1. ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോടെ കേരളത്തിൽ കോഴിയിറച്ചിയ്ക്ക് വില കുത്തനെ ഉയർന്നു. കിലോയ്ക്ക് 120 രൂപയായിരുന്ന കോഴിയിറച്ചിയ്ക്ക് ഇപ്പോൾ 170ന് മുകളിലാണ് വില. മണ്ഡലകാലം ആരംഭിക്കുമ്പോൾ തമിഴ്നാട്ടിലെ ഫാമുകളിൽ ഉദ്പാദനം കുറയ്ക്കും. അതേസമയം കേരളത്തിലെ കർഷകർക്ക് കുറഞ്ഞ നിരക്കിൽ കോഴികളെ ഇടനിലക്കാർക്ക് വിൽക്കേണ്ടി വരുന്നു. ഈ സീസൺ അവസാനിക്കുമ്പോൾ ക്രിസ്മസ്, പുതുവത്സര സീസൺ മുന്നിൽക്കണ്ട് തമിഴ്നാടൻ ലോബി കോഴി വില കൂട്ടിത്തുടങ്ങും. ഇത് പതിവ് കാഴ്ച. അതേസമയം, കെപ്കോയും കോഴിയിറച്ചിയ്ക്ക് വില കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് 10 മുതൽ 42 രൂപ വരെയാണ് വർധിച്ചത്. കിലോയ്‌ക്ക് 220 രൂപയുള്ള കറികട്ടിന് 20 രൂപയും, ഡ്രംസ്റ്റിക്കിന് 42 രൂപയും, ബോൺലെസ് ബ്രെസ്റ്റിന് 28 രൂപയും വർദ്ധിച്ചു.
കൂടുതൽ വാർത്തകൾ: കർഷകർക്ക് കുരുക്കാകുന്ന സിബിൽ സ്കോറും പിആർഎസും; സിബിൽ സ്കോർ എന്തിന് നിലനിർത്തണം?
2. ജൈവകര്‍ഷകർക്കുള്ള അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിക്കുന്നു. 3 വര്‍ഷത്തിനുമേല്‍ ജൈവകൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാന തലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും, ജില്ലാതലത്തില്‍ അമ്പതിനായിരം രൂപ വീതമുള്ള 13 അവാര്‍ഡുകളും, മട്ടുപ്പാവ്, സ്‌കൂള്‍, കോളേജ്, ഔഷധസസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും ഉണ്ടായിരിക്കും. അപേക്ഷകള്‍ 2024 ജനുവരി 31നു മുമ്പ് നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.വി ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഓ., ആലപ്പുഴ 688525 എന്ന വിലാസത്തിലോ 9447114526 ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
3. പിഎം മത്സ്യസമ്പാദ യോജന പദ്ധതിയ്ക്ക് കീഴില്‍ കോട്ടയം ജില്ലയിൽ മത്സ്യസേവന കേന്ദ്രം ആരംഭിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. മത്സ്യ കര്‍ഷകര്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, മത്സ്യവിത്ത്, മണ്ണ്-ജല ഗുണനിലവാര പരിശോധന, മത്സ്യരോഗനിര്‍ണയം-നിയന്ത്രണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുക, ഫിഷറീസ് പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. 25 ലക്ഷം രൂപയാണ് പദ്ധതി തുക. 40 ശതമാനം സബ്‌സിഡി ലഭിക്കും. പദ്ധതി പൂര്‍ത്തീകരണ കാലയളവ് 12 മാസമാണ്. ഫിഷറീസ് സയന്‍സ് /ലൈഫ് സയന്‍സസ്, മറൈന്‍ ബയോളജി/ മൈക്രോബയോളജി /സുവോളജി/ ബയോകെമിസ്ട്രി വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കുറഞ്ഞത് 1000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി ഉണ്ടായിരിക്കണം. ഫിഷറീസ് വകുപ്പുമായി 7 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ കരാറില്‍ ഏര്‍പ്പെടണം. അപേക്ഷ ഡിസംബര്‍ 21നകം നല്‍കണം. ഫോണ്‍ - വൈക്കം മത്സ്യഭവന്‍ -9400882267, 04829-291550, കോട്ടയം മത്സ്യഭവന്‍ 0481-2566823,9074392350, പാലാ മത്സ്യഭവന്‍ -0482-2299151, 7592033727.
4. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി നടപ്പിലാക്കുന്ന ഓപ്പണ്‍ പ്രെസിഷന്‍ ഫാമിംഗ് പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട വാഴ /പച്ചക്കറി കര്‍ഷകർക്ക് അപേക്ഷിക്കാം. 1 ഹെക്ടര്‍ വാഴക്ക് 96,000 രൂപയും, 1 ഹെക്ടര്‍ പച്ചക്കറിക്ക് 91,000 രൂപയുമാണ് സബ്‌സിഡി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെടാം.