നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്നും ഒഴിച്ചുനിർത്താനാവാത്ത ഒന്നാണ് എരിവുകൂടിയ ഭക്ഷണങ്ങൾ. കുരുമുളകും മുളകുമെല്ലാം വീടുകളിൽ തന്നെ വളർത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശീലം പണ്ടുകാലം മുതലേ നിലനിൽക്കുന്നുണ്ട്. എന്നാൽ ഫ്ലാറ്റുകളിലെ താമസവും വീടുകളിലെ സ്ഥലപരിമിതിയും പഴയ ശീലങ്ങളിൽ നിന്നും നമ്മെ ഒരുപാട് അകറ്റിയിട്ടുണ്ട്.പുതിയ കാലത്തും കുരുമുളക് പോലെ കൃഷി ചെയ്യാൻ പ്രയാസമുള്ള വിളകളും നമ്മുക്ക് സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യാം. കുറ്റികുരുമുളക് ഇപ്പോൾ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒന്നാണ്.കുറ്റികുരുമുളക് വളരെ ലാഭകരമായ ഒരു കൃഷിയാണ്. പൊതുവെ താങ്ങുമരങ്ങളിൽ പടർത്തുന്ന രീതിയാണ് കുരുമുളകിനായി ചെയ്യാറുള്ളത്, എന്നാൽ സ്ഥലലഭ്യത കുറവ് പലപ്പോഴും കുരുമുളക് കൃഷിയിൽ നിന്നും ആളുകളെ അകറ്റാറുണ്ട്. കുറ്റികുരുമുളക് വീടുകളിൽ പോലും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുകയും പരിപാലിക്കുകയും ചെയ്യാം. പത്തുവർഷം വരെ കായ്‌ഫലം തരാൻ ഇവയ്ക്ക് കഴിയും.
വർഷത്തിൽ മുഴുവൻ ഇവ കായ്ഫലം ചെയ്യുമെന്നതിനാൽ ഇവ വളരെ ലാഭകരമാണ്.കുറ്റികുരുമുളക് വളരെ എളുപ്പത്തിൽ വീടുകളിലെ ഗ്രോ ബാഗുകളിലും ചെടി ചട്ടികളിലും ലാഭകരമായും, എളുപ്പത്തിലും കൃഷി ചെയ്യാം. കുരുമുളകിനെ അപേക്ഷിച്ച് കുറ്റികുരുമുളക് വിളവെടുപ്പും വളരെ എളുപ്പമാണ്. ഇവയുടെ തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങുകയോ വള്ളികുരുമുളകിൽനിന്നും തൈകൾ ഉണ്ടാക്കിയെടുക്കുകയോ ചെയ്യാം. നഴ്സറികളിൽ നിന്നും തൈകൾ വാങ്ങുമ്പോ ഗ്രാഫ്ട് ചെയ്ത തൈകളാണ് വാങ്ങേണ്ടത്. പാർശ്വ ശിഖരങ്ങളിൽ വേരുപിടിപ്പിച്ചിട്ടുള്ള തൈകൾക്ക് വളർച്ച വളരെ കുറവായിരിക്കുകയും കൂടാതെ കായ്‌ഫലം ഗ്രാഫ്ട് ചെയ്ത തൈകളെ അപേക്ഷിച്ച കുറഞ്ഞിരിക്കുകയും ചെയ്യും.
കൃഷി രീതി
എട്ടുവർഷം പഴക്കമുള്ള വള്ളികുരുമുളകിൽ നിന്നുമാണ് കുറ്റികുരുമുളക് തൈകൾ ഉണ്ടാക്കിയെടുക്കുന്നത്.പ്രധാന തണ്ടിൻ്റെ മുട്ടുകളില്‍ നിന്ന് വശങ്ങളിലേക്ക് വളരുന്ന ശാഖകളാണ് കുറ്റി കുരുമുളക് ഉല്പാദിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്.മേയ് -ജൂണ്‍ മാസങ്ങളിലാണ് ഇവ കൃഷി ചെയ്യാൻ ഉത്തമം.മധ്യപ്രായമുള്ള പച്ചനിറം മാറാത്ത പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്.മണ്ണും മണലും ചാണകപ്പൊടിയും 1 : 1 : 1 എന്ന അനുപാതത്തില്‍ എടുത്ത് അതില്‍ കുറച്ച് വേപ്പിന്‍ പിണ്ണാക്കുമായി നല്ലവണ്ണം ഇളക്കി മിശ്രിതമായി ചേര്‍ത്തു വയ്ക്കുക. ഈ മിശ്രിതം 25 x 10 സെന്റീ മീറ്റര്‍ വലിപ്പമുള്ള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. കുറ്റികുരുമുളക് വേര് പിടിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയാണ്. വേഗത്തിൽ വേര് പൊട്ടുന്നതിനായി ശാഖകള്‍ നാലഞ്ചു മുട്ടുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തിട്ട് ചുവടുഭാഗം 1000 പി.പി.എം. ഇന്‍ഡോള്‍ ബ്യുട്ടിറിക് ആസിഡ് ലായനിയില്‍ 45 സെക്കന്‍ഡ് മുക്കിയശേഷം നടുക.
വൈകുന്നേരമാണ് കുരുമുളക് തലകള്‍ മുറിക്കേണ്ടത്. കലര്‍ത്തിനിറച്ച ചട്ടിയിലോ ബക്കറ്റ്, കുപ്പി, ചെടിച്ചട്ടി എന്നിവയിലോ തൈകൾ നടാം. എല്ലാ സമയത്തും ഇവയിൽ നിന്നും കുരുമുളക് ലഭ്യമാവുകയും ചെയ്യും.വെയിൽ നന്നായി ഏൽക്കുന്ന സ്ഥലങ്ങളിലാണ് ഇവ വളർത്തേണ്ടത്. ഇവയുടെ ഇലകൾ ഇടക്കിക്കിടെ നനച്ചു കൊടുക്കുന്നത് വളരെ ഗുണം ചെയ്യും. യഥാസമയം പരിപാലിച്ചാല്‍ ഒരു ചട്ടിയില്‍ നിന്നും അരകിലോ മുതല്‍ ഒരു കിലോ വരെ കുരുമുളക് കിട്ടും.
രോഗങ്ങൾ
കുരുമുളകു ചെടികളെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം. ദ്രുതവാട്ടം തടയാന്‍ മഴക്കാലാരംഭത്തിനു മുന്‍പായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിയ്ക്കണം. വള്ളിച്ചുവട്ടിൽനിന്നു മണ്ണുനീക്കി ചുവട്ടിൽനിന്നും 40 സെ.മീ. ഉയരംവരെ ബോര്‍ഡോ കുഴമ്പു പുരട്ടുകയും ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി കൊടി മുഴുവൻ നനയത്തക്കവിധം തളിക്കുകയും ചെയ്താൽ ഒരു പരിധി വരെ ദ്രുതവാട്ടത്തെ തടയാം. മഴക്കാലത്താണ് പൊതുവെ ഒരു തരം കുമിൾ കുരുമുളകിനെ ബാധിക്കുന്നത്. ഇത് തണുപ്പ് കൊടിയ സ്ഥലങ്ങളിൽ വേര് വഴിയുംആക്രമണം നടത്താം. കുരുമുളക് ചെടിയെ ഇത് ബാധിക്കുമ്പോൾ ഇലകളിൽ വെള്ളം തട്ടിയ രീതിയിലുള്ള പാടുകൾ ദൃശ്യമാകും. പിന്നീടിത് ഇരുണ്ട തവിട്ടുനിറത്തിലാകുന്നു. ഈ പാടുകൾ ക്രമേണ വലിപ്പംവച്ച് ഇലകളെ ഉണക്കുന്നു. ഇതുതന്നെ തന്നെ തണ്ടുകളിലും സംഭവിക്കാം. രോഗം ബാധിച്ചുകഴിഞ്ഞാൽ രണ്ടാഴ്ചകൊണ്ട് ചെടി മുഴുവനായി ഉണങ്ങിപോകും.വേനല്‍ക്കാലത്ത് തണല്‍ നല്‍കിയാല്‍ ഇല കരിച്ചില്‍ തടയാനും പുതയിട്ടാല്‍ ജലസേചനം കുറയ്ക്കുകയും ചെയ്യാം. കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂസോമോണോസ് ലായിനി തളിയ്ക്കുന്നത് നല്ലതാണ്. ഇലപ്പേന്‍, ശല്‍ക്ക കീടങ്ങളുടെ ആക്രമണം ഇവ തടയാന്‍ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിച്ചാല്‍ മതിയാകും.
വളപ്രയോഗം
കുരുമുളക് പിടിച്ചുതുടങ്ങുമ്പോൾ15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിൻപിണ്ണാക്കും ഒരാഴ്ച ഇടവിട്ട് ചേർത്താൽ വളർച്ച മെച്ചപ്പെടും. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, നേർപ്പിച്ച ഗോമൂത്രം എന്നിവയും നല്ല ജൈവവളങ്ങളാണ്. കൂടുതൽ വിളവ് കിട്ടണമെങ്കിൽ രണ്ട് ഗ്രാം യൂറിയ, 2.5 ഗ്രാം ഫോസ്ഫറസ്, നാല് ഗ്രാം പൊട്ടാഷ് എന്നിവ രണ്ടു മാസം ഇടവിട്ട് ചേർക്കണം.