വടകരയുടെ പാട്ടുകാരൻ !
കൃഷ്‌ണദാസിൻറെ ഓർമ്മദിനം ഇന്ന്
ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും കമ്യുണിസം പിച്ചവെച്ച്തുടങ്ങുന്നകാലം .തളിരുകൾ ചുകന്നും തുടുത്തും വളർന്ന് പടർന്നുതുടങ്ങിയ ആദ്യകാലം .
ഏകദേശം അറുപത്തിയഞ്ച് വർഷങ്ങളിലേറെ മുൻപ് .
പ്രദേശത്തെ കമ്യുണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങളുടെ വിളംബരങ്ങൾ കല്ലച്ചിൽ അച്ചടിക്കുന്ന ചെറിയ നോട്ടീസുകൾക്ക് പുറമെ രാത്രികാലങ്ങളിൽ മെഗാഫോണിലൂടെ വിളിച്ചുപറയുമായിരുന്നു .
ഇടവഴികളിലൂടെ നടന്നും ഉയരമുള്ള സ്ഥങ്ങളിൽ കയറിനിന്നുമൊക്കെയായിരിക്കും കൊടക്കാട്ട് നാണുവേട്ടനെപ്പോലുള്ളവരുടെ മെഗാഫോൺ വിളികൾ കാതിലെത്തുക .
കൂട്ടത്തിൽ കേൾക്കാം കുട്ടികളായ ഞങ്ങൾക്ക് രസകരമായി തോന്നിയ ചില അറിയിപ്പുകൾ കൂടി . '' സമ്മേളനത്തിൽ ഉച്ചഭാഷിണി ഉണ്ടായിരിക്കും ,കെ കെ കൃഷ്‌ണൻറെ ഗാനങ്ങളും ഉണ്ടാകും ''
പെട്രോ മാക്സുകൾ സ്റ്റേജിൽ രണ്ടു വശങ്ങളിലും കെട്ടിത്തൂക്കിക്കൊണ്ടായിരുന്നു പല മീറ്റിങ്ങുകളും പരിപാടികളും അക്കാലങ്ങളിൽ നടക്കുക .
അലങ്കാരത്തിനായി കുരുത്തോലയിൽ കൊരുത്ത ചുകന്ന ചെമ്പരത്തിപ്പൂക്കളും കവുങ്ങിൻ പൂക്കുലകളും .ഒപ്പം ഈന്തിൻപട്ട കൊണ്ടുള്ള കമാനങ്ങളും ,വർണ്ണക്കടലാസ്സ് തോരണങ്ങൾ വേറേയും . ചുവന്ന വർണ്ണക്കടലാസ്സുകൾ അളവൊപ്പിച്ച് മുറിച്ചെടുത്ത് തയ്യൽമെഷ്യനിൽ ചുരുക്കിട്ടനിലയിൽ തയ്‌ച്ചെടുക്കുന്നതിൽ ഏറെ മിടുക്കനായിരുന്നു മുക്കാളിയിലെ ഇ എം ബാലൻ മേസ്‌തിരി എന്ന കമ്യുണിസ്റ്റ്കാരൻ .
അരിവാളും ചുറ്റികയും വെള്ളത്തുണിയിൽ വരച്ചെടുത്ത് വെട്ടിയെടുത്ത് ചുകന്ന തുണിയിൽ തുന്നിച്ചേർത്ത് ചെങ്കൊടി നിർമ്മിക്കുന്നതിലും അക്കാലത്തെ അതിവിദഗ്ദ്ധൻ .
പെട്രോമാക്‌സിൽ കാറ്റ് കുറഞ്ഞാൽ കാറ്റടിച്ചുകൊടുക്കാൻ പ്രത്യേകം വളണ്ടിയർമാരെപ്പോലെ ചിലആളുകൾ കാണും സമ്മേളന സ്ഥലത്ത് .
ആൾക്കൂട്ടത്തിൽനിന്ന് പെട്രോമാക്സിൽ കാറ്റടിച്ചുകൊടുക്കുന്നത് ഒരുമഹാ വിദ്യപോലെ കരുതിയ ചിലർക്കത് വലിയ കാര്യമായിരുന്നു .
അതുപോലെ കർട്ടൻ വലിച്ചുകൊടുക്കാൻ സ്‌റ്റേജിന്റെ രണ്ടു വശങ്ങളിലും രണ്ടുപേർ കാണും . ജന്മനാ കാഴ്‌ചവൈകല്യമുള്ള കെ കെ കൃഷ്ണനെ ഞാൻ ആദ്യമായികണ്ടത് എന്റെ അച്ഛൻറെ മുക്കാളിയിലെ ആയുർവ്വേദ ഷോപ്പിൻറെ തൊട്ടടുത്ത കടയായ ഗോപാലേട്ടന്റെ ചുരുട്ട് നിർമ്മിക്കുന്ന പീടികക്കുമപ്പുറത്തുള്ള കുഞ്ഞിക്കണ്ണൻ എന്നവരുടെ ബാർബ്ബർ ഷോപ്പിൽ നിന്ന് .
വെറുതെ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ ചിലപാട്ടുകൾ കൃഷ്ണൻ പാടിത്തന്നു .ബലികുടീരങ്ങളെ ,പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ എന്നൊക്കയുള്ള പാട്ടുകൾ താളംപിടിക്കാൻ കയ്യിലൊരു തീപ്പെട്ടിക്കൂട് .അൽപ്പം തലയുയർത്തി മുകളിലേയ്ക്ക് ചരിഞ്ഞനോട്ടം.
ജന്മനാ ഉള്ള കാഴ്ച്ച വൈകല്യം കൊണ്ടാണെന്ന് പിന്നീടാണ് മനസ്സിലായത് .
മുക്കാളിയിലെ അന്നത്തെ പ്രമുഖ ചായക്കടയായ ചായക്കാരൻ ചോയിഎന്നവരുടെ ചായക്കടയിൽ കൂട്ടിക്കൊണ്ടുപോയി .കൃഷ്ണനോടൊപ്പം ചായയും പലഹാരങ്ങളും പങ്കിട്ടതും വർഷണങ്ങളേറെ കഴിഞ്ഞെങ്കിലും ഞാൻ മറന്നിട്ടില്ല .
വർഷങ്ങൾക്ക് ശേഷം മടപ്പള്ളിയിൽ പഠിക്കാൻ തുടങ്ങിയ കാലങ്ങളിലും കൃഷ്ണദാസും മധു മടപ്പള്ളിയുമായൊക്കെ ഏറെ അടുപ്പത്തിലുമായിരുന്നു . ഇവർ രണ്ടുപേരും ഇന്നില്ലാതെ പോയി.
അഞ്ചുവർഷങ്ങൾക്ക് മുൻപ് കൃത്യമായിപ്പറഞ്ഞാൽ 2016 സപ്തംബർ 8 ന് നിലക്കാത്ത ശോകഗാനമായിതീർന്നു വടകരക്കാരുടെ പ്രിയ ഗായകൻ കൃഷ്‌ണദാസ് വടകര.
പാണൻപാട്ടും നാട്ടിപ്പാട്ടും അങ്കത്തട്ടും ,വടക്കൻപാട്ടും പോരാട്ടവീര്യമുള്ള പടക്കുറുപ്പന്മാരുടെ വീരകഥകളും മറ്റും കേട്ടുവളർന്ന കടത്തനാട്ടുകാരുടെ അഥവാ വടകരക്കാരുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന ആയിരക്കണക്കിന് പാട്ടുകൾ ആസ്വാദക മനസ്സുകളിൽ നട്ടുവെച്ചുകൊണ്ടാണ് കൃഷ്ണദാസ് എന്ന അതുല്യ പ്രതിഭ കടന്നുപോയത് .എന്നെന്നേയ്ക്കുമായി. നിത്യവിസ്‌മൃതിയുടെ കാണാക്കയങ്ങളിലേയ്‌ക്ക്.
കമ്യുണിസ്റ്റ് പാട്ടുകാരൻ ,മാപ്പിളപ്പാട്ടുകാരൻ ,ഓത്തുപള്ളിയുടെ പാട്ടുകാരൻ ,വടകരക്കാരുടെ പാട്ടുകാരൻ,സംഗീതത്തിന്റെ കണ്ണാടിക്കൂട് ,സ്വരഗംഗയിലെ ഏകാകി ,ജനപ്രിയ വിപ്ലവഗായകൻ ,കാലാതീതമായ ഇശലുകളുടെ രാജാവ് തുടങ്ങി എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ കൃഷ്‌ണദാസിന് മാത്രം സ്വന്തം !
പാർട്ടി മീറ്റിങ്ങുകളിൽ പാട്ടുപാടി ആളെക്കൂട്ടി ,പാട്ടുപാടി വോട്ടുപിടിച്ചു ,പാർട്ടിയോടൊപ്പം നടന്നു.ഒപ്പം പാർട്ടിക്കുവേണ്ടി ജീവിച്ചു .
നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി എന്നൊരു നാടകമുണ്ടായിരുന്നു .തോപ്പിൽ ഭാസിയുടെ .
'' നിങ്ങളെന്നെ പാട്ടുകാരനാക്കി '' എന്നായിരുന്നു ഒരു നേരമ്പോക്കുപോലെ കൃഷ്‌ണദാസിന്റെ ഭാഷ്യം .
കമ്യുണിസ്റ് പാർട്ടിയുടെ മീറ്റിങ്ങുകൾ എവിടെയുണ്ടോ കൃഷ്ണദാസിന്റെ സാന്നിധ്യം അവിടെ കാണും ,നേതാക്കന്മാർ വേദിയിലെത്തുന്നതിന് മുൻപേ ആളുകൾ മുഷിഞ്ഞിരിക്കാതിരിക്കാൻ കൃഷ്ണദാസ് സ്റ്റേജിൽ കയറി മൈക്കെടുക്കും .ചിലപ്പോൾ കർട്ടന് പുറകിൽ ,അല്ലെങ്കിൽ മുൻപിൽ .
'ഒഞ്ചിയത്തിൻറെ ഓമനയാം മണ്ടോടിക്കണ്ണൻ '--ഈ ഒരുപാട്ട് പാടാത്ത വേദികളില്ല .ഒഞ്ചിയത്തും പരിസരങ്ങളിലുമുള്ളപല വേദികളിലും ഈ പാട്ടുപാടിക്കേട്ട അക്കാലത്തെ നാട്ടുമ്പുറത്തെ ചില അമ്മമാർ കണ്ണീരണിഞ്ഞതും എന്റെ ഓർമ്മക്കാഴ്ചകളിലുണ്ട്.
ഒരു പക്ഷെ മണ്ടോടി കണ്ണനെന്ന സഖാവിനെ അടുത്തറിയുന്നവരാകാം അന്ന് നൊമ്പരപ്പെട്ട് കരഞ്ഞത് .
ഒഞ്ചിയം രക്തസാക്ഷികളെക്കുറിച്ചുള്ള പാട്ടുകൾ പാടിയ വേദികളിൽ ആളുകൾ സമ്മാനമായി പാട്ടുകാരൻറെ കാൽച്ചുവട്ടിൽ നോട്ടുകൾ കൊണ്ടിടുന്നത് ഞാൻ കണ്ടിട്ടുണ്ട്.അക്കാലത്തെ ഒരു രൂപ നോട്ടിനും ഏറെ വിലയുള്ള കാലം ,
അക്കാലങ്ങളിൽ നാട്ടിൽ പാട്ടുകാർ നന്നേകുറവു .കണ്ണൂക്കരയിലെ ലോറൻസ് മാഷ് കൃഷ്ണദാസിനെപ്പോലെതന്നെ കമ്യുണിസ്റ്റ് പാർട്ടി മീറ്റിങ്ങുകളിലെ മറ്റൊരു നിറസ്സാന്നിധ്യമായിരുന്നു.
ശബ്‌ദാനുകരണവും മോണോആക്റ്റുമായി നർമ്മത്തിന്റെ തമ്പുരാനായി വെള്ളൂർ പി രാഘവൻ എന്നൊരാളും അക്കാലങ്ങളിലെ നാട്ടുമ്പുറങ്ങളിലെപല പൊതുപരിപാടികളിലു ജനപ്രിയൻ .
വടകരയിൽ നടന്ന ചെറുശ്ശേരി കാവ്യോത്സവത്തിൻറെ മികവുറ്റ സംഗീതാവിഷ്‌ക്കാര നിർവ്വഹണത്തിൻറെ പേരിൽ സ്ഥലത്തെ മഹാപണ്ഡിതനും സംസ്‌കൃതത്തിൽ അഗാധപരിജ്ഞാനവുമുള്ള കാവിൽ പി രാമൻ പണിക്കർ ഉള്ളിലുണർന്ന സന്തോഷം പങ്കുവെച്ചത് കൃഷ്‌ണൻ എന്ന പാട്ടുകാരനെ ''വടകര കൃഷ്‌ണദാസ് '' എന്ന് പേരിട്ടുകൊണ്ടായിരുന്നു .അതൊരു നിമിത്തം .ശുഭാരംഭം.
അന്ന് മുതലാണ് മടപ്പള്ളിയിലെ പാട്ടുകാരൻ കൃഷ്‌ണൻ വടകര കൃഷ്ണദാസ് ആയി മാറിയത് .
വടക്കേ മലബാറിലെ മലയാളികൾ ജാതിമതഭേധമില്ലാതെ ഏറെ ഗൃഹാതുരത്വത്തോടെ കാതോർത്തിരുന്ന ഗാനമായിരുന്നു -'ഓത്തുപള്ളിയിലന്നു നമ്മൾ പോയിരുന്നകാലം '.
വടകരക്കാരുടെ പ്രിയ കവി പി ടി അബ്‌ദുറഹിമാൻ രചിച്ച ഈ ഗാനം മലയാളത്തിലെ പ്രശസ്തരായ ഒട്ടുമുക്കാൽ ഗായികാ ഗായകന്മാർ പല കാലങ്ങളിലായി പാടിയിട്ടുണ്ട് .ഉമ്പായി ,ഷഹബാസ് തുടങ്ങിയ ഗസൽ ഗായകന്മാർ വേറെയും .
ഈ ഗാനത്തിന് ആദ്യമായി ഈണം പകർന്നതാകട്ടെ കൃഷ്‌ണദാസ് എന്ന സംഗീതജ്ഞൻ .പിൽക്കാലത്ത് തേൻതുള്ളി എന്ന സിനിമയ്ക്കുവേണ്ടി ഓത്തുപള്ളിയിൽ എന്ന ഗാമനമാലപിച്ചത് പ്രമുഖ കവിയും അദ്ധ്യാപകനുമായ വി ടി കുമാരൻ മാസ്റ്ററുടെ മകനും കൃഷ്‌ണദാസിന്റെ പ്രിയ ശിഷ്യനുമായ ഗായകൻ വി. ടി. മുരളി .
ഒന്നുമില്ലായ്‌മയിൽനിന്ന് പ്രശസ്‌തിയുടെ പടവുകൾ അടിവെച്ചടിവെച്ച് ചവിട്ടിക്കടന്നുപോകാൻ സഹായിച്ചവരിൽ ഗുരുസ്ഥാനീയനായി വി ടി കുമാരൻ മാസ്റ്ററെ കൃതജ്ഞതാപൂർവ്വം സദാ ഓർക്കുന്നതും കൃഷ്‌ണദാസിന്റെ ശീലം .
തുടക്കത്തിൽ കൃഷ്ണദാസ് സംഗീതം പഠിക്കാൻ പോയത് തട്ടോളിക്കരയിലെ കേളപ്പൻ ഗുരുക്കൾ . പിന്നീട് തലശ്ശേരിയിലെ സദാശിവൻ ഭാഗവതർ ,കണ്ണൂർ പള്ളിക്കുന്നിലെ കൃഷ്‌ണൻ ഭാഗവതർ തുടങ്ങി എത്രയോപേർ . എത്രയോ നാഴികകൾ നടന്നുപോയായിരുന്നു ഗുരുക്കന്മാരുടെ വീടുകളിലെത്തിയിരുന്നതെന്ന് മുൻപെപ്പോഴോ കൃഷ്ണദാസ് പറഞ്ഞതോർക്കുന്നു . ശാസ്ത്രീയമായി സംഗീതം പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും പ്രേരിപ്പിച്ചതും മടപ്പള്ളിയിലെ കവി വി ടി കുമാരൻ മാസ്റ്റർ.
വി ടി കുമാരൻ മാസ്റ്റർ ,പി ടി അബ്‌ദുറഹിമാൻ ,പി.ഭാസ്‌കരൻ ,കൈതപ്രം, പി കെ ഗോപി തുടങ്ങിയ എത്രയോ പ്രശസ്‌തരുടെ വരികൾക്ക് ഈണംപകരാനും അസുലഭ ഭാഗ്യം കൈവന്ന സംഗീതജ്ഞൻ കൂടിയായിരുന്നു വടകരക്കാരുടെ ഈ പാട്ടുകാരൻ .കാഥികൻ വാസുദേവൻ കണ്ണൂക്കരയെപ്പോലുള്ളവരുടെ കഥാപ്രസംഗവേദിയിലും ഹാർമ്മോണിയവുമായി കൃഷ്ണദാസ് കാണും .
ജന്മവാസനാവൈഭവത്തിൻറെ പിൻബലത്തിൽ വെള്ളിക്കുളങ്ങരയിൽ നടന്ന കമ്യുണിസ്റ്റ് പാർട്ടിയുടെ പൊതുവേദിയിൽ കയറി ആദ്യമായി പാട്ടുപാടിയ കാലത്ത് കൃഷ്‌ണൻ എന്ന കുട്ടിക്ക് പ്രായം അഞ്ച് വയസ്സ് !
പിൽക്കാലങ്ങളിൽ അവിഭക്ത കമ്യുണിസ്റ് പാർട്ടിയുടെ പ്രദേശത്തെ ഒട്ടുമുക്കാൽ പൊതുപരിപാടികളുടെ വേദികളിലെല്ലാം പാട്ടുകാരനായെത്തിയിരുന്ന കൃഷ്ണദാസിന് ശാസ്ത്രീയസംഗീതത്തിൽ ചുവടുറപ്പിക്കാൻ നിർബ്ബന്ധ പ്രേരണയോടെ പ്രോത്സാഹനം നൽകിയ, വി ടി കുമാരൻ മാസ്റ്ററെ അളവറ്റ ആദരവോടും ഭക്തിയോടെയുമായിരുന്നു അവസാന നിമിഷം വരെ കൃഷ്ണദാസ് നോക്കിക്കണ്ടത് .
തിരുവനന്തപുരം കലാനിലയത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീത സംവിധാനത്തിൽ പാട്ടരങ്ങുകളിലെ നിറസ്സാന്നിധ്യമായിമാറിയ ഈ വടകരക്കാരൻ വള്ളിക്കാട് ഹിരണ്യ തീയേറ്റേഴ്‌സിന്റെ നാടകമടക്കം ഇരുപതിലേറെ നാടകങ്ങൾക്കായി മുന്നൂറിലേറെ ഗാനങ്ങൾക്ക് സംഗീതം പകർന്നതായാണറിവ് .വടകര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'വരദ 'യുടെയും മുഖ്യസഹകാരി .
ആകാശവാണിയിലൂടെ അനേകം ഗാനങ്ങൾ ശ്രോതാക്കളിലെത്തിച്ച ഇദ്ദേഹത്തിന്റേതായി യേശുദാസടക്കം പാടിയ 150 ലേറെ കാസറ്റുകൾ വിപണിയിൽ ലഭ്യം .മിസരിപ്പൊന്ന് എന്ന കാസറ്റ് യേശുദാസിൻറെ തരംഗിണിയിലൂടെയാണ് പുറത്തുവന്നത് .ചിലതൊക്കെ HMV യിലൂടെയും .
അങ്കപ്പുറപ്പാട് എന്ന സീരിയലിനുവേണ്ടി 18 ഗാനങ്ങൾ .1983 ൽ പുറത്തിറങ്ങിയ കണ്ണാടിക്കൂട് എന്ന സിനിമയിലെ 6 പാട്ടുകൾക്ക് ഈണം പകർന്നതും ഈ മടപ്പള്ളിക്കാരൻ സംഗീത മാഷ് തന്നെ .
മാപ്പിളപ്പാട്ട് ഗാന രംഗത്തെ സുൽത്താനായ വി എം കുട്ടിയുടെ ഗാനമേള ട്രൂപ്പുമായി ഇഴയടുപ്പം തുടങ്ങിയതോടെ മാപ്പിളപ്പാട്ട് ഗാനരംഗത്തെ വിസ്‌മയക്കാഴ്ചയായി മാറുകയായിരുന്നു കൃഷ്ണദാസ്.വളരെപ്പെട്ടെന്ന് .ഇരുന്നേടത്തുനിന്നും എഴുനേറ്റാലെന്നപോലെ .
40 വർഷത്തിലേറെക്കാലം മാപ്പിളപ്പാട്ട് ഗാനരംഗത്ത് നിറഞ്ഞുനിന്ന കൃഷ്‌ണദാസ് കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗൾഫുനാടുകളിലും പാട്ടുകാരനായി സഞ്ചരിച്ചിട്ടുണ്ട് . എരഞ്ഞോളി മൂസ ,പീർ മുഹമ്മദ് ,വിളയിൽ വത്സല ,സിബിലാസദാനന്ദൻ തുടങ്ങി അക്കാലത്തെ പ്രശസ്‌തരായ എത്രയോ ഗായികാഗായകന്മാർക്കായുള്ള മാപ്പിളപ്പാട്ടുകൾക്ക് വേണ്ടി ഈണമൊരുക്കിയതും കൃഷ്‌ണദാസ് എന്ന മാപ്പിളപ്പാട്ടുകാരൻ .
ഉപ്പുകൂട്ടിത്തിന്ന നാടൻ പച്ചമാങ്ങയുടെ രുചിപോലുള്ള എത്രയോ ഗ്രാമീണഗാനങ്ങൾ വേറെയും . സ്‌കൂൾ ആനിവേഴ്‌സറികളിൽ ,യുവജനോത്സവങ്ങളിൽ ,അമ്പലപ്പറമ്പുകളിലെ ആഘോഷരാവുകളിൽ ,കല്ല്യാണ വീടുകളിൽ സംഗീതം എവിടെയൊക്കെ ആവശ്യമുണ്ടോ അവിടെയൊക്കെ നിറഞ്ഞുനിന്നിരുന്നു കൃഷ്‌ണദാസ് എന്ന നാദ പ്രതിഭ .
കെ എസ് ജോർജ്ജിൻറെ മികവുറ്റ ഗാനമായ ബലികൂടീരങ്ങളെ എന്ന പാട്ട് നാട്ടുമ്പുറങ്ങളിലെ ചായപ്പീടികകളിലെ ബെഞ്ചിൽ താളമിട്ടുകൊണ്ട് കൃഷ്‌ണദാസ് കേൾവിക്കാരെ കോൾമയിർ കൊള്ളിച്ച എത്രയോ രംഗങ്ങൾക്ക് ഞാൻ സാക്ഷിയാണ് .
1962 കാലങ്ങളിൽ അഴിയൂർ ഗവ ,ഹൈസ്‌കൂളിൽ സംഗീതാധ്യാപകനായി ജോലിചെയ്തിരുന്നെങ്കിലും കമ്യുണിസ്റ്റ്കാരനായിരുന്നു എന്ന കാരണത്താലാണത്രെ കൃഷ്‌ണദാസ് ജോലിയിൽ നിന്നും പുറത്താക്കപ്പെട്ടത് .1967 ൽ സഖാവ് ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിൻറെ ഇടപെടലുകളിലൂടെയാണ് പാട്ടുകാരൻ കൃഷ്‌ണൻ സംഗീതമാഷായി വീണ്ടും ജോലിയിൽ പ്രവേശിച്ചത് .
പാർട്ടിമീറ്റിങ്ങുകളിൽ പാട്ടിലൂടെ അഗ്നിസുമങ്ങൾ വിരിയിച്ച കൃഷ്ണദാസ് മാപ്പിളപ്പാട്ടുകളിലൂടെ നേടിയ ആരാധകരുടെ അംഗസംഖ്യയും എത്രയോ വലുത്.
'കണ്ടാലഴകുള്ള പെണ്ണ് ' ,ഏയ് മമ്മാലിക്കാ ,മൈലാഞ്ചിക്കൊമ്പൊടിച്ച് .മക്കാമരുഭുമിയിൽ പൂങ്കാറ്റടിച്ചു തുടങ്ങിയ പാട്ടുകൾ പാടാത്ത വേദികളില്ല .
കാളവണ്ടി കാളവണ്ടിയിത് എന്ന് തുടങ്ങുന്ന മറ്റൊരുഗാനം ആസ്വാദകർ ആവർത്തിച്ച് പാടിച്ച വേദികളുമുണ്ടായിരുന്നു .
ഇബ്രാഹിം നബിയുടെയുംഇസ്‌മായിൽ നബിയുടെയും സഹനത്തിൻറെ ,ത്യാഗത്തിൻ്റെ ചരിത്രസ്‌മൃതികളുണർത്തുന്ന ഏറെ ശ്രശ്രദ്ധേയമായ ഒരു ഗാനമായിരുന്ന ബലിയറുക്കൽ ചടങ്ങിന്റെ വൈകാരിക തലങ്ങളെ സ്‌പർശിച്ചുകൊണ്ടുള്ള ‘'ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ '' എന്നുതുടങ്ങുന്ന ഗാനം.
മറ്റു പലഗായകന്മാരും പാടി ഫലിപ്പിക്കാൻ ശ്രമിച്ചിട്ടും തൃപ്‌തിയില്ലാതെ പിൻവാങ്ങിയ ഗാനം .കുഷ്ണദാസ് മാഷിൻറെ സ്വന്തമെന്നു പറയാവുന്ന ചിലവേറിട്ട ഗാനങ്ങളിൽ ഒന്നാണിത്.
കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ,ഫോക്ക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ കർഷകരുടെയും തൊഴിലാളികളുടെയും പാട്ടുകാരനായിരുന്ന വടകര കൃഷ്‌ണദാസിനെ തേടിയെത്തിയിട്ടുണ്ട്.
മലയാള നാടക സംഗീത രംഗത്തും മാപ്പിളപ്പാട്ട് ഗാനശാഖയിലും മികവിൽ മികച്ച സംഭാവനകള്‍ സമർപ്പിച്ച കൃഷ്ണദാസ് വടകര എന്ന സംഗീതജ്ഞന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയി എന്നതും ദുഃഖകരമായ യാഥാര്‍ഥ്യമാണ്.
അർഹിക്കുന്ന രീതിയിൽ ഒരു സ്‌മൃതിമണ്ഡപം പോലും കൃഷ്ണദാസിന്റെ പേരിൽ ഉണ്ടായി കാണുന്നില്ല.സംഗീതവാസനയുള്ള പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി സംഗീതം പഠിക്കാനുള്ള ഒരു മ്യുസിക് സ്‌കൂൾ കൃഷ്‌ണദാസ് എന്ന സംഗീതജ്ഞന്റെ ഓർമ്മക്കായി മടപ്പള്ളിയിൽ സ്ഥാപിക്കാൻ ആരാധകർ ,പ്രദേശവാസികൾ മുന്നിട്ടിറങ്ങുമെങ്കിൽ അതായിരിക്കും അദ്ദേഹത്തിന് നൽകാനുള്ള ഏറ്റവും വലിയ സ്‌മൃതിമണ്ഡപം .
With Pranams,
Divakaran Chombala.
Mob: 9895745432