1. കേരളത്തിൽ ഏപ്രിൽ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നിരുന്നാലും സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ട ചൂട്. അതേസമയം 2024 ലെ കാലവർഷം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമെറ്റ്. കേരളത്തിൽ കാലവർഷമെത്തുമ്പോൾ സാധാരണ മഴയേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ രാജ്യത്ത് പൊതുവേ സാധാരണ രീതിയിലുള്ള കാലവർഷമാണ് പ്രവചിച്ചിരിക്കുന്നത്.
2. കർഷകരുടെ നേതൃത്വത്തിൽ കരപ്പുറം ഗ്രീൻസ് എന്ന പേരിൽ വിപണന കേന്ദ്രം ആരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം മുതിർന്ന കർഷകൻ ശേഖരൻ നിർവഹിച്ചു. കൃഷിയിടത്തിൽ നിന്നും നേരിട്ടെത്തിക്കുന്ന സുരക്ഷിത ഭക്ഷ്യ ഉത്പന്നങ്ങൾ സംഭരണകേന്ദ്രത്തിൽ നിന്നും വാങ്ങിക്കാൻ സാധിക്കുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ പച്ചക്കറികൾ സംഭരിക്കുകയും അപ്പോൾ തന്നെ ലേലം വിളിച്ച് ആവശ്യക്കാർക്ക് മേടിക്കാം. കച്ചവടക്കാർക്ക് മാത്രമല്ല വീട്ടാവശ്യത്തിനായി വേണ്ടവർക്ക് റീട്ടയിൽ ഔട്ലെറ്റും ഉടൻ തുടങ്ങും. കൃഷിയിൽ നിന്നും സ്ഥിരമായ വരുമാനം നേടുന്നതിനാണ് കർഷകരുടെ നേതൃത്വത്തിൽ തന്നെ വിപണന കേന്ദ്രം ആരംഭിച്ചത്.
3. കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കർഷകൻ എസ്.വി സുജിത്തിൻ്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടത്തി. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്താണ് കഠിനംകുളം, തുമ്പ St. സേവ്യേഴ്സ് കോളേജിലെ ഉപ്പുകലർന്ന മണൽ മണ്ണിലാണ് സുജിത്ത് തക്കാളി കൃഷി ചെയ്തത്. 22 ഏക്കറിലായി 35 ൽപരം പച്ചക്കറി വിളകളാണ് ഈ കർഷകൻ കൃഷിചെയ്യുന്നത്. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയാണ് കർഷകനായ എസ്.വി. സുജിത്ത്.
4. തൃശ്ശൂർ ജില്ലയിൽ റംസാന്‍, വിഷു പ്രമാണിച്ച് പഴയനടക്കാവിലുള്ള ഹാന്‍വീവ് ഷോറൂമില്‍ ഏപ്രില്‍ 13 വരെ എല്ലാ കൈത്തറി തുണിത്തരങ്ങള്‍ക്കും 20 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് 20,000 രൂപയ്ക്ക് തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ ലഭിക്കും. വിഷു റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 30 ശതമാനം പ്രത്യേക റിബേറ്റും അനുവദിച്ചു. വടക്കേ ബസ്സ്റ്റാന്‍ഡ്, പാലസ് റോഡ്, ഒളരിക്കര, എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്പികളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണികളുടെ വില്‍പ്പനയ്ക്ക് റിബേറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2338699 എന്ന നമ്പറുമായി ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ വിളവിനെ ഇരട്ടിയാക്കാം