Features

കുറിച്ചിക്കര പാർവ്വതി അമ്മ ചോമ്പാലക്കാരുടെ ഉണ്ണിയാർച്ച !!

r
-ദിവാകരൻ ചോമ്പാല

കേരളത്തിലെ സിനിമാ പ്രേക്ഷകരുടെ ആസ്വാദനതലങ്ങളിൽ വേറിട്ട ദൃശ്യാനുഭവങ്ങളുമായി അരങ്ങുതകർത്ത മലയാള സിനിമയായിരുന്നു ഉണ്ണിയാർച്ച !.
വടക്കൻപാട്ടിൻറെ ചുവട് വെച്ചുകൊണ്ട് എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ 1960 ൽ കുഞ്ചാക്കോ സംവിധാനം നിർവ്വഹിച്ച ഉണ്ണിയാർച്ച എന്ന സിനിമയിൽ അക്കാലത്തെ സുപ്രസിദ്ധ അഭിനേത്രിയായിരുന്ന രാഗിണി ആയിരുന്നു ഉണ്ണിയാർച്ചയായി വേഷം പകർന്നത് .
ലോകനാർകാവിലും പരിസരങ്ങളിലും ഉണ്ണിയാർച്ച എന്ന സിനിമയുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ആ സമയത്ത് നിർമ്മാതാക്കളിൽപെട്ട ചിലർ ചോമ്പാലയിലെ അങ്ങാടിയിലെത്തുകയും സ്ഥലത്തെ പൗരപ്രധാനിയും പ്രമുഖ കളരി ആശാനുമായ കുറിച്ചിക്കര ചോയിഗുരുക്കളുടെ വീടന്വേഷിക്കുകയുമുണ്ടായി.

നാടിൻറെ നാനാഭാഗങ്ങളിലും നിരവധിയിടങ്ങളിൽ കളരികെട്ടി അഭ്യാസമുറകൾ പഠിപ്പിക്കുന്നതിൽ ഏറെ പ്രശസ്ഥനായിരുന്നു അക്കാലത്ത് കുറിച്ചിക്കര ചോയി ഗുരുക്കൾ .
പ്രമുഖ അഭ്യാസിയും മർമ്മ വിദഗ്‌ധനുമായ കോമത്ത് ഗോവിന്ദൻ നായർ ഗുരുക്കളും ചോയി ഗുരുക്കളും ചേർന്നായിരുന്നു ഉദയ കളരി സംഘം എന്നപേരിൽ വടക്കേ മുക്കാളിയിൽ കളരി സ്ഥാപിച്ചത് .
പിൽക്കാലങ്ങളിൽ മണിയാങ്കണ്ടി ഭാസ്‌കരൻ ഗുരുക്കളുടെ ഗുരുസ്ഥാനീയമായ സജീവസാന്നിധ്യവും നിയന്ത്രണവും മുക്കാളിയിലെ ഉദയകളരി സംഘത്തിനുണ്ടായിരുന്നതായും വ്യക്തം .
വടക്കേ മുക്കാളിയിൽ ദേശീയ പാതയയോട് ചേർന്ന് ആവിക്കര റോഡ് തുടങ്ങുന്നിടത്തായിരുന്ന പണ്ട് കാലത്ത് ഉദയകളരി സംഘം വക കളരി പ്രവർത്തിച്ചത് .

ഈ കളരിയിലെത്തിയ സിനിമാസംഘം കുറിച്ചിക്കര ചോയി ഗുരുക്കളുടെ സഹോദരിയും പേരുകേട്ട കളരി അഭ്യാസിയുമായ കുറിച്ചിക്കര പാർവ്വതി എന്ന പാറുവിനെ ഉണ്ണിയാർച്ച എന്ന സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കിക്കൊണ്ട് ക്ഷണിക്കാൻ വന്നതായിരുന്നു .ചോമ്പാലക്കാർക്കു മാത്രമല്ല കടത്തനാട്ടിലും കളരി മുറകളിലും വാൾപ്പയറ്റിലും ഉറുമി ചുഴറ്റലിലും അക്കാലനങ്ങളിൽ മികവിൽമിടുക്കി എന്ന ഖ്യാതി
നേടിയ നിലയിലായിരുന്നു കുറിച്ചിക്കര പാർവ്വതി എന്ന പെൺകുട്ടിയുടെ പ്രശസ്ഥി . .
വാൾപ്പയറ്റു രംഗങ്ങളിലും ഉറുമിപ്പയറ്റുകാരിയായും ഉണ്ണിയാർച്ച എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിക്കാനുള്ള അവസരവുമായി വന്നവർ നിരാശരായി മടങ്ങേണ്ടി വന്നുവെന്നതും സത്യം .
''കുറിച്ചിക്കരക്കൂട്ടർ''- എന്നപേരിലറിയപ്പെട്ടിരുന്ന പ്രമുഖ തറവാട്ടുകാരനായിരുന്ന പിലാവുള്ളതിൽ ഗോവിന്ദൻ എന്ന ആളുടെ മകളായിരുന്നു കുറിച്ചിക്കര പാർവ്വതി എന്ന കളരി അഭ്യാസി .
കളരിഅഭ്യാസി എന്ന നിലയിലായാലും വേണ്ടില്ല മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ അക്കാലത്തെ യാഥാസ്ഥിക ചിന്താഗതിക്കാരനായ പിതാവ് പച്ചക്കൊടി കാട്ടിയില്ലെന്നു വേണം പറയാൻ .
കാരണവന്മാരുടെ ഉത്തരവുകൾ അനുസരിക്കുക ,ചോദ്യം ചെയ്യാതെ പുറം തിരിഞ്ഞുപോവുക അതായിരുന്ന അക്കാലത്തെ പൊതുരീതി .

സിനിമയിൽ വാൾപ്പയറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അഛന്റെ തീരുമാനത്തിൽ എതിർചോദ്യമില്ലാതെ പാർവ്വതി ഉറച്ചുനിന്നു .
1950 -60 കാലഘട്ടങ്ങളിൽ കടത്തനാടൻ കളരികളിലെ ഉറുമി ചുഴറ്റൽ ,വാൾപ്പയറ്റ് .തുടങ്ങിയ ആയോധന മുറകളിൽ അതീവ വൈദഗ്ദ്ധ്യവും അനിതരസാധാരണമായ സ്ത്രീ സാന്നിദ്ധ്യവുമായിരുന്ന കുറിച്ചിക്കര പാർവ്വതിയുടെ കളരിമുറകളുടെ ഗുരുനാഥൻ കതിരൂരിലെ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ .
പിൽക്കാലങ്ങളിൽ സ്വന്തം മൂത്തസഹോദരനും കളരി ആശാനുമായ കുറിച്ചിക്കര ചോയി ഗുരുക്കളായിരുന്നു മറ്റൊരു ഗുരു.

ഒരു കൈയ്യിൽ വാളും മറുകൈയിൽ പരിചയുമായി പാർവ്വതിയെ കളരിയിൽ കണ്ടതോർമ്മിക്കുന്നു ദുർമ്മേദസ്സില്ലാത്ത ഒതുങ്ങിയ ശരീരം ,കൃശഗാത്രി , വാൾമുനയിലൂടെ തീക്ഷ്‌ണവും സൂക്ഷ്‌മവുമായ നോട്ടം ,അശേഷംപിഴക്കാത്ത ദൃഢമായ ചുവടുവെപ്പുകൾ .കുറിച്ചിക്കര തറവാട്ടിലെ വാൾത്തലത്തിളക്കമുള്ള പെൺകരുത്തിൻറെ നേർക്കാഴ്ച്ച കൂടിയായിരുന്നു മുക്കാളി ഉദയകളരിസംഘത്തിലെ പാർവ്വതി എന്ന മെയ്യൊതുക്കവും കൈക്കരുത്തുമുള്ള പെൺകുട്ടിയുടെ നിറസാന്നിദ്ധ്യം.

കുറിച്ചിക്കര ചോയി ഗുരുക്കളുടെ മകളുടെ പേരായിരുന്നു ഉദയ .ഉദയയുടെ പേരിലാണ് അദ്ദേഹം കളരികൾ സ്ഥാപിച്ചത് .

കളരി സമ്പ്രദായങ്ങളിൽ നാട്ടുമ്പുറങ്ങളിലുള്ള സാധാരണക്കാരെ വരെ പങ്കാളികളാക്കാൻ മുൻനിരക്കാരനായി പ്രവർത്തിച്ചവരിൽ ഏറെ പ്രമുഖനായിരുന്നു ചോമ്പാലയിൽ ജനിച്ച കോട്ടക്കൽ കണാരൻ ഗുരുക്കൾ .
ഏകദേശം എഴുപതു വർഷങ്ങൾക്ക് മുൻപ് വടക്കേ മുക്കാളിയിലെ ഉദയ കളരിയുടെ കിഴക്കു വശത്തെ തിണ്ടിൽ എന്റെ അച്ഛനോടൊപ്പം ഇരുന്ന് അഭ്യാസങ്ങൾ പഠിപ്പിക്കുന്നത് ഏറെ നേരം നോക്കിക്കണ്ടത് ഓർമ്മയുണ്ട് .

എൻറെ അച്ഛൻ ചെറുപ്പകാലങ്ങളിൽ കളരിയിൽ പോയിരുന്നതായും അറിഞ്ഞിരുന്നു .7 വയസ്സ് മുതലാണ് കുട്ടികളെ കളരിയിൽ ഇറക്കാറുള്ളതത്രേ .
എൻറെ കൂടെ സ്‌കൂളിൽ പഠിച്ചിരുന്ന ചില കുട്ടികൾ കളരിയിൽ അഭ്യാസങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ കളരിയിൽ ചേർന്നാൽ കൊള്ളാം എന്നെനിയ്ക്ക് തോന്നാതെയുമല്ല .
ഈ ആഗ്രഹത്തിൽ നിന്നും മുഖ്യമായും അന്ന് എന്നെ പിൻവലിയാൻ പ്രേരിപ്പിച്ചത് അക്കാലങ്ങളിൽ കോണകമുടുത്തുവേണം മുക്കൂട്ടിട്ട് മിനുക്കിയ ശരീരവുമായി കളരിയിലിറങ്ങാൻ.
ട്രൗസർ അഴിച്ചുവെച്ചുകൊണ്ട് കോണകമുടുക്കാനുള്ള മടി കൊണ്ട് മാത്രമാണ് ഞാൻ പിൻ വാങ്ങിയത് .തികഞ്ഞ അൽപ്പത്തരമായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു .
42 അടി നീളം 21 അടി വീതി 6 അടി ആഴം ഇതാണ് കുഴിക്കളരി അഥവാ ചെറു കളരിയുടെ രൂപഘടന .കളരിയുടെ കിഴക്കു ദിശയിൽ നിന്നും വലതുകാൽ നിലത്തൂന്നിവെച്ച് ഭൂമി തൊട്ടു വന്ദിച്ചുവേണം കളരിയിൽ പ്രവേശിക്കാൻ .

കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിൽ അഥവാ കന്നിമൂലയിൽ പൂത്തറ എന്ന ദേവതാ സങ്കൽപ്പം .
മണ്ണ് ചെത്തി മിനുക്കി അടിച്ചുറപ്പിച്ച എഴുപടികളായാണ് അന്ന് ഉദയ കളരിയിൽ കണ്ടത് .
ഓരോ പടിയിലും ചുകന്ന ചെമ്പരത്തിപ്പൂക്കളും കൂവളത്തിലയും തുമ്പപ്പൂവും തുളസിക്കതിരും മറ്റും വെച്ചതായിക്കണ്ടിരുന്നു .കുത്തുവിളക്കിൽ തിരിയിട്ട് തെളിയിച്ചതായും കാണാം . വശങ്ങളിൽ ചില ആയുധങ്ങളും ചേർത്തു വെച്ചിരുന്നതായും ഓർമ്മ.
.
ശ്രീകോവിൽ എന്നത് ക്ഷേത്രത്തിൻറെ ഹൃദയമാണെന്ന വിശ്വാസം പോലെ കളരിയുടെ ഹൃദയമാണ് പൂത്തറ എന്ന സങ്കൽപ്പം !
മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, അജ്ഞാനചക്രം എന്നിങ്ങിനെ മനുഷ്യശരീരത്തിലുള്ള ആറ് ആധാരചക്രങ്ങളെ പ്രതിനിധീകരിക്കുന്നതാണത്രെ പൂത്തറയിലെ പടികൾ .

.ഏഴാമത്തെ പടിയായ മണിത്തറയെ ഏഴാംതൃപ്പടി എന്നാണ്‌ പറഞ്ഞുകേൾക്കാറുള്ളത്‌ .
മണിത്തറയിൽ കളരി പരദേവതയുടെ പ്രതിഷ്ഠയുമുണ്ടാകും .
പണ്ട് കാലങ്ങളിൽ ഉദയ കളരിയുടെ വാർഷികാഘോഷം നടക്കുക മുക്കാളി സ്‌കൂളിൻറെ മുറ്റത്തുവെച്ച് . .കാഴ്ച്ചക്കാരായി കളരിയിലെ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പൗരപ്രധാനികളും മറ്റു കളരികളിൽ നിന്നുമെത്തുന്ന കളരിഗുരുക്കന്മാരും എല്ലാം ചേർന്ന വലിയ ആൾക്കൂട്ടം .
അക്കാലങ്ങളിൽ മുക്കാളിയിൽ നടക്കാറുള്ള മീറ്റിങ്ങുകൾ മറ്റു പൊതു പരിപടികൾ എല്ലാം മുക്കാളി സ്‌കൂളിലെ മുറ്റത്തിൻറെ സ്ഥലപരിധിക്കുള്ളിൽ തന്നെ .
കാഴ്ചക്കാർക്ക് നിൽക്കാനിടമില്ലാതെ സ്‌കൂൾ മുറ്റത്തെ നെല്ലി മരത്തിൻറെ കൊമ്പുകളിൽ വരെ ആളുകൾ പരിപാടി കാണാൻ അക്കാലങ്ങളിൽ കയറിയിരിക്കുമായിരുന്നു .
പഴയകാലങ്ങളിൽ സ്‌കൂൾ പറമ്പിനോട് ചേർന്ന് റോഡരികിൽ മുൻവശത്ത് പീടികക്കെട്ടിടങ്ങളൊന്നും തന്നെയില്ലായിരുന്നു .

സ്‌കൂൾ മുറ്റത്ത് സജ്ജമാക്കിയവേദിയിൽ നടക്കുന്ന പരിപാടികൾ റോഡരികിൽ നിന്നാലും സുഗമമായി കാണാനാകുമായിരുന്നു .
എത്രയോ വർഷങ്ങൾക്ക് മുൻപ് കിഴക്കേടത്ത് കുഞ്ഞിരാമൻ മാസ്റ്റർ , മുല്ലപ്പള്ളി രാമചന്ദ്രൻ ,പീടികക്കണ്ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കോരൻ മാസ്റ്റർ തുടങ്ങിയവർ അഭിനയിച്ച വിത്തും കൈക്കോട്ടും എന്ന നാടകം മുക്കാളി സ്‌കൂളിലെ മുറ്റത്തെ മണലിൽ ആൾക്കൂട്ടത്തിലിരുന്നു കണ്ടതും വിസ്‌മൃതി തീണ്ടാത്ത ചില ഓർമ്മകൾ .

പ്രദേശത്തെ പരമോന്നതവ്യക്തിത്വങ്ങളിൽ ശ്രേഷ്‌ഠ പദവിയിൽ നിൽക്കുന്ന ശ്രീമാൻ.മുല്ലപ്പള്ളിരാമചന്ദ്രൻ അക്ഷരങ്ങൾ എഴുതിപ്പഠിച്ചതും അക്കങ്ങൾ കൂട്ടാൻ പഠിച്ചതും ഈ സ്‌കൂളിന്റെ നാല് ചുമരിനുള്ളിൽ നിന്ന് തന്നെ.വൃക്ഷമൊളിഞ്ഞിരിക്കുന്ന വിത്താണ് മുല്ലപ്പള്ളിയെന്ന് അദ്ധ്യാപർക്ക് അന്നറിയുമായിരുന്നോ എന്തോ ?
ദേശീയ നേതാക്കൾക്കുപുറമെ രാജ്യാന്തരഖ്യാതി നേടിയ കായികതാരങ്ങൾ ,ഭൂദാനയജ്ഞവുമായി കാൽ നടയായി മുക്കാളിയിലൂടെ കടന്നുപോയ ആചാര്യ വിനോഭാവ ,വാഗ്ഭടാനന്ദഗുരുവിനെപ്പോലുള്ള ആത്മീയാചാര്യന്മാർ ,കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരായവർ ,പാക്കിസ്ഥാൻ യുദ്ധത്തിൽ മുൻനിരയിൽ പോരാടിയ നാട്ടിലെ വീരജവാൻ ,സ്വാതന്ത്ര്യസമര കാലങ്ങളിലെ ഒത്തുചേരലുകൾ . പ്രമുഖരുടെ നീണ്ട നിരതന്നെയായിരുന്നു ഒരു കാലത്ത് മുക്കാളി സ്ക്കൂളിന്റെ മുറ്റത്ത് തയ്യാറാക്കാറുള്ള വേദികളിലെ നിറസാന്നിധ്യങ്ങൾ .
പുള്ളിയുള്ള പുലിത്തോല് പോലെ തോന്നുന്ന പ്രിന്റുള്ള തുണിയിൽ പ്രത്യേകതരത്തിൽ തയ്‌ച്ചെടുത്ത അംഗവസ്‌ത്രമണിഞ്ഞ അഭ്യാസികൾ കുറുവടി ,ചൂരൽ ,കുന്തം,കത്തി ,വാളും പരിചയും ,കൂട്ടത്തിൽ ഉറുമി ,ഗദ തുടങ്ങിയ ഒരുകൂട്ടം ആയുധങ്ങളുമായിട്ടായിരിക്കും സ്‌കൂൾ മുറ്റത്തെ മണൽപ്പരപ്പിൽ കളരിപ്പയറ്റ് തുടങ്ങുക .

വാളും പരിചയും കൂട്ടിയുരസുന്ന ശബ്‌ദവും വാളുകൾ തമ്മിൽ കൂട്ടുമുട്ടുമ്പോൾ തീപ്പൊരി പാറുന്നതും തത്സമയത്തെ വിസ്മയ കാഴ്ചകൾ !.
അഭ്യാസപ്രകടനത്തോടൊപ്പം ഗുരുക്കന്മാരുടെ വായ്ത്താരികളും കേൾക്കാം .

കുറിച്ചിക്കര ചോയി ഗുരുക്കൾ ,കോമത്ത് ഗോവിന്ദൻ നായർ ,മണിയാങ്കണ്ടി ഭാസ്‌ക്കരൻ ഗുരുക്കൾ തുടങ്ങിയ ഒരു കൂട്ടം മുതിർന്ന കളരി ഗുരുക്കന്മാരുടെ പാദങ്ങളിൽ തൊട്ടു വന്ദിച്ചശേഷമായിരിക്കും കളരിയിലെ കുട്ടികൾ അഭ്യാസപ്രദർശനങ്ങൾക്ക് തുടക്കം കുറിക്കുക .
തൈക്കണ്ടി കുഞ്ഞിരാമൻ ,കുറിച്ചിക്കര ബാലൻ ,പൈങ്കി നാരായണൻ ,കിണറുള്ളതിൽ ബാലൻ ,കാനവയലിൽ കുഞ്ഞിക്കണ്ണൻ ,വാച്ചാലി ബാലൻ ,വി .കെ. കുമാരൻ ,സേതുമാധവൻ ,നാലകത്ത് അച്യുതൻ തുടങ്ങിയ നിരവധി അഭ്യാസികളുടെ തീപ്പാറുന്ന അഭ്യാസ പ്രകടനം കണ്ടുനിൽക്കാൻ സ്‌കൂൾപ്പറമ്പിന്
ഉൾക്കൊള്ളാനാവാത്ത പെരുത്ത ജനക്കൂട്ടം !

കുറിച്ചിക്കര പാർവ്വതിയെപ്പോലുള്ളവർ ഉറുമി ചുഴറ്റി ചുഴലിക്കാറ്റുപോലെ മുറ്റം മുഴുവൻ പടർന്നു കയറുമ്പോൾ അപായഭയത്താൽ കാഴ്ച്ചക്കാർ പുറകോട്ടു ഞെളിഞ്ഞുമാറുന്ന തിരക്കിൽ ഉരുണ്ടും മറിഞ്ഞും പലരും മണ്ണിൽ വീണിരുന്ന ചില ഓർമ്മക്കാഴ്ചകൾക്ക് ഇന്നും നിറം മങ്ങിയിട്ടില്ല .
കുറച്ചിക്കര ചോയി ഗുരുക്കളും മണിയാങ്കണ്ടി ഭാസ്‌കരൻ ഗുരുക്കളും കളരി അഭ്യാസികളെന്നനിലയിൽ , വാൾപ്പയറ്റുകാരെന്ന നിലയിൽ എം ജി രാമചന്ദ്രൻറെ ചില തമിഴ്‌ സിനിമകളിൽ മുഖം കാണിക്കാനായത് ചോമ്പാക്കാരുടെ അഭിമാനമായിരുന്നു അക്കാലങ്ങളിലുള്ളവർക്ക് .
മലൈ കള്ളൻ ,തസ്‌ക്കരവീരൻ, മായാവി, പാലാട്ട് കോമൻ തുടങ്ങിയ സിനിമകളിലും ചെറിയ ചെറിയ റോളുകളിൽ ഇവർ അഭിനയിച്ചിരുന്നു ,
.മലൈ കള്ളൻ എന്ന സിനിമയിൽ ചോയി ഗുരുക്കളും ഭാസ്കരൻ ഗുരുക്കളും അഭിനയിച്ച സീനിന്റെ ബ്ളാക്ക് ആൻഡ് വൈറ്റ് ഫിലിം സ്ട്രിപ്പ് ഒരു മീറ്ററോളം നീളത്തിലുള്ളത് ഒരത്ഭുതക്കാഴ്ച്ചപോലെ എൻറെ ചെറിയപ്രായത്തിൽ മണിയാങ്കണ്ടി ഭാസ്‌കരൻ ഗുരുക്കളുടെ കയ്യിൽ കണ്ടതായി ഞാൻ ഓർക്കുന്നു .
അക്കാലങ്ങളിൽ ഇതൊക്കെ വലിയ അത്ഭുതമായിരുന്നു .
ഏതാനും വർഷങ്ങൾക്ക് മുൻപ് അഴിയൂർ ശേഖർ ടാക്കീസിൽ നിന്നും അച്ഛൻ ചോയിഗുരുക്കൾ അഭിനയിച്ച തമിഴ് സിനിമ കണ്ട കാര്യം മകൻ വത്സൻ ഗുരുക്കൾ ഈ അടുത്ത ദിവസം പങ്കുവെക്കുകയുണ്ടായി .

കുറിച്ചിക്കര ചോയി ഗുരുക്കൾ ഏറാമല പഞ്ചായത്ത് മെമ്പർ ആയിരുന്നു. മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കൾ അഴിയൂർ പഞ്ചായത്ത് മെമ്പറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്‌ .
പാതിരിക്കുന്നിനടുത്ത് പഴയ ഹാർബ്ബർ റോഡിനടുത്തായാണ് മണിയാങ്കണ്ടി ഭസ്‌ക്കാരൻഗുരുക്കളുടെ തറവാട് വീട് .എല്ലുകൾകൾക്ക് ക്ഷതമേറ്റാൽ ,ഉളുക്ക് ,ചതവ്‌ ,തുടങ്ങിയ അസുഖങ്ങൾക്ക് ചോമ്പാലക്കാർ ആദ്യമെത്തിയിരുന്നത് ഭാസ്‌ക്കരൻ ഗുരുക്കളുടെ വീട്ടിലേയ്ക്ക് .
നല്ലൊരു ഉഴിച്ചൽ വിദഗ്‌ധൻ കൂടിയായിരുന്ന ഭാസ്കരഗുരിക്കൾ മർമ്മ വിദഗ്ദ്ധനായ കുന്നമ്പത്ത് നാരായണക്കുറുപ്പിനെ ഉഴിച്ചൽ നടത്തുകയും നാരായണക്കുറുപ്പ് ഭാസ്‌ക്കരൻ ഗുരുക്കളെ ഉഴിച്ചൽ നടത്തിയതായും അക്കാലത്തെ ചിലരുടെ ഓർമ്മപ്പെടുത്തലുകൾ .പാതിരിക്കുന്നിലെ അക്കാലത്തെ പ്രമുഖനായിരുന്നു ഭാസ്‌ക്കരൻ ഗുരുക്കളുടെ അച്ഛൻ മണിയാങ്കണ്ടി കുഞ്ഞിക്കണ്ണൻ എന്ന നാട്ടു മുഖ്യസ്ഥൻ .

ചോയി ഗുരുക്കളുടെ മകൻ കുറിച്ചിക്കര വത്സൻ ,ചാർത്താങ്കണ്ടി ദേവരാജ് തുടങ്ങിയവരുടെ കുട്ടിക്കാലങ്ങളിലായിരുന്നു തുമ്പോലാർച്ച എന്നസിനിമയുടെ നിർമ്മാണം ആരംഭിച്ചത് .
പ്രേംനസീറിൻറെ കുട്ടിക്കാലത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതായിരുന്നു ഈ രണ്ടുപേർക്കും.
മെയ്‌വഴക്കമുള്ള കളരി പഠിച്ച കുട്ടികളായ ഇവരെ വന്നുകണ്ട് ഉറപ്പുനല്കിയെങ്കിലും കുഞ്ചാക്കോ വിന്റെ നിര്യാണത്തോടെ പിന്നീടതിന് മാറ്റമുണ്ടായതാണറിവ് .

പലദേശങ്ങളിലായി കെട്ടിയ കളരികളിൽ നിന്നും ചോയി ഗുരുക്കളുടെ കീഴിൽ നിരവധി വർഷങ്ങളായി നൂറുക്കണക്കിന് ആളുകൾ കളരി മുറകൾ പഠിച്ചതായാണറിവ് .
ഇവരിൽ പലരും പിൽക്കാലങ്ങളിൽ കളരിഗുരുക്കന്മാരായി ത്തീർന്നിട്ടുമുണ്ട് .ആർ .വിശ്വൻഗുരുക്കൾ ,ദേവരാജ് ഗുരുക്കൾ ,ശ്രീധരൻ ഗുരുക്കൾ ,കുറിച്ചിക്കര വത്സൻ ഗുരുക്കൾ തുടങ്ങി എത്രയോ പേർ ഉദയ കളരിയുടെ അഭിമാനമായി കളരി ഗുരുക്കന്മാരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
. മുൻ എം എൽ എ എം .കെ.പ്രേംനാഥ്‌ ,എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന പരേതൻ സി എച്ച് അശോകൻ തുടങ്ങിയ എത്രയോ പ്രമുഖന്മാർ ഉദയ കളരി യിൽ നന്നും ചുവടുറപ്പിച്ചവരായിരുന്നു .
എത്രയോ വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ നടന്ന അന്താരാഷ്‌ട്ര സെമിനാറിൽ നിരവധി രാജ്യങ്ങളിൽ നിന്നായെത്തിയ വിദേശീയരടക്കമുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ വേദിയിൽ മുക്കാളിയിലെ ഉദയ കളരി സംഘത്തിലെ ഗുരുക്കന്മാരായ കുറിച്ചിക്കര ചോയിഗുരുക്കൾ മണിയാങ്കണ്ടി ഭാസ്‌കരൻ ഗുരുക്കൾ അവരുടെ ശിഷ്യന്മാർ എല്ലാം ചേർന്ന് കേരളത്തിൻറെ ആയോധനാ കലാരൂപമായ കളരിപ്പയറ്റിന്റെ പ്രദർശനം നടത്തുകയുണ്ടായി . ദൃശ്യ വിസ്‌മയം എന്ന നിലയിലായിരുന്നു വിദേശികളടക്കം പലരും .
കുറിച്ചിക്കര ചോയി ഗുരുക്കളെയും മണിയാങ്കണ്ടി ഭാസ്‌ക്കരൻ ഗുരുക്കളെയും അന്നേ ദിവസം യൂണിവേഴ്‌സിറ്റിയിൽ നടന്ന സെമിനാറിന്റെ ഭാഗമായി പ്രത്യേകം ആദരിക്കുകയുണ്ടായെന്നും കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ, മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറൽ , പ്രമുഖ ചരിത്രപണ്ഡിതൻ ,ഗവേഷകൻ എന്നീ നിലകളിലെല്ലാം ഏറെ പ്രശസ്‌തനായ ചോമ്പാല സ്വദേശി ഡോ. കെ.കെ.എൻ. കുറുപ്പ് അഭിമുഖത്തിൽ പറയുകയുണ്ടായി .ചോയി ഗുരുക്കളുടെയും മറ്റും ശിക്ഷണത്തിൽ ചോമ്പാലയിലെ ഉദയകളരിയിൽ കളരി മുറകളുടെ പരിശീനത്തിനായി അദ്ധേഹം ചെറുപ്പത്തിൽ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

ശിഷ്യന്മാരിൽ തട്ടോളിക്കരയിലെ തൈക്കണ്ടി കുഞ്ഞിരാമൻ എന്ന ധീരനും കരുത്തനുമായ യുവാവിനോട് ചോയി ഗുരുക്കൾക്ക് പ്രത്യേക വാത്സല്ല്യമായിരുന്നു .
ഗുരുവിനേക്കാൾ കേമാനാവുന്നതരത്തിലായിരുന്നു തൈക്കണ്ടി കുഞ്ഞിരാമൻ അടവുകൾ ഗുരുക്കളിൽ നിന്നും സ്വായത്തമാക്കിക്കൊണ്ടിരുന്നത് ,
ആരുടെ വരുതിയിലും ഒതുങ്ങാനും മെരുങ്ങാനും ഇണങ്ങാനും പാകത്തിലുള്ള മനസ്സും പ്രകൃതവുമല്ലാത്ത തൈക്കണ്ടി കുഞ്ഞിരാമൻ എതിർക്കുന്നവർക്ക് എതിരാളിയും ഇണങ്ങുന്നവർക്ക് ചങ്ങാതിയും സ്നേഹിക്കുന്നവർക്ക് സ്നേഹിതനുമായിരുന്നു .
ശരികേടുകളെ ചോദ്യം ചെയ്യാനും ശരിയെന്നു തോന്നുന്നത് മറ്റുള്ളവരുടെ ഇഷ്ട്ടാനിഷ്ടങ്ങൾ നോക്കാതെ ചെയ്യുന്നതും കുഞ്ഞിരാമന്റെ വേറിട്ട പ്രകൃതം .

അശേഷം ഭീരുത്വമില്ലാത്ത ഇദ്ദേഹം ചുറ്റുപാടിലുള്ളവർക്കെല്ലാം ഉപകാരികൂടിയായിരുന്നു .
കുഞ്ഞിരാമൻറെ യൗവ്വനത്തിളപ്പിൽ കളരി മുറകൾ കൂടുതലായി പഠിപ്പിക്കുന്നതിൽ അച്ഛനായ തൈക്കണ്ടി കേളപ്പൻ എന്നവർക്ക് അൽപ്പസ്വൽപ്പം ആശങ്കയുണ്ടായിരുന്നു .
ഇളംപ്രായത്തിൽ ആത്മസംയനമില്ലാതെ മകൻ ചിലനേരങ്ങളിൽ അവിവേകിയായിപ്പോകമോ എന്നഭയം .
തൈക്കണ്ടി കേളപ്പൻ എന്നവർ തട്ടോളിക്കരയിലെ അക്കാലങ്ങളിലെ പ്രഗത്ഭനായ വ്യക്തിയായിരുന്നു .
കുറിച്ചിക്കരയിലെ ചോയിഗുരുക്കളുടെ വീട്ടിലെത്തിയ തൈക്കണ്ടി കേളപ്പൻ എന്ന അച്ഛന് പറയാനുണ്ടായിരുന്നത് എന്റെ മകൻ കുഞ്ഞിരാമനെ കൂടുതൽ കളരി അടവുകൾ പഠിപ്പിക്കരുതെന്നായിരുന്നു .അതും വിനയത്തിൻറെ ഭാഷയിൽ .
സമ്മതം മൂളുകയോ നിഷേധിക്കുകയോ ചെയ്യാതെ ചോയിഗുരിക്കൾ മൗനം പൂണ്ട് നിന്നതായാണ് വിശ്വാസയോഗ്യമായ അറിവുകൾ .

മിടുക്കനായ ശിഷ്യനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനായുള്ള ശ്രമത്തിൽ നിന്നും ചോയിഗുരുക്കൾ പിന്നോട്ട് പോയില്ല എന്നത് സത്യം .
എന്നാൽ പ്രഗത്ഭനായ തതൈക്കണ്ടി കേളപ്പൻ എന്നവരുടെ വാക്കുകൾ ഗൗനിക്കാതെയും തരമില്ല .
ഒടുവിൽ കുറിച്ചിക്കരക്കടുത്തുള്ള താൽക്കാലിക ഷെഡ്‌ഡിൽ രഹസ്യസ്വഭാവത്തോടെയായിരുന്നുവത്രെ തൈക്കണ്ടി കുഞ്ഞിരാമൻറെ തുടർ കളരി പരിശീലനം പിന്നീട് ചോയി ഗുരുക്കൾ നടത്തിയത് .
കുഞ്ഞിരാമനെയും മറ്റും കുറിച്ചിക്കര പുഴയിലെ വെള്ളത്തിൽ ചാടിച്ചാണത്രെ മലക്കം മാറിയാൻ പഠിപ്പിച്ചതും മറ്റും .

അകാലത്തിൽ പൊലിഞ്ഞുപോയ തൈക്കണ്ടി കുഞ്ഞിരാമൻ എന്ന ശിഷ്യൻ ചോയിഗുരുക്കളുടെ സ്വകാര്യ ദുഖമായിരുന്നു .കുഞ്ഞിരാമൻറെ വേർപാടിന്റെ തലേന്ന് രാത്രി കുറിച്ചിക്കരയിലെ ചോയിഗുരുക്കൾ എന്ന ഗുരുനാഥനൊന്നിച്ച് ഭക്ഷണം കഴിച്ച ദുഖകരമായ ഓർമ്മകൾ ആ കൂടുംബക്കാർ ഇന്നും മറന്നിട്ടില്ല.നെല്ലുകുത്തരിയുടെ ചോറും ചെമ്മീൻ ചമ്മന്തിയും തൈക്കണ്ടി കുഞ്ഞിരാമൻറെ ഇഷ്ട്ട ഭക്ഷണങ്ങളിൽപ്പെട്ടതായിരുന്നു .അദ്ദേഹത്തിൻറെ വേർപാടിന്റെ തലേന്ന് രാത്രിയിൽ ഗുരുനാഥനൊന്നിച്ച് അത്താഴം കഴിച്ചുകൊണ്ടാണ് ശിഷ്യൻ തൈക്കണ്ടി കുഞ്ഞിരാമൻ എന്ന യുവാവ് യാത്രപറഞ്ഞുപിരിഞ്ഞത് . അടുത്ത പ്രഭാതത്തിൽ കുഞ്ഞിരാമൻറെ വേർപാടിന്റെ വാർത്തകേട്ട് ചോയി ഗുരിക്കളും വീട്ടുകാരും വിശ്വസിക്കാനാവാതെ ആകെ തളർന്ന നിലയിൽ .വലം കൈ തളർന്നുപോയ മാനസികനിലയിലായ ചോയിഗുരുക്കൾ ദുഃഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞതും അടുത്ത ബന്ധുക്കളോർക്കുന്നു .

തൈക്കണ്ടി കുഞ്ഞിരാമൻ കുറിച്ചിക്കര ബാലൻ തുടങ്ങിയ അഭ്യാസികളുടെ നേതൃത്വത്തിൽ പോയകാലങ്ങളിൽ അഴിയൂർ ബോർഡ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കളരി മുറകളും കളരിപ്പയറ്റും നടത്തിയിരുന്നതായി ഒരനുഭവസ്ഥൻ പറയുകയുണ്ടായി .
ഇതുപോലെ പല സ്‌കൂളുകളിലും കളരി പ്രദർശനങ്ങൾ ഉദയ കളരി സംഘത്തിന്റെ ബാനറിൽ ഇവർ നടത്തിയിരുന്നതായും അറിയുന്നു .

കൊളരാട് തെരുവിലുള്ള ബസ്‌സ്റ്റോപ്പിന് പുറകിലുള്ള പറമ്പിലായിരുന്നു ചോയി ഗുരുക്കളുടെ ആദ്യകാലങ്ങളിലെ ഒരു കളരി .അവിടെ നിന്നാണ് വടക്കേ മുക്കാളിയിലേയ്ക്ക് പിന്നീട് മാറ്റിയത് . .കോറോത്ത് റോഡിലും ഏറാമലയിലും തട്ടോളിക്കരയിലും മറ്റും ഇതുപോലെ കളരികൾ ഉണ്ടായതയാണറിവ് .
മുക്കാളിയിലെ ഉദയകളരിക്കായി രണ്ട് സെന്റ് സ്ഥലത്തിന് ചോയിഗുരുക്കളും കോമത്ത് ഗോവിന്ദൻ നായരും അന്ന് നൽകിയ തുക 100 രൂപയാണത്രെ .
കോമത്ത് തറവാട്ടുകാർക്കും പുത്തലത്ത് എന്ന പറമ്പിൽ പഴയ കാലങ്ങളിൽ കളരിയുണ്ടായിരുന്നു .ഇടവലക്കണ്ടി ഭാർഗ്ഗവനെപ്പോലുള്ള എനിക്കടുത്തറിയാവുന്ന പലരും കോമത്ത് ഗോവിന്ദൻ നായർ ഗുരുക്കളുടെ പുത്തലത്ത് കളരിയിൽ പഠിച്ചിരുന്നതായും എനിക്കറിയാം.
പ്രമുഖ എഴുത്തുകാരനും കഥാകൃത്തുമായ കോമത്ത് വീട്ടിലെ പി കെ നാണുവിന്റെ ഇപ്പോഴത്തെ വീടിൻറെ തെക്കുഭാഗത്തായി പുത്തലത്ത് പറമ്പിൽ ഒരു ക്ഷേത്രവും ക്ഷേത്രക്കുളവും ഇപ്പോഴും നിലവിലുണ്ട് .

ഇതേ പറമ്പിൽ തന്നെയായിരുന്നു പണ്ടുകാലത്ത് കുറിച്ചിക്കര ചോയി ഗുരുക്കളും കോമത്ത് ഗോവിന്ദൻ നായർ ഗുരുക്കളും കളരിസ്ഥാപിച്ചത് .
ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കളരി സ്ഥാപിച്ച ചോയി ഗുരുക്കൾ കണ്ണൂർ ജില്ലയിൽ മുടക്കോഴി ,തില്ലങ്കേരി തുടങ്ങിയ നിരവധി സ്ഥലങ്ങളിലും നാടിന്റെ പലഭാഗങ്ങളിലും കളരി സ്ഥാപിച്ചതായി മകൻ വത്സൻ ഓർമ്മകൾ പങ്കു വെക്കുന്നു .

കുറിച്ചിക്കര വത്സൻ ഗുരുക്കൾ
കുറിച്ചിക്കര വത്സൻ ഗുരുക്കൾ

കൂത്തുപറമ്പ് ഭാഗങ്ങളിലുള്ള കളരികളിലേയ്ക്ക് ചോമ്പാലയിൽ നിന്നും ചോയി ഗുരുക്കൾ നടന്നുപോയാണ്‌ കളരി പഠിപ്പിച്ചിരുന്നതെന്ന് പറഞ്ഞാൽ പുതിയ തലമുറക്കാർക്ക് വിശ്വസിക്കുനാവുമോ എന്തോ ?.

ചോയിഗുരുക്കളും സഹോദരി പാർവ്വതി അമ്മയും കുറിച്ചിക്കരയിലുള്ള സ്വന്തം വീട്ടിൽ നിന്നും ഉഴിച്ചൽ നടത്തുന്നത് അക്കാലങ്ങളിലെ പതിവ് .എല്ലൊടിഞ്ഞവരും ഉളുക്കും ചതവും ക്ഷതവുമായി ദൂരെസ്ഥലങ്ങളിൽ നിന്നും അക്കാലങ്ങളിൽ കുറിച്ചിക്കരയിലെത്തിയിരുന്നവർ ഏറെ .
ഉഴിച്ചലിനും തടവലിനുമായുള്ള പ്രത്യേക മരുന്നുകൾ ചേർത്ത കുഴമ്പുകളുടെയും തൈലങ്ങളുടെയും നിർമ്മാണമേൽ നോട്ടവും പാർവ്വതി ഗുരുക്കളും സഹോദരൻ ചോയി ഗുരുക്കളും തന്നെ .
പ്രതിഫലമായി ആരോടും ഒന്നും നിർബന്ധപൂർവം ആവശ്യപ്പെടാറുമില്ല .ദക്ഷിണ എന്നനിലയിൽ നൽകുന്നത് സ്വീകരിക്കും അത്രതന്നെ .പാർവ്വതി ഗുരുക്കളുടെ ഭർത്താവ് വട്ടോളി സ്വദേശി ചെട്ടിയാൻ വീട്ടിൽ പൊക്കൻ എന്നവർ .

ചോമ്പാലയുടെ അഭിമാനമായ ചോയിഗുരുക്കളും പാർവ്വതിഗുരുക്കളും മണിയാങ്കണ്ടി ഭാസ്‌ക്കരൻ ഗുരുക്കളും കോമത്ത് ഗോവിന്ദൻ ഗുരുക്കളും എല്ലാം ഓർമ്മയായിട്ടേറെയായി .
ഗുരുസ്ഥാനീയരായ ഇവർ കൊളുത്തിവെച്ച കളരിവിളക്കിൽ നിന്നും കാലത്തിന് കൈമാറാൻ കൊളുത്തിയെടുത്ത നൂറുകണക്കിന് കൈത്തിരികൾ എന്നനിലയിൽ ഇവരുടെ ശിഷ്യഗണങ്ങളുടെ നീണ്ട നിരതന്നെയിന്നിവിടെയുണ്ട് . നഷ്ടസൗഭാഗ്യങ്ങളുടെ തിരുശേഷിപ്പുകൾ പോലെ .ഉദയകളരിസംഘം ഇപ്പോൾ ചോമ്പാൽ ബീച്ചിൽ പ്രവർത്തിക്കുന്നു .പദ്‌മശ്രീ മീനാക്ഷി ഗുരുക്കളുടെ പാദസ്പർശമേറ്റ കളരിത്തറയിൽ !

കടത്തനാടൻ കളരിയും വടകരയും !!

സാമൂതിരിയുടെ രാജ്യത്തിൻറെ വടക്കേകരയായതുകൊണ്ടാണ് വടകര എന്ന സ്ഥപലപ്പേരുണ്ടായതെന്ന് പറയപ്പെടുന്നു .
കോലത്തിരി രാജാവിൻറെ ഭരണകാലത്ത് ഈ പ്രദേശത്തിന് കടത്തനാട് എന്നായിരുന്നു വിളിപ്പേര്.
വീരാരാധനാപരവും തികച്ചും ഗ്രാമീണവുമായ നാടോടിപ്പാട്ടുകളായ വടക്കൻ പാട്ടുകളുടെ ശീലുകളിലൂടെ കേരളത്തിൻറെ അതിപുരാതനമായ ആയോധനമുറകൂടിയായ കളരിപ്പയറ്റിൻറെ വിസ്‌മയക്കാഴ്ചകളിലൂടെ രാജ്യാന്തരഖ്യാതി നേടിയ സ്ഥലമാണ് കടത്തനാട് .
വടകരയും തൊട്ട അയൽപ്രദേശമായ നാദാപുരവും അടങ്ങുന്ന നൂറ്റിഎട്ടോളം അംശങ്ങൾ ചേരുന്ന നാടായിടരുന്നു പണ്ടത്തെ കടത്തനാട് .

വടക്കൻ പാട്ടിലൂടെ സദാ പാടിപ്പുകഴ്ത്താറുള്ള ആയിരത്തി അഞ്ഞൂറിലേറെ വർഷങ്ങളുടെ കാലപ്പഴക്കമുള്ള ലോകനാർകാവ്‌ ക്ഷേത്രം വടകരയിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ .

നാട്ടുരാജാക്കന്മാരുടെ ഭരണകാലങ്ങളിൽ കരപ്രമാണികൾക്കും മറ്റു സമ്പന്നവർഗ്ഗത്തിനും വേണ്ടി കയ്യൂക്കും കായികശേഷിയും ഒപ്പം കളരിപ്പയറ്റ്‌ മുറകളും കുലത്തൊഴിൽ എന്നനിലയിൽ സ്വായത്ഥമാക്കിയ തീയ്യ സമുദായത്തിൽ പെട്ട കരുത്തരായ യുവാക്കളെയാണ് അക്കാലങ്ങളിൽ ചേകവർ എന്ന് വിളിച്ചിരുന്നത് .

പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ കളരിയുടെ ഉത്ഭവമെന്ന് ചില ചരിത്രകാരന്മാർ വ്യക്തമാക്കുന്നു .
അതി നിഗൂഢമായ താന്ത്രിക വൈദിക വിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനും മഹാവിഷ്‌ണുവിന്റെ ആറാമത്തെ അവതാരവുമായ പരശുരാമന്‍ കടലിലേയ്ക്ക് മഴു എറിഞ്ഞുകൊണ്ടാണ് കേരളത്തെ ഉയർത്തിക്കൊണ്ടുവന്നതെന്നത് കേട്ടുകേൾവി അഥവാ ഐതീഹ്യം.
തന്റെ ഗുരുവായ ശിവനിൽ നിന്നും പരശുരാമൻ കളരി വിദ്യകൾ അഭ്യസിക്കുകയും കേരളസൃഷ്ടിക്ക് ശേഷം ശത്രുക്കളെ വകവരുത്തുന്നതിൻറെ മുന്നൊരുക്കം എന്ന നിലയിൽ ആയിരത്തിയെട്ട് കളരികൾ സ്ഥാപിച്ചതായും ഇതിൽ 42 കളരികളിലായി 21 ശിഷ്യന്മാർക്ക് പരിശീലനം നൽകിക്കൊണ്ടാണ് കളരിപ്പയറ്റിന് ശുഭാരംഭം കുറിച്ചുവെന്നുമാണ് 'കേരളോൽപ്പത്തി' യിലൂടെ മനസ്സിലാവുന്നത് .

നമ്മുടെ പ്രദേശങ്ങളിൽ ഇപ്പോഴും നിലവിലുള്ള ചിലവീട്ടുപേരുകൾ കളരിക്കുന്നുമ്മൽ ,കളരിപ്പറമ്പത്ത് ,കളരിക്കണ്ടി ,കളരിയുള്ളതിൽ ,കളരിക്കുനിത്താഴ അങ്ങിനെ നീളുന്നു നമുക്ക് ചുറ്റിലുമുള്ള ഒരുകൂട്ടം വീട്ടുപേരുകൾ .കളരിയുടെ പഴമ്പുരാണങ്ങളിലേക്കുള്ള ദിശാഫലകങ്ങളാണ് ഇത്തരം വീട്ടുപേരുകൾ .
കളരിപ്പയറ്റ് ശീലിക്കുന്നവർക്ക് ശാരീരികവും മാനസികവുമായ കൂടുതൽ ഉണർവ്വ് ,ഉന്മേഷം ,ഒപ്പം ഏകാഗ്രതയും ലഭിക്കുന്നതായാണറിവ് .

കൂടാതെ ശരീരത്തിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ദുർമ്മേദസ്സുകളെ ഇല്ലായ്‌മ ചെയ്യുകയും ദൃഢവും അഴകളവുകളുമുള്ള ശരീര വടിവുകൾ ലഭിക്കുന്നതായും അനുഭവസ്ഥർ വ്യക്തമാക്കുന്നു.
ധനുർവ്വേദ പാരമ്പര്യത്തിലധിഷ്ഠിതമായ കളരിപ്പയറ്റിൻറെ തെക്കൻ രൂപം ആവിഷ്ക്കരിച്ചത് അഗസ്ത്യമുനിയാണെന്നും ദക്ഷയാഗത്തിനിടയിൽ കോപാക്രാന്തനായ പരമശിവൻറെ ചുവടുവെപ്പുകളാണ്‌ കളരിപ്പയറ്റിന്റെ മൂലാധാരമായി മാറിയതെന്നും മറ്റുമുള്ള ഐതീഹ്യങ്ങളും ഇല്ലാതല്ല .

കരുത്തും കായികശക്തിയും ഒപ്പം മെയ്‌വഴക്കവും ആത്മബലവുമുള്ള വീരശൂരപരാക്രമികളുടെ നാടായിരുന്നു പണ്ട് വടക്കേ മലബാർ .മുഖ്യമായും കടത്തനാട്ടുകാർ എന്നത് ചരിത്രസത്യം .
വടക്കൻ പാട്ടുകളിലെ പ്രമുഖ കഥാപാത്രങ്ങൾ അഥവാ ഇവിടെ ജീവിച്ചുകടന്നുപോയ വീരകേസരികളായ സ്ത്രീപുരുഷന്മാർ ജനിച്ചുവളർന്നത് കടത്തനാട്ടിന്റെ മണ്ണിലും പരിസരങ്ങളിലുമായിരുന്നു,
അതിപ്രാചീനവും സുപ്രസിദ്ധവുമായ തച്ചോളി മാണിക്കോത്ത് എന്ന നായർ തറവാട് വടകരക്കടുത്ത് മേപ്പയിൽ പ്രദേശത്ത് .സമീപപ്രദേശത്തുതന്നെ പുത്തൂരം വീടും .

ഉദയനൻ എന്ന തച്ചോളി ഒതേനൻ 750 മാണ്ടിൽ ജനിച്ചുവെന്നു ചരിത്രം .
മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം .
ഏഴങ്കം വെട്ടി ജയിക്കുകയും പന്ത്രണ്ട് അങ്കത്തിൽ പദവിതീർക്കുകയും ഇരുപത്തിരണ്ട് അങ്കത്തിൽ താരി താഴ്ത്തുകയും ചെയ്‌ത ആരോമൽ ചേകവരെപ്പോലുള്ളവരുടെ നാട് കൂടിയാണ് വടകര .
ധീരതയുടെയും അതിസാഹസികതയുടെയും പ്രതീകവും വടക്കൻ പാട്ടിലെ സുപ്രധാന സ്ത്രീ കഥാപാത്രവുമായ ഉണ്ണിയാർച്ച പതിനാറാം നൂറ്റാണ്ടിൽ ജീവിതം തുടങ്ങിയത് കടത്തനാട്ടിലെ പുത്തൂരം തറവാട്ടിൽ.1549 ൽ കണ്ണപ്പചേവകരുടെ മകളായി ജനനം .

പണ്ടുകാലങ്ങളിൽ തർക്കങ്ങൾ പരിഹരിക്കുന്നതിൻറെ ഭാഗമായി തർക്കവിഷയങ്ങളുമായി ബന്ധപ്പെടുന്ന വ്യക്തികൾ അല്ലെങ്കിൽ കുടുംബക്കാർ ,കക്ഷികൾ അവരെ പ്രധിനിധീകരിച്ചുകൊണ്ട് അങ്കത്തട്ടിൽ പോരാടുന്നതിനായി പോരാളികളെ നിശ്ചയിക്കുമായിരുന്നു.
അങ്കവെട്ടലിനായാണ് പണ്ട് കാലങ്ങളിൽ അങ്കക്കളരികൾ സ്ഥാപിച്ചിരുന്നത് .എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ സന്നിഹിതരാവാനും പൊതുവെ അംഗീകരിക്കപ്പെടുന്നതുമായ പൊതു ഇടങ്ങളിലായിരിക്കും താൽക്കാലികമായി അങ്കക്കളരികൾ നിർമ്മിച്ചിരുന്നത് .
മുൻകൂട്ടി നിശ്ചയിച്ചപ്രകാരം തർക്കത്തിൽ ഉൾപ്പെടുന്ന രണ്ടു പോരാളികളും അങ്കത്തട്ടിൽ ചാടിക്കയറി ആയുധങ്ങളുമായി ഏറ്റുമുട്ടലുകൾ തുടങ്ങും .അങ്കത്തിൽ വിജയിച്ച പോരാളി പ്രതിനിധീകരിച്ച കക്ഷിയുടെ പേരിലായിരിക്കും വിജയപ്രഖ്യാപനം നടക്കുക .

''പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ ''- പുരാണങ്ങളിൽ വരെ അനുശാസിക്കപ്പെടുന്ന ഈ കാര്യങ്ങൾ കളരിപ്പയറ്റിലും പാലിക്കപ്പെടുന്നതായാണന്നറിവ്.
സ്ത്രീകളോടും കുട്ടികളോടും പ്രായാധിക്യവും അനാരോഗ്യവും അവശതയുമനുഭവിക്കുന്നവരോടും അക്രമം പാടില്ലെന്ന് കളരി നിയമങ്ങളിൽ പ്രത്യേകം നിഷ്ക്കർഷയുണ്ട് .
ധാർമ്മികനിലവാരമില്ലാത്ത കാര്യങ്ങൾക്കായി പോരാട്ടമരുതെന്നപോലെതന്നെ നിരായുധരോടും അക്രമം പാടില്ലെന്നും കളരിപ്പയറ്റിൻറെ പൊതുനിയമം.
ഇത്തരം പൊതു നിയമങ്ങൾ പല സന്ദർഭങ്ങളിലും ലംഘിക്കപ്പെട്ടതായും വടക്കൻപാട്ടിലൂടെ കണ്ണോടിച്ചാൽ കാണാമെന്നത് വേറൊരു സത്യം .

അങ്കത്തിൽ നേരിട്ട് വെട്ടിമരിക്കുന്നവരുടെ മൃതദേഹങ്ങൾ വീരാളിപ്പട്ട് വിരിച്ച്‌ ആചാരത്തോടെയായിരിക്കും പുരാതന കാലങ്ങളിൽ തറവാട്ടിലെത്തിക്കുക .
നേരെ മറിച്ച് ചതിപ്രയോഗത്തിലും ഒളിവാൾ പ്രയോഗത്തിലും മരിച്ചവരാണെങ്കിൽ യാതൊരുവിധ പരിഗണനയും ബഹുമതികളും ഇല്ലാതെ ശരാശരി നിലവാരത്തിൽ പച്ച ഓലയിൽ വെച്ചുകെട്ടിയായിരിക്കും മൃതദേഹം കുടുംബത്തിലെത്തിക്കുക .
ചേകവന്മാരായി ജനിച്ചാൽ വാൾക്കണയിൽ ചോറ് !.ജനനം പുത്തൂരം വീട്ടിലാണെങ്കിൽ നേർച്ചക്കോഴിയുടെ ആയുസ്സ്.ഇതായിരുന്നു അന്നത്തെ ചൊല്ല് .

With Pranams,
Divakaran Chombala.
Mob: 9895745432


English Summary: KURICHIKKARA PARVATHI - BEST KALARIPAYATTU LADY OF KOZHIKODE

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds