എറണാകുളം: പാലുൽപാദനം കൂട്ടാൻ പശുക്കളുടെ ആഹാരരീതി പരിശോധിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സുസ്ഥിര പാലുല്‍പ്പാദനം ലക്ഷ്യമിട്ടുള്ള പശുക്കളുടെ ശാസ്ത്രീയ ഭക്ഷണ രീതികളെക്കുറിച്ചും അതത് പ്രായങ്ങളില്‍ നല്‍കേണ്ട തീറ്റക്രമങ്ങളെക്കുറിച്ചുമുള്ള കേരള ഫീഡ്‌സിന്റെ പ്രത്യേക സെമിനാര്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ വാർത്തകൾ: സമൂഹത്തിൽ ക്ഷീര കര്‍ഷകര്‍ നല്‍കുന്ന സംഭാവന വളരെ വലുത്: മന്ത്രി വീണാ ജോര്‍ജ്
മന്ത്രിയുടെ വാക്കുകൾ..
പാലുല്പാദനം ക്രമേണ വര്‍ധിപ്പിക്കാന്‍ പശുക്കളുടെ ആഹാരരീതി പരിശോധിച്ച് വിലയിരുത്തി വേണ്ട മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പശുക്കളിലെ പാലുല്‍പ്പാദനക്ഷമത ക്രമേണ കുറയ്ക്കുന്ന ഗുണനിലവാരം കുറഞ്ഞ അന്യസംസ്ഥാന കാലിത്തീറ്റകളുടെ വരവ് നിയന്ത്രിക്കുക, ആവശ്യമായ കാലിത്തീറ്റ സംസ്ഥാനത്തിനകത്ത് തന്നെ ഉല്‍പാദിപ്പിക്കുക തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന കാലിത്തീറ്റ - കോഴിത്തീറ്റ ധാതുലവണ മിശ്രിത നിയമ നിര്‍മ്മാണം നടന്നു വരികയാണ്.
അതിന് വേണ്ടിയുള്ള 15 അംഗ എം.എല്‍.എമാരുടെ സംഘം അടുത്തുതന്നെ ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും മികച്ച ഗുണമേന്മയുള്ള പാലുത്പാദന മേഖലയായി തിരഞ്ഞെടുത്ത മലബാര്‍ മേഖല ഉദാഹരണം ആയെടുത്തു പരിശോധിച്ച് അവിടെ നടപ്പാക്കിയ ഗുണകരമായ മാറ്റങ്ങള്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. പത്തനംതിട്ടയിലെ കന്നുകാലികളില്‍ നടപ്പിലാക്കി വരുന്ന ഇ -സമൃദ്ധ ആര്‍എഫ്‌ഐഡി (RFID) പദ്ധതി മറ്റു ജില്ലകളിലും ഉടനടി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ഫീഡ്‌സ് എം.ഡി ഡോ. ബി ശ്രീകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശിഗന്‍, മില്‍മ എം.ഡി ആസിഫ് കെ. യൂസഫ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കെഎല്‍ഡിബി എം.ഡി ഡോ.ആര്‍. രാജീവ്, വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ ന്യുട്രീഷന്‍ വിഭാഗം മേധാവി ഡോ.കെ. അല്ലി, മൃഗസംരക്ഷണ വകുപ്പ് എസ്.എല്‍.ബി.പി അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജിജിമോന്‍ ജോസഫ്, ഡോ.എം. ജി അജിത്, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കോശി അലക്‌സ്, കേരള ഫീഡ്‌സ് എജിഎം ഉഷ പദ്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image credits; facebook/jchinchuraniminister