കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പി.എം. കിസാന്‍) രജിസ്ട്രേഷന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കി നേരിട്ട് നടത്താൻ കേന്ദ്രം തീരുമാനിച്ചു.നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളാണ് കര്‍ഷകരുടെ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് കൈമാറുന്നത്. ഇതിനു പകരം, പി.എം. കിസാന്‍ പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് രജിസ്ട്രേഷന്‍ നടത്താനുള്ള സംവിധാനം ഉടന്‍ വരും.
ആധാര്‍ നമ്ബര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കൃഷിഭൂമിയുടെ രേഖകള്‍ തുടങ്ങിയവ അപ്ലോഡ് ചെയ്ത് പോര്‍ട്ടലില്‍ കര്‍ഷകന് തന്നെ രജിസ്ട്രേഷന്‍ നടത്താം. ഈ രേഖകള്‍ കേന്ദ്രം പരിശോധിച്ച്, സംസ്ഥാനങ്ങളുടെ അംഗീകാരത്തിനായി കൈമാറും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കുടിശിക ഉള്‍പ്പെടെ തുക കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ കൈമാറും.
ഉദ്യോഗസ്ഥതല കാലതാമസങ്ങളും രാഷ്ട്രീയ ഇടപെടലുകളും ഒഴിവാക്കി, ഉടന്‍ ആനുകൂല്യം കൈപ്പറ്റാന്‍ കര്‍ഷകരെ ഓപ്പണ്‍ രജിസ്ട്രേഷന്‍ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ പദ്ധതിയുടെ മൂന്നാംഗഡുവായി 2,000 രൂപ വീതം ഇനി ലഭിക്കൂ. കുടിശികയായ മൂന്നാംഗഡു വിതരണം നവംബറിലുണ്ടായേക്കും.