ന്യൂ ഡൽഹി: 'ഭാരത്' ബ്രാൻഡിന് കീഴിൽ ഗോതമ്പ് മാവ് (ആട്ട) വിൽക്കുന്നതിനുള്ള 100 മൊബൈൽ വാനുകൾ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ നിന്ന് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ആട്ട ഒരു കിലോഗ്രാമിന് 27.50 രൂപയിൽ കൂടാത്ത എം ആർ പി യിൽ ലഭിക്കും. ‘ഭാരത്’ ബ്രാൻഡിലുള്ള ആട്ടയുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നത്, വിപണിയിൽ മിതമായ നിരക്കിൽ ആട്ടയുടെ ലഭ്യത വർധിപ്പിക്കുകയും, ഈ സുപ്രധാന ഭക്ഷ്യ ഇനത്തിന്റെ വില തുടർച്ചയായി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ഭാരത് ആട്ട ഇന്ന് മുതൽ കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവയുടെ എല്ലാ നേരിട്ടുള്ള /മൊബൈൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. കൂടാതെ മറ്റ് സഹകരണ /റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.
ഓപ്പൺ മാർക്കറ്റ് സെയിൽ പദ്ധതിയ്ക്ക് കീഴിൽ [OMSS (D)] കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് പോലുള്ള അർദ്ധ ഗവൺമെന്റ് , സഹകരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് കിലോയ്ക്ക് 21.50 രൂപ നിരക്കിൽ 2.5 LMT ഗോതമ്പ് ആട്ടയാക്കി മാറ്റുന്നതിന് അനുവദിച്ചു. ഇത് പൊതുജനങ്ങൾക്ക് 'ഭാരത് ആട്ട' ബ്രാൻഡിന് കീഴിൽ ഒരു കിലോഗ്രാമിന് 27.50 രൂപയിൽ കവിയാത്ത എം ആർ പി യിൽ നൽകും.
കേന്ദ്രത്തിന്റെ ഇടപെടൽ അവശ്യസാധനങ്ങളുടെ വില സ്ഥിരപ്പെടുത്തിയെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഗോയൽ പറഞ്ഞു.