കൊച്ചി: നാളികേരത്തിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിൻ്റെ ചങ്ങാതിക്കൂട്ടം (FoCT) കോൾ സെൻ്ററിലേയ്ക്ക് വിളിച്ച് സേവനം ഉറപ്പാക്കൂ. കേരളത്തിലെവിടെയുമുള്ള കേര കർഷകർക്ക് വിളിപ്പുറത്ത് തെങ്ങിൻ്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോൾ സെൻ്ററിലൂടെ ബോർഡ് ലക്ഷ്യമാക്കുന്നത്.
സേവനം ലഭ്യമാകുന്നതിനായി ഹലോ നാരിയൽ കോൾ സെൻ്ററിൻ്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്. ബോർഡിൻ്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോൾ സെൻ്ററിൻ്റെ പ്രവർത്തനം തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. ഇതുവരെ 990 ചങ്ങാതിമാരാണ് കോൾ സെൻ്ററിലേയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുന്നത്. വിളവെടുപ്പ്, തെങ്ങിൻ്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം. തെങ്ങുകയറുന്നതിനും മറ്റു കേര പരിപാലന മുറകൾക്കും വേതനം തീരുമാനിക്കേണ്ടത് തെങ്ങിൻ്റെ ചങ്ങാതിമാരും കർഷകരും തമ്മിലുള്ള ധാരണിയലൂടെയാകണം. വേതനം നിശ്ചയിക്കുന്നതിൽ ബോർഡ് ഇടപെടുന്നതല്ല.
ഇതിനു പുറമെ കർമ്മനിരതരായി സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും, തെങ്ങിന്റെ ചങ്ങാതിമാർക്കും കോൾ സെന്ററിൽ രജിസ്റ്റർ ചെയ്യാം. ഇപ്രകാരം കോൾ സെൻ്റിൻ്റെ സേവനം കർഷകർക്കൊപ്പം തെങ്ങിന്റെ ചങ്ങാതിമാരും പരമാവധി പ്രയോജനപ്പെടുത്തുക. കൂടാതെ നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും നൽകുന്നുണ്ട്. കേര സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൻ കീഴിൽ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് നൽകുന്നത്.