നടപ്പുസാമ്പത്തിക വര്‍ഷം 2022 ഡിസംബറില്‍ അവസാനിച്ചപ്പോൾ ഇടുക്കിയിലെ ബാങ്കുകള്‍ വിതരണം ചെയ്തത് 6,777.51 കോടി രൂപയുടെ വായ്പ. 5,205.31 കോടി രൂപ മുന്‍ഗണന വിഭാഗത്തിനാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 3,713.68 കോടി രൂപ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 1,069.69 കോടി രൂപ, ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടെ 421.94 കോടി രൂപ, മുന്‍ഗണനേതര വായ്പകള്‍ക്ക് 1,572.20 കോടി രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
കൂടുതൽ വാർത്തകൾ: ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കും...കൂടുതൽ വാർത്തകൾ
2022 ഡിസംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 10,485.81 കോടി രൂപയും മൊത്തം വായ്പ 14,060.98 കോടി രൂപയും ആണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 134.10 ശതമാനം എന്നത് സംസ്ഥാനത്തുതന്നെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗമാണ് വസ്തുതകള്‍ വിശകലനം ചെയ്തത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ വായ്പ നയം ഡെപ്യൂട്ടി ജില്ലാ കളക്ടര്‍ ജോളി ജോസഫ് പ്രകാശനം ചെയ്തു.
തൊടുപുഴ പേള്‍ റോയല്‍ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ കളക്ടര്‍ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം മേഖല ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് സിജോ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് പി ബാങ്കുകളുടെ ആകെയുള്ള പ്രവര്‍ത്തനങ്ങളെയും നബാര്‍ഡ് ഡിഡിഎം അജീഷ് ബാലു കാര്‍ഷിക മേഖലയില്‍ ബാങ്കുകള്‍ നല്‍കിയ വായ്പകളെ കുറിച്ചും അവലോകനം നടത്തി. 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ വായ്പ നയം ഡെപ്യൂട്ടി ജില്ലാ കളക്ടര്‍ ജോളി ജോസഫ് പുറത്തിറക്കി.
അടുത്ത സാമ്പത്തിക വര്‍ഷം ആകെ 9836.85 കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതില്‍ 7871.61 കോടി രൂപ മുന്‍ഗണന വിഭാഗത്തിലാണ്. കാര്‍ഷിക മേഖലയില്‍ 5575.44 കോടി രൂപയും, വ്യവസായ മേഖലയില്‍ 1403.97 കോടി രൂപയും, മറ്റ് മുന്‍ഗണന വിഭാഗത്തില്‍ 892.20 കോടി രൂപയും, മുന്‍ഗണനേതര വായ്പ വിഭാഗത്തില്‍ 1965.24 കോടി രൂപയും വിതരണം ചെയ്യാനാണ് പദ്ധതി. യോഗത്തില്‍ ഇടുക്കി ജില്ലാ ലീഡ് ബാങ്ക്മാനേജര്‍ രാജഗോപാലന്‍, യൂണിയന്‍ ആര്‍സെറ്റി ഡയറക്ടര്‍ നിജാസ് ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാ മേധാവികള്‍, ബാങ്ക് മേധാവികള്‍, ആര്‍സെറ്റി ഡയറക്ടര്‍ എന്നിവര്‍ സംസാരിച്ചു.