ശക്തമായ കാറ്റില്‍ വീണ് വാഴകളെ രക്ഷിക്കാന്‍ വഴി കണ്ടുപിടിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല. പോര്‍ട്ടബിള്‍ അഗ്രിക്കള്‍ച്ചറല്‍ നെറ്റ്വര്‍ക്ക് സിസ്റ്റം വികസിപ്പിച്ച് പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് കുസാറ്റ്.വാഴ പോലെ ബലം കുറഞ്ഞ തടിയുള്ള കൃഷിയിനങ്ങളെ പോര്‍ട്ടബിള്‍ അഗ്രിക്കള്‍ച്ചറല്‍ നെറ്റ്വര്‍ക്ക് സിസ്റ്റത്തിലൂടെ സംരക്ഷിക്കാം. ഉരുക്ക് ദണ്ഡുകളും, ക്ലാബുകളും ഉപയോഗിച്ച് കോണ്‍ക്രീറ്റ് നങ്കൂരം, പിന്നെ, വാഴയുടെ വണ്ണത്തിന് അനുസരിച്ച് ക്രമീകരിക്കാവുന്ന കോളര്‍ ബെല്‍റ്റ്. പാഴ് വസ്തുക്കളില്‍ നിന്നാണ് ഈ കോളര്‍ ബെല്‍റ്റ് ഉണ്ടാക്കുന്നത്. വാഴകള്‍ തമ്മിലും, നങ്കൂരത്തിലേക്കും വലിച്ചു കെട്ടുന്നതിന് നാരുകള്‍ എന്നിവയാണ് പോര്‍ട്ടബിള്‍ നെറ്റ്വര്‍ക്ക് സിസ്റ്റത്തിന് വേണ്ടത്. കോണ്‍ഗ്രീറ്റ് അടിത്തറയില്‍ ജിഐ പൈപ്പുകള്‍ ഉറപ്പിച്ച് അവയില്‍ നിന്ന് ഓരോ വാഴയിലേക്കും വളയങ്ങളും, വഴങ്ങുന്ന വസ്തുകൊണ്ടുണ്ടാക്കിയ ചരടുകളും ബന്ധിപ്പിക്കുന്നു. ഒരു തോട്ടത്തില്‍ ഉപയോഗിച്ച ഈ സംരക്ഷണ ശൃംഖല അവിടെ തന്നെയോ, മറ്റൊരു തോട്ടത്തിലോ വീണ്ടും ഉപയോഗിക്കാം.
കുസാറ്റ് അന്തരീക്ഷ ശാസ്ത്ര വിഭാഗത്തിന്റെ സഹായത്തോടെ കൊച്ചിയില്‍ വീശാന്‍ സാധ്യതയുള്ള കാറ്റിന്റെ കണക്ക് കണ്ടെത്തി. അതിന് ശേഷം സംരക്ഷണ ശ്രേണിക്ക് വേണ്ട ചരടുകള്‍ വാഴപ്പോളയില്‍ നിന്ന് വികസിപ്പിച്ച് പോളിമര്‍ ടെക്‌നോളജി ലാബില്‍ പരിശോധിച്ചു. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആന്‍സിസ് സോഫ്റ്റ്വയറിന്റെ സഹായത്തോടെ കംപ്യൂട്ടറില്‍ വിവിധ സംരക്ഷണാ ശൃംഖല മാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയും അവയുടെ ഉറപ്പ് വിലയിരുത്തുകയും ചെയ്തു. ശേഷം പേറ്റന്റിന് അപേക്ഷിച്ചു. സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് ഐടി വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ എം ബി സന്തോഷ് കുമാര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വകുപ്പിലെ പ്രൊഫസര്‍ ബി കണ്ണന്‍, പുളിങ്കുന്ന് എഞ്ചിനിയറിംഗ് കോളെജ് പ്രിന്‍്‌സിപ്പല്‍ ഡോ എന്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.