കൊച്ചി: ഹൈബി ഈഡൻ എം പി ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക് കിഡ് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നടപ്പിലാക്കുന്ന ബട്ടർ ഫ്‌ളൈസ് പദ്ധതിയുടെ പ്രഖ്യാപനം ചലച്ചിത്രതാരം ജയസൂര്യ നിർവ്വഹിച്ചു. 17 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ വിവിധ ശസ്ത്രക്രിയകൾക്ക് സഹായകരമാകുന്ന പദ്ധതിയാണിത്.
പദ്ധതി പ്രകാരം ശസ്ത്രക്രിയയ്ക്ക് വരുന്ന തുകയുടെ 25 ശതമാനം മാത്രം ഗുണഭോക്താക്കൾ നല്കിയാൽ മതിയാകും. കുട്ടികളുടെ കിഡ്‌നി, ലിവർ, ബോൺ മാരോ ട്രാൻസ്‌പ്ലാന്റുകൾ, അപസ്മാര ശസ്ത്രക്രിയകൾ, ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങി നിരവധി ശസ്ത്രക്രിയകൾ പദ്ധതിയിൽ ഉൾപ്പെടും. കേരളത്തിൽ എവിടെയുമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഹൈബി ഈഡൻ എം പി ചെയർമാനായ സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റും ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ആസ്റ്റർ ഡി എം ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പ് വച്ചു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി എം പി ചെയർമാനായുള്ള ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക അവസ്ഥ പരിഗണിച്ചായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുക. പദ്ധതിയ്ക്ക് വിവിധ സോഷ്യൽ മീഡിയ, ക്രൗഡ് ഫണ്ടിംഗ് ഗ്രൂപ്പുകളുടെ പിന്തുണയും തേടും.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ആരോഗ്യ സഞ്ജീവനി പോളിസി; അഞ്ച് ലക്ഷം വരെ ഹെൽത്ത് ഇൻഷുറൻസ്
ദൈവാനുഗ്രഹ്മുള്ള പദ്ധതിയാണിതെന്ന് ജയസൂര്യ പറഞ്ഞു. എം.പി എന്ന നിലയിൽ മാത്രമല്ല ഹൈബി ഈഡന്റെ പ്രവർത്തനം. സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവരുടെ വേദന കൂടി ഉൾക്കൊണ്ടുള്ള കരുതലാണ് ഹൈബിയുടെ ഓരോ പദ്ധതികളും. പണമില്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞിൻറെ പോലും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കരുതെന്നും എല്ലാ ആശുപത്രികളും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ മുന്നോട്ട് വരണമെന്നും ജയസൂര്യ പറഞ്ഞു. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. സാമ്പത്തീക പരാധീനതകൾ മൂലം കൃത്യമായ ചികിത്സ ലഭിക്കാത്ത കുട്ടികളുടെ എണ്ണം ദിനം പ്രതി വർധിച്ച് വരികയാണ്. സങ്കീർണമായ രോഗങ്ങളുള്ള കുട്ടികൾക്കൊപ്പം നിൽക്കുക എന്നതാണ് ആസ്റ്ററുമായി സഹകരിച്ചുള്ള ഈ പദ്ധതിയുടെ ലക്‌ഷ്യം. പരമാവധി കുട്ടികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നതിനുള്ള പരിശ്രമം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ ആസ്റ്റർ ഹോസ്പിറ്റലുകളും പദ്ധതിയുടെ ഭാഗമാകും. ആരോഗ്യ രംഗത്ത് ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാകും ഇത്തരം പദ്ധതി.
പണമില്ലാത്തതിൻറെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കപെടില്ലെന്നും ആസ്റ്റർ ആശുപത്രിയിലെ 13000 ജീവനകാകർക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും ആസ്റ്റർ ഹോസ്പിറ്റൽസ് റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ചികിത്സയ്ക്ക് പണം മാത്രം മാനദണ്ഡമാകരുതെന്നും എല്ലാവര്ക്കും അർഹമായ ചികിത്സ ലഭിക്കുന്ന കേരള മോഡലാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആസ്റ്റർ ഡി എം ഫൗണ്ടേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം പങ്കെടുത്തു.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് 9447001234 എന്ന നമ്പറിലേക്ക് ഒരു വാട്ട്സ് അപ്പ് മെസേജ് അയച്ചാൽ മതിയാകും. അപ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ വിദഗ്ധ സമിതി പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുത്ത് ശസ്ത്രക്രിയ നടത്തും.