എറണാകുളം: ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന പഴം പച്ചക്കറി ചന്തയുമായി ബ്ലോക്ക് പഞ്ചായത്ത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രോ സർവീസ് സെൻ്ററിൻ്റെയും നേതൃത്വത്തിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവഹിച്ചു. വിഷരഹിത പച്ചക്കറി ഉൽപാദനത്തിന് കഴിഞ്ഞ മൂന്നുവർഷമായി ബ്ലോക്ക് പഞ്ചായത്ത് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുകയാണ്. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികവിളകൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കർഷകരിൽ നിന്നും നേരിട്ടാണ് പഴങ്ങളും പച്ചക്കറികളും സംഭരിക്കുന്നത്. ഇതുവഴി കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉൽപന്നങ്ങൾ വാങ്ങാനും സാധിക്കും. സഞ്ചരിക്കുന്ന പച്ചക്കറി ചന്ത കോതമംഗലം ടൗണിൽ വിവിധ മേഖലകളിൽ വിപണനം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനിസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേൽ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, നിസ മോൾ ഇസ്മായിൽ, ടി.കെ കുഞ്ഞുമോൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.