീരിയ കൊതുകിനെയും ബ്ലാക്ക്‌ഫ്ലൈ ലാർവകളെയും മാത്രമാണ് നശിപ്പിക്കുന്നത്. മറ്റ് പ്രാണികൾ, ജലജന്തുക്കൾ, സസ്തനികൾ എന്നിവയെ ഉപദ്രവിക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത.
ഫലപ്രാപ്തി അനുസരിച്ച് വെക്റ്റർ കൺട്രോൾ റിസർച്ച് സെന്റർ കണ്ടുപിടിച്ച ഈ സാങ്കേതിക ലോകാരോഗ്യ സംഘടനയുടെ സ്റ്റാൻഡേർഡ് ബാക്റ്റീരിയയ്ക്ക് തുല്യമാണ്. സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് ഓഫ് ഇന്ത്യ ഈ ബാക്ടീരിയയ ഇന്ത്യൻ സ്റ്റാൻഡേർഡ് സ്‌ട്രെയിൻ വിഭാഗത്തിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ 21 കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്”, ഐസിഎംആർ വെക്റ്റർ കൺട്രോൾ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അശ്വനി കുമാർ വിശദീകരിച്ചു.