കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു
രണ്ടുവർഷത്തിൽക്കൂടുതൽ കുടിശ്ശികയുള്ള വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നവർക്കും പ്രയോജനം ലഭിക്കും.
മുമ്പ് ഇത്തരം പദ്ധതികളിൽ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവർക്കും വൈദ്യുതി മോഷണക്കുറ്റത്തിന്മേൽ നടപടി നേരിടുന്നവർക്കും കുടിശ്ശിക തീർപ്പാക്കാനാവില്ല.
ഗാർഹിക ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ നൽകണം. വ്യാവസായിക ഉപഭോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതിഭവനിലെ റവന്യൂ സ്പെഷ്യൽ ഓഫീസർക്കും നൽകാം. 25 വരെ അപേക്ഷ സ്വീകരിക്കും.
രണ്ടുമുതൽ അഞ്ചുവർഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6.61 ശതമാനം പലിശ നൽകിയാൽ മതി. അഞ്ചുമുതൽ 15 വർഷംവരെ ആറുശതമാനം. 15 കൊല്ലത്തിനുമേലുള്ള കുടിശ്ശികയ്ക്ക് നാലുശതമാനം മതി.
കുടിശ്ശികയായ വൈദ്യുതിനിരക്കും പലിശയുംകൂടി ഒറ്റത്തവണ അടയ്ക്കാൻ തയ്യാറാകുന്നവർക്ക് പലിശയിന്മേൽ രണ്ടുശതമാനംകൂടി ഇളവനുവദിക്കും.