എറണാകുളം: രാസവസ്തുക്കൾ ഉപയോഗിക്കാത്ത ജൈവകീടനാശിനികൾ കർഷകർക്ക് ലഭ്യമാക്കാൻ കടുങ്ങല്ലൂരിൽ ബയോ കൺട്രോൾ ലാബ് ഒരുങ്ങുന്നു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലാണ് ഏലൂക്കരയിൽ ബയോ കൺട്രോൾ ലാബ് യാഥാർത്ഥ്യമാകുന്നത്.
രണ്ടുകോടി രൂപയുടെ പദ്ധതിയിൽ ഒരുങ്ങുന്ന ലാബിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അഗ്രികൾച്ചർ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി 1% പലിശ നിരക്കിലാണ് ഫണ്ട് ലഭിക്കുന്നത്. ഏലൂക്കരയിൽ പുതിയതായി നിർമ്മിക്കുന്ന കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ശാഖാ മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് ലാബ് ഒരുങ്ങുന്നത്. ബാങ്കിംഗ് പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലും സജ്ജീകരിക്കും.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായ കൃഷിയിടങ്ങളിലേക്ക് ജൈവ കീടനാശിനികൾ എത്തിക്കുന്നതിന് ധാരണയായിട്ടുണ്ട്. മറ്റ് കൃഷി സ്ഥലങ്ങളിലേക്കും ജൈവ കീടനാശിനികൾ ലഭ്യമാക്കും. കീടങ്ങളുടെ സാന്നിധ്യം അറിയുന്നതിന് മുൻപേ, ചെടികളുടെ ചെറുപ്രായത്തിൽ ഉപയോഗിച്ചു തുടങ്ങുന്നതാണ് ജൈവ കീടനാശിനികൾ. ഇവ ഉപയോഗിക്കുന്നതിലൂടെ മറ്റു ദോഷവശങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പ്രത്യേകത.
പദ്ധതിയുടെ തുടർച്ചയായി 10,000 ചതുരശ്ര അടി വിസ്തൃതിയിൽ സംഭരണശാലയും ബാങ്കിന്റെ നേതൃത്വത്തിൽ നിർമിക്കുന്നുണ്ട്. കിഴക്കേ കടുങ്ങല്ലൂരിലെ സർവീസ് സഹകരണ ബാങ്കിന്റെ ഓഫീസ് മന്ദിരത്തോട് ചേർന്നാണ് ഗോഡൗൺ നിർമ്മിക്കുന്നത്. 4% പലിശ നിരക്കിൽ എട്ടു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ രണ്ടു കോടി രൂപ 1% പലിശ നിരക്കിൽ ബാങ്കിന് ലഭിക്കും. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളും കേടുകൂടാതെ സൂക്ഷിക്കാനാണ് ഗോഡൗൺ നിർമ്മിക്കുന്നത്.