സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. കനത്ത ചൂട് മൂലം ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. വെയിൽ കൂടിയതോടെ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവ് കുറഞ്ഞു.
കൂടുതൽ വാർത്തകൾ: PM Kisan: ബാങ്ക് അക്കൗണ്ട്-ആധാറുമായി ബന്ധിപ്പിക്കുക; മെയ് 31 വരെ സമയം
ഇതോടെ ഇവയുടെ തൂക്കവും കുറയുന്നു. ഇത്തരത്തിൽ തൂക്കം കുറയുന്നതിൽ നഷ്ടം വരാതിരിക്കാനാണ് കർഷകർ ഉൽപാദനം കുറയ്ക്കുന്നത്. കൂടാതെ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിയും ചുരുങ്ങി. ഇതോടെ വില വർധിച്ചു.
ചൂട് അധികമാകുമ്പോൾ കോഴികൾ വെള്ളം മാത്രം ശീലമാക്കും. ഇതിന്റെ ഫലമായി 30 ദിവസം എടുക്കേണ്ട സ്ഥാനത്ത് 45 ദിവസമെടുത്താണ് കോഴികൾ നിശ്ചിത തൂക്കം വയ്ക്കുന്നത്. ഉൽപാദനം അധികമായ സമയത്ത് കേരളത്തിൽ കോഴി ഇറക്കുമതി കൂടിയിരുന്നു. ആ സമയത്ത് വിലയും കുറഞ്ഞിരുന്നു. സാധാരണ ചൂട് കാലത്ത് 90 മുതൽ 100 രൂപ വരെയാണ് വില വരുന്നത്. എന്നാൽ നിലവിൽ പല ജില്ലകളിലും 140 മുതൽ 160 രൂപ വരെയാണ് വില. ഇതിനുമുമ്പ് വർഷാരംഭത്തിലും കോഴിയിറച്ചിയ്ക്ക് വില കൂടിയിരുന്നു.
ഇന്ത്യയിൽ നിലവിൽ കോഴിയ്ക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്നത് അസമിലാണ്. 146 രൂപയാണ് വില ഈടാക്കുന്നത്. ചില്ലറവിൽപനയിൽ നേരിയ വ്യത്യാസമുണ്ട്. തമിഴ്നാട്ടിൽ 112 രൂപ, കർണാടകയിൽ 103 രൂപ, മധ്യപ്രദേശിൽ 114 രൂപ എന്നിങ്ങനെയാണ് നിലവിൽ വില. ചൂട് തുടരുന്ന സാഹചര്യമാണെങ്കിൽ വില ഇനിയും ഉയരാനാണ് സാധ്യത.