ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയുടെ എക്സിക്യുട്ടീവ് എഡിറ്റർ ശ്രീ .സുരേഷ് മുതുകുളം രചിച്ച് ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച "അലങ്കാര ഇലകൾ " എന്ന സചിത്ര പുസ്തകം മുൻ കൃഷിവകുപ്പു മന്ത്രി ശ്രീ.മുല്ലക്കര രത്നാകരൻ എം.എൽ.എ.സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ എം.ഡി.ശ്രീ.എസ്.കെ.സുരേഷിന് ആദ്യ കോപ്പി നൽകി ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്‌തു .
ചടങ്ങിൽ തിരക്കഥാകൃത്ത് ശ്രീ.ചെറിയാൻ കൽപകവാടി,സിനിമാസംവിധായകൻ ശ്രീ.എം.എ .നിഷാദ്. തുടങ്ങിയവർ പങ്കെടുത്തു .കൂടാതെ ലൈബ്രറി കൗൺസിൽ കൊട്ടാരക്കര താലൂക്ക് പ്രസിഡൻ്റ് ശ്രീ.ജെ.സി.അനിൽ,സ്വതന്ത്രപത്രപ്രവർത്തകൻ ശ്രീ.നാരായണമൂർത്തി,നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.സുധാകരൻ നായർ, സുധീർ കടയ്ക്കൽ, എസ്.ബുഖാരി, ഗ്രേഷ്യസ് എന്നിവരും സംബന്ധിച്ചു.
പുഷ്പാലങ്കാരങ്ങളിലും ബൊക്കേകളിലും അവിഭാജ്യഘടകമാണ് അലങ്കാര ഇലകൾ.
ഇവയ്ക്ക് കട്ട് ഫോളിയേജസ് അഥവാ 'വെട്ടിലകൾ' എന്നുപറയുന്നു.
നാട്ടിലും മറുനാട്ടിലും അലങ്കാര ഇലച്ചെടികൾക്കും ഇലകൾക്കും ഉപയോഗവും വിപണിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായാണ് സമീപകാലവാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .
കേരളത്തിലെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തിൽ വളർത്താനും വിപണനം ചെയ്യാനും കഴിയുന്ന വിവിധ ഇലച്ചെടികളുടെ വളർത്തൽ, പരിപാലനം, വംശവർധന, ഫസ്റ് ഐഡ് തുടങ്ങിയവ ഉൾപ്പെടുത്തിയ ''അലങ്കാര ഇലകൾ '' എന്ന ഈ മലയാളകൃതിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശനമാണ് ഇന്ന്
തിരുവനന്തപുരത്ത് നടന്നത് .
അലങ്കാര ഇലച്ചെടിവളർത്തൽ ഏറെ സജീവവും കാലികപ്രാധാന്യമുള്ളതും ആദായകരവുമായ സംരംഭമാണിന്ന്.
ആഭ്യന്തര വിദേശ വിപണികളിൽ ആരാധകരേറെ. ഇടവിളയായും വളർത്താൻ ഉത്തമം.
161 പേജുകളിലൂടെ ഇതൾ വിരിയുന്ന ഈ പുസ്‌തകത്തിലൂടെ ഉദ്യാനപ്രേമികൾക്ക് പ്രിയങ്കരമായ വിവിധയിനം അലങ്കാരച്ചെടികളെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നു .
കൂടാതെ അവയുടെ നടീൽ ,വളർത്തൽ രീതി മറ്റു പരിചരണങ്ങൾ തുടങ്ങിയവയെ വളരെ ആധികാരികമായും ലളിതമായും വിവരിക്കുന്ന സചിത്ര പുസ്തകം കൂടിയാണിത് .
ഇതിനകം നിരവധി പുസ്‌തകങ്ങളുടെ രചയിതാവായ ഇദ്ദേഹം കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്റ്റർ ,പ്രമുഖ ഫാം ജേർണലിസ്റ്റ് ,ഫാം ഇൻഫോർമേഷൻ ബ്യുറോയുടെ ഉപദേശക സമിതി അംഗം ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർ എന്നീ നിലകളിലും മികവുറ്റ സേവനമനുഷ്ഠിച്ചിച്ചുണ്ട് .
മികച്ച കാർഷിക മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരവും സദ്‌സേവനരേഖയും ലഭിച്ചി ഇദ്ദേഹം കഴിഞ്ഞ 25 വർഷത്തിലേറെയായി മാതൃഭൂമി ദിനപത്രത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് .