തിരുവനന്തപുരം: ഐസിഎആർ-കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (ഐസിഎആർ-സിടിസിആർഐ) കൂർക്ക കൃഷിയുമായി ബന്ധപ്പെട്ട ക്രോഡീകരണ സമ്മേളനം 2023 ഒക്ടോബർ 06 ന് ഇൻസ്റ്റിറ്റ്യൂട്ടിലെ മില്ലേനിയം ഹാളിൽ രാവിലെ 10 മണിക്ക് നടത്തുന്നു.
ഇന്ത്യയിലെ കൂർക്ക കൃഷി മേഖല നേരിടുന്ന നിർണായക വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് പങ്കാളികളെ ശാക്തീകരിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ഡീൻ (ഹോർട്ടികൾച്ചർ) ഡോ. പി. ഐറിൻ വേദമണി പരിപാടിയുടെ മുഖ്യാതിഥിയാകും. ഡോ. ഷീബ റെബേക്ക ഐസക്, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ആർഎആർഎസ്- കുമരകം ആയിരിക്കും പരിപാടിയിലെ വിശിഷ്ടാതിഥി.
ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ. ജി.ബൈജു അധ്യക്ഷത വഹിക്കുന്ന ഈ സമ്മേളനത്തിന്റെ പ്രാഥമിക ലക്ഷ്യം ഇന്ത്യയിലെ കൂർക്ക കൃഷി മേഖല നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഏറ്റവും നവീനവും അനുയോജ്യവുമായ സമീപന മാർഗങ്ങൾ ആവിഷ്കരിക്കുക എന്നുള്ളതാണ്.
ഗവേഷകർ, അക്കാദമിക് വിദഗ്ധർ, എക്സ്റ്റൻഷൻ പ്രൊഫഷണലുകൾ, കൂർക്ക കർഷകർ, വ്യാപാരികൾ, മറ്റ് ഉപയോക്താക്കൾ എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന ഒരു കൂട്ടം പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാൻ ഇവന്റ് ലക്ഷ്യമിടുന്നു. നൂറിലധികം പങ്കാളികൾ പങ്കെടുക്കുന്ന ഈ പരിപാടി, ഇന്ത്യയിലെ കൂർക്ക വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന നൂതന തന്ത്രങ്ങൾക്കും പരിഹാരങ്ങൾക്കും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.