1. നാടന്‍ തോട്ടണ്ടി കിലോയ്ക്ക് 110 രൂപ നിരക്കിലും കശുമാങ്ങ കിലോയ്ക്ക് 15 രൂപ നിരക്കിലും സംഭരിക്കുമെന്ന് കാഷ്യൂ കോര്‍പറേഷൻ. കാഷ്യൂ കോര്‍പറേഷന്റെ കൊല്ലം, തലശ്ശേരി, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 30 ഫാക്ടറികളിലും നാടന്‍ തോട്ടണ്ടി സംഭരിക്കുമെന്ന് ചെയര്‍മാന്‍ എസ്. ജയമോഹനും മാനേജിങ് ഡയറക്ടര്‍ കെ. സുനില്‍ ജോണും അറിയിച്ചു. സര്‍ക്കാറിന്റെ വിലനിര്‍ണയ കമ്മിറ്റി യോഗം ചേര്‍ന്ന് കിലോക്ക് 110 രൂപ നല്‍കാനാണ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 105 രൂപയായിരുന്നു. കര്‍ഷകനെ സഹായിക്കുകയും ഇതര സംസ്ഥാനങ്ങളിലേക്ക് തോട്ടണ്ടി പോകുന്നത് തടയുകയും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. കശുമാങ്ങ കിലോക്ക് 15 രൂപ നല്‍കി സംഭരിക്കും. കേടുകൂടാതെ സംഭരിക്കുന്ന കശുമാങ്ങ കോര്‍പറേഷന്റെ കൊട്ടിയം ഫാക്ടറിയില്‍ വാങ്ങും. കാഷ്യൂ കോര്‍പറേഷന്‍ വിപണിയില്‍ ഇറക്കിയിട്ടുള്ള കാഷ്യൂ സോഡാ, കാഷ്യൂ ആപ്പിള്‍ ജ്യൂസ്, കാഷ്യൂ പൈന്‍ ജാം എന്നിവയുടെ ഉല്‍പാദനത്തിനായാണ് കശുമാങ്ങ വാങ്ങുന്നത്. 100 കിലോയില്‍ കൂടുതല്‍ കര്‍ഷകര്‍ ശേഖരിച്ചുവച്ചാല്‍ കോര്‍പറേഷന്‍ തോട്ടങ്ങളില്‍ എത്തി സംഭരിക്കുമെന്നും വിളവെടുക്കുന്ന ദിവസം തന്നെ കോര്‍പറേഷനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
2. തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 24, 25 തീയതികളില്‍ "ഇറച്ചിക്കോഴി വളര്‍ത്തല്‍" എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളിൽ 0471 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.