1. ബാങ്ക് ഓഫ് ബറോഡയും HDFC ബാങ്കും ഇനി സ്പർശിന്റെ സേവനകേന്ദ്രങ്ങൾ. ഇടനിലക്കാരില്ലാതെ പെൻഷൻ നൽകുന്ന സിസ്റ്റം ഓഫ് പെൻഷൻ അഡ്മിനിസ്ട്രേഷന്റെ സേവനങ്ങൾ ഈ രണ്ട് ബാങ്കുകളിലൂടെ ലഭ്യമാകും. ഇതിന്റെ ഭാഗമായി ഇരുബാങ്കുകളും ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്‌മെന്റുമായി ധാരണ പത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീമതി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഇതോടെ ബാങ്ക് ഓഫ് ബറോഡയുടെ 7,900 ശാഖകളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 6,300 ശാഖകളും സേവന കേന്ദ്രങ്ങളാകും. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, ഇന്റർനെറ്റ് സൌകര്യം ലഭിക്കാത്തവർക്കും സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പെൻഷൻകാർക്ക് സേവന കേന്ദ്രങ്ങളിലേക്ക് സൗജന്യമായി പ്രവേശിക്കാൻ സൗകര്യമൊരുക്കും. പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബാഹ്യ ഇടനിലക്കാരില്ലാതെ തുക ലഭ്യമാക്കുന്ന ഒരു വെബ് അധിഷ്ഠിത സംവിധാനമാണ് സ്പർശ്.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീയുടെ ശർക്കരവരട്ടി വിതരണം ഇനി സപ്ലൈകോ വഴി..കൂടുതൽ കൃഷിവാർത്തകൾ
2. കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്കിൽ വിതരണം ചെയ്തത് പതിനായിരത്തിലധികം തെങ്ങിൻ തൈകൾ. നാളികേര ഉൽപാദനത്തില്‍ സംസ്ഥാനത്തെ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. 50 ശതമാനം സബ്സിഡി നിരക്കിൽ നാടൻ ഇനം, കുള്ളൻ ഇനം, ഹൈബ്രീഡ് എന്നീ ഇനങ്ങളുടെ തൈകൾ വിതരണം ചെയ്തു. മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ തൈകൾ വിതരണം ചെയ്തത്. പത്ത് വര്‍ഷം കൊണ്ട് രണ്ട് കോടി തെങ്ങിന്‍ തൈകള്‍ നട്ട് നാളികേര കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
3. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന നേട്ടം കൈവരിച്ച് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. സാങ്കേതിക സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പ്രയത്നത്തിലൂടെയാണ് 'ഡിജി പുല്ലമ്പാറ 'സാധ്യമായത്. 14 മുതല്‍ 65 വയസുവരെ ഉള്ളവർ പദ്ധതിയുടെ ഭാഗമായി.
15 വാര്‍ഡുകളിലായി മൂവായിരത്തിലധികം പേർക്ക് പരിശീലനം ലഭിച്ചു. സ്മാര്‍ട്ട് ഫോൺ ഉപയോഗം, വാട്ട്സാപ്പ് ഉപയോഗം, വീഡിയോ കോള്‍, ഓഡിയോ കോള്‍, ഫോട്ടോ വീഡിയോ ഡൗൺലോഡിംഗ്, യൂട്യൂബ്- ഫെയ്സ്ബുക്ക് പരിചയപ്പെടുത്തല്‍, ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ല്‍സ് മനസിലാക്കല്‍ എന്നിവയായിരുന്നു പ്രധാന പഠന വിഷയങ്ങൾ.
4. ആറേക്കർ നെൽപാടത്ത് നൂറുമേനി വിളവ് കൊയ്ത് നാട്ടിക. നാട്ടിക ഗ്രാമപഞ്ചായത്തും തളിക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൊയ്ത്തുത്സവം സംഘടിച്ചത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. റെഡ് ത്രിവേണിയും, ജ്യോതി ഇനം നെൽവിത്തുമാണ് കൃഷി ചെയ്തത്. ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു.
5. ആലത്തൂരില്‍ നാട്ടുചന്തയ്ക്ക് തുടക്കം. കൃഷിഭവന്റെ സഹകരണത്തോടെ നിറ കാര്‍ഷിക ഉൽപാദന വിപണന സമിതിയുടെ നേതൃത്വത്തിലാണ് ചന്തക്ക് തുടക്കമായത്. പ്രാദേശിക കാര്‍ഷിക വിഭവങ്ങളുടെ കൈമാറ്റം, കര്‍ഷകര്‍ക്ക് ന്യായവില , ഇടനിലക്കാരില്ലാതെയുള്ള വിപണനം എന്നിവയാണ് നാട്ടുചന്തയിലൂടെ ലക്ഷ്യമിടുന്നത്. ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം എല്ലാ തിങ്കളാഴ്ചയും രാവിലെ 9.30 മുതല്‍ നാട്ടുചന്ത പ്രവര്‍ത്തിക്കും. ആലത്തൂരിലെയും പരിസരപ്രദേശത്തെയും കര്‍ഷകര്‍ക്ക് പുറമെ വി.എഫ്.പി.സി.കെ. കര്‍ഷകരുടെ ഉൽപന്നങ്ങളും നാട്ടുചന്തയില്‍ ലഭ്യമാകും.
6. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി, ചടയമംഗലം സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10 മണിയ്ക്ക് ശിൽപശാല നടക്കും. ഉരുൾപ്പൊട്ടൽ സാധ്യതയും പ്രതിരോധവും, പ്രകൃതി വിഭവ പരിപാലനം, കാലാവസ്ഥാ വ്യതിയാനവും കൃഷിയും എന്നീ വിഷയങ്ങളിൽ പരിശീലന ക്ലാസുകളും നടക്കും.
7. കോവിഡ് പ്രതിസന്ധിയ്ക്കിടെ നഷ്ടത്തിലായ കേരള അഗ്രോ മെഷിനറി കോർപറേഷൻ തിരിച്ചു കൊണ്ടുവരുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. അത്താണി കാംകോ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാംകോ നിർമിത ഉൽപന്നങ്ങളുടെ ഗുണമേന്മ മറ്റൊരു കമ്പനിയ്ക്കും നൽകാൻ സാധിക്കില്ലെന്നും ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ കാംകോ വഴി നിർമിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
8. പത്തനംതിട്ടയിലെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫ് നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയിലൂടെയാണ് ധനസഹായം നൽകുന്നത്. ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാൻ താൽപര്യമുള്ള വനിതാ ഗ്രൂപ്പുകൾക്ക് അപേക്ഷ നൽകാം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
20നും 40നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന വനിതാ ഗ്രൂപ്പുകൾക്ക് സഹായം ലഭിക്കും. ട്രാന്‍സ്ജെൻഡർ, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നീ അപേക്ഷകരുടെ പ്രായപരിധി 50 വയസ് വരെയാണ്. സാഫില്‍ നിന്നും മുമ്പ് ധനസഹായം ലഭിച്ചവർ അപേക്ഷ നൽകരുത്. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 30നകം സമര്‍പ്പിക്കണം.
9. ഗ്ലോബോയിൽ ഇന്ത്യ 2022ന് ഡൽഹിയിൽ തുടക്കം. ലോകത്തിലെ പ്രമുഖ എഡിബിൾ ഓയിൽസ് ആൻഡ് ട്രേഡ് കോൺഫറൻസും, പ്രദർശനവും, അവാർഡ് ദാനവുമാണ് ആഗ്രയിലെ താജ് കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. 50 രാജ്യങ്ങളിൽ നിന്നും 1,500 പ്രതിനിധികളും 100ലധികം പ്രദർശകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഗ്ലോബോയിൽ ഇന്ത്യയുടെ 25-ാം വാർഷിക ആഘോഷവും ഇത്തവണ നടക്കും. പരിപാടിയിൽ കൃഷി ജാഗരണും പങ്കാളിയായി.
10. കാർഷിക മാലിന്യം സംസ്കരിക്കാൻ ജൈവലായിനി പ്രയോഗിക്കാനൊരുങ്ങി ഡൽഹി സർക്കാർ. തണുപ്പുകാലത്തെ വായുമലിനീകരണം തടയാനുള്ള നടപടികളുടെ ഭാഗമായാണിത്. ഡൽഹിയിലെ 5,000 ഏക്കർ കൃഷിയിടങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ച പൂസ എന്ന ജൈവലായിനി തളിക്കും. അവശിഷ്ടങ്ങളെ 20 ദിവസത്തിനുള്ളിൽ വളമാക്കി മാറ്റാൻ ലായിനിക്ക് സാധിക്കും. ഡൽഹിയിൽ സൗജന്യമായാണ് ജൈവലായിനി പ്രയോഗം നടത്തുക.
11. കാലവർഷം പിൻവാങ്ങുന്നു. രാജസ്ഥാനിൽ നിന്നാണ് കാലവർഷം പിൻവാങ്ങാൻ തുടങ്ങിയത്. സംസ്ഥാനത്ത് 11 ശതമാനം കുറവ് മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും ആലപ്പുഴയിലും ശരാശരി മഴയേക്കാൾ 20 ശതമാനം കുറവ് മഴ ലഭിച്ചു. സാധാരണ പിൻവാങ്ങുന്നതിൽ നിന്നും മൂന്ന് ദിവസം വൈകിയാണ് മഴ പിൻവാങ്ങിയത്. എന്നാൽ മൂന്ന് ദിവസം നേരത്തെ കാലവർഷം തുടങ്ങിയിരുന്നു.