ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഏതൊരാളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതാണ് ഒരു ഡിഎസ്എല്‍ആര്‍ ക്യാമറ. വിപണിയിൽ ഒരുപാട് ക്യാമറകൾ ലഭ്യമാണെങ്കിലും വർഷങ്ങളുടെ പാരമ്പര്യമുള്ള കാനൺ ഡിഎസ്എല്‍ആറിന്റെ സ്ഥാനത്തിലേക്ക് പകരക്കാരുമില്ല. എന്നാൽ, പതിറ്റാണ്ടുകളായി ഗുണഭോക്താക്കളുടെ വിശ്വാസം സ്വന്തമാക്കിയ കാനൺ ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിർമാണം നിര്‍ത്തുന്നതായാണ് റിപ്പോർട്ട്.
ബന്ധപ്പെട്ട വാർത്തകൾ: വാഹനം വാങ്ങുന്നവർ ശ്രദ്ധിക്കൂ! ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരിൽ നിന്നും ഇത്രയും ഇളവുകളോ!
2020ൽ എത്തിയ കാനണ്‍ ഇഔഎസ്- 1ഡി എക്‌സ് മാര്‍ക്ക് III ആണ് കാനണിന്റെ അവസാനത്തെ ഡിഎസ്എല്‍ആര്‍ ക്യാമറയെന്നാണ് ഔദ്യോഗിക വാർത്താവൃത്തങ്ങൾ വ്യക്തമാക്കുന്നത്. തങ്ങളുടെ അവസാനത്തെ വില കൂടിയ മുന്‍നിര ഡിഎസ്എല്‍ആര്‍ ക്യാമറ, ഇഔഎസ്- 1ഡി എക്‌സ് മാര്‍ക്ക് III ആണെന്ന് കമ്പനി അറിയിച്ചതായാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്.
മിറര്‍ലെസ് ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിർമാണം ത്വരിതപ്പെടുത്തുന്നതിനും അവയിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനുമായാണ് കമ്പനി ഈ തീരുമാനത്തിൽ എത്തിയത്. എന്നിരുന്നാലും, ഇപ്പോഴും തുടക്കക്കാര്‍ക്കും ഇന്റര്‍മീഡിയറ്റ് എസ്എല്‍ആര്‍ ക്യാമറകൾക്കും വിദേശത്ത് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഏതാനും വര്‍ഷങ്ങൾ കൂടി ഉൽപാദനം തുടരുമെന്നും, ശേഷം നിർമാണം അവസാനിപ്പിക്കുമെന്നും കാനൺ സിഇഒ ഫുജിയോ മിതാരായ് ഒരു ദേശീയ മാധ്യമത്തിനോട് വിശദമാക്കി.
കാനണിന്റെ എസ്എല്‍ആര്‍ മുന്‍നിര മോഡല്‍ ‘EOS-1’സീരീസ് എന്നാണറിയപ്പെടുന്നത്. 1989ൽ ഇതിലെ ആദ്യത്തെ മോഡൽ പുറത്തിറങ്ങി. 2020ലാണ് ഏറ്റവും പുതിയ മോഡൽ പ്രത്യക്ഷപ്പെട്ടത്.
ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിർമിക്കാൻ തീരുമാനിച്ചെങ്കിലും, മാര്‍ക്ക് III പോലുള്ള മുന്‍നിര ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിർമിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കാനണ്‍ 1ഡിഎക്‌സ് മാര്‍ക് III പ്രത്യേകതകളറിയാം...
2020 ജനുവരിയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡല്‍ EOS-1D X Mark III ക്യാമറയ്ക്ക് 6,499 ഡോളർ രൂപയായിരുന്നു വില. ഇന്ത്യൻ മൂല്യത്തിൽ ഇത് ഏകദേശം 4,84,789 രൂപയാണ്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറുകൾക്കും മാധ്യമപ്രവർത്തകർക്കുമിടയിൽ ഇതിന് വലിയ പ്രചാരവും സ്വീകാര്യതയുമുണ്ടായിരുന്നു.
വളരെ വേഗം ചിത്രങ്ങളെ ഒപ്പിയെടുക്കുന്ന കാനണ്‍ 1ഡിഎക്‌സ് മാർക് IIIയ്ക്ക് 20.1 മെഗാപിക്‌സല്‍ ഫുള്‍-ഫ്രെയിം സിഎംഒഎസ് സെന്‍സറുണ്ട്. വ്യൂ ഫൈന്‍ഡറില്‍ 16 എഫ്പിഎസ് വേഗതയില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നുവെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
ലൈവ് വ്യൂ ഉപയോഗിക്കുമ്പോൾ 20എഫ്പിഎസ് വേഗതയും ലഭിക്കുന്നു. കായിക ഇനങ്ങളിലും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും ഉപയോഗിക്കാവുന്ന മികച്ച ക്യാമറ ആയതിനാൽ കാനണ്‍ 1ഡിഎക്‌സ് മാർക് IIIയ്ക്ക് വലിയ ജനപ്രിയത ലഭിച്ചിരുന്നു.
ലോകപ്രശസ്ത ഡിഎസ്എൽആർ നിർമാതാക്കളായ കാനൺ പുതിയതായി നിർമിക്കുന്ന മിറർലെസ് ക്യാമറകളെ കുറിച്ചും അഭ്യൂഹങ്ങൾ വ്യാപിച്ചു കഴിഞ്ഞു. അതിവേഗം ചിത്രം പകർത്തുന്ന, നിലവിലുള്ള എല്ലാ കമ്പനികളുടെയും ഉൽപ്പന്നങ്ങളെയും കടത്തിവെട്ടുന്ന തരത്തിൽ മികച്ച മെഗാപിക്‌സലുകളുള്ള മിറര്‍ലെസ് ക്യാമറകളായിരിക്കും ഇവയെന്നും പറയപ്പെടുന്നു. ഫോട്ടോയും വിഡിയോയും പകര്‍ത്താവുന്ന ഹൈബ്രിഡ് മോഡലുകള്‍ ഉള്ളതാണ് മിറർലെസ് ക്യാമറകളിലെ പ്രധാന ആകർഷക ഘടകം.