Livestock & Aqua

ബ്രോയിലർ കോഴി ഫാം തുടങ്ങണോ ?.

കേരളത്തില്‍ ഭൂരിഭാഗം പേരും മാംസാഹാര പ്രേമികളാണ്. പെട്ടന്നുള്ള വളര്‍ച്ചയും തൂക്കവും ലക്ഷ്യമാക്കി വര്‍ഷങ്ങളുടെ ഗവേഷണ ഫലമായി ഉരുത്തിരിച്ചെടുത്തിട്ടുള്ളവയാണ് ബ്രോയ്‌ലര്‍ എന്നറിയപ്പെടുന്ന ഇറച്ചിക്കോഴികള്‍.

ഗുണമേന്‍മയുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി ഗുണനിലവാരമുള്ള തീറ്റയും ശാസ്ത്രീയ പരിചരണവും ലഭ്യമാക്കിയാല്‍ ത്തന്നെ കേവലം ആറാഴ്ച കൊണ്ട് 2-2.2 കിലോ തൂക്കമുള്ള ഇറച്ചിക്കോഴികളെ ഉത്പാദിപ്പിക്കാം.

ശരാശരി 1.6 കിലോ തീറ്റ കൊണ്ട് ഒരു കിലോ ശരീരഭാരം കൈവരിക്കുന്നവയാണ് ഇന്നത്തെ ബ്രോയ്‌ലര്‍ ഇനങ്ങള്‍. ഇവ കേവലം ആറാഴ്ചകൊണ്ട് വിപണനത്തിനായി തയാറാകുന്നു.

എന്നാല്‍ ഹോര്‍മോണുകള്‍, ഉത്തേജകങ്ങള്‍ എന്നിവ നല്‍കി തൂക്കം കൂട്ടുന്നുവെന്ന അബന്ധധാരണകള്‍ പ്രചരിക്കുന്നത് കര്‍ഷകരെ പലപ്പോഴും പ്രതികൂലമായി ബാധിക്കുന്നു. But farmers are often adversely affected by rumors that they are being weighed down by hormones and stimulants.

കേരളത്തിൽ പ്രചാരത്തിലുള്ള ബ്രോയ്‌ലര്‍ ഇനങ്ങൾ.

കേരളത്തില്‍ പൊതുമേഖലയില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വകാര്യ ഫാമുകളെ കുഞ്ഞുങ്ങളെ വാങ്ങുന്നതിനായി ആശ്രയിക്കേണ്ടിവരും.

വെന്‍കോബ്- 400, കോബ് - 100, റോസ് - 308, ഹബാര്‍ഡ് എന്നിവയാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ബ്രോയ്‌ലര്‍ ഇനങ്ങൾ. The most popular broiler varieties in Kerala are Wencob-400, Cobb-100, Rose-308 and Hubbard.

വളർത്തുന്ന രീതി

ബ്രോയ്‌ലര്‍ കോഴിക്കുഞ്ഞുങ്ങളെ വിരിപ്പു രീതിയില്‍ (ഡീപ്പ് ലിറ്റര്‍) വളര്‍ത്തുന്നതാണ് അനുയോജ്യം. ഒരു കോഴിക്ക് ഒരു ചതുരശ്രഅടി എന്ന നിരക്കില്‍ തറസ്ഥലം ലഭ്യമാക്കണം. കുഞ്ഞുങ്ങളെ കൂട്ടിലിടുന്നതിനു മുമ്പായി തറയും ഭിത്തികളും വൃത്തിയാക്കി കുമ്മായം പൂശി അണുനശീകരണം നടത്തിയിരിക്കണം. സന്ദര്‍ശകരെ പരമാവധി നിയന്ത്രിക്കണം. പ്രവേശന കവാടത്തില്‍ അണുനാശിനികൊണ്ട് കാല്‍ കഴുകാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. അറക്കപ്പൊടി, ചിന്തേര്, ചകിരിച്ചോറ് എന്നിവയിലേതെങ്കിലും രണ്ടിഞ്ച് കനത്തില്‍ വിരിച്ച് വിരിപ്പായി ഉപയോഗിക്കാം. നനഞ്ഞ വിരിപ്പ് പൂപ്പല്‍ബാധയ്ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ വിരിപ്പ് ഒരു പരിധിയില്‍ കൂടുതല്‍ നനഞ്ഞ് കട്ടപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ബ്രൂഡിംഗ്/Brooding അഥവാ ചൂട് നൽകൽ

കോഴിക്കുഞ്ഞുങ്ങള്‍ക്ക് തൂവലുകള്‍ വരുന്നതുവരെ കൃത്രിമമായി ചൂടു നല്‍കി സംരക്ഷിക്കേണ്ടതുണ്ട്. ഇതിന് ബ്രൂഡിംഗ് എന്നു പറയുന്നു. ഇത്തരത്തിലുള്ള കൃത്രിമചൂടു നല്‍കല്‍ പ്രധാനമായും കാലാവസ്ഥ അനുസരിച്ചിരിക്കും. ഉഷ്ണദിനങ്ങളില്‍ ഒന്നോ രണ്ടോ ആഴ്ച മാത്രം നല്‍കേണ്ട ബ്രൂഡിംഗ് പരിചരണം, തണുപ്പോ, മഴക്കാലമോ ആകുമ്പോള്‍ മൂന്നു മുതല്‍ നാലാഴ്ച വരെ നല്‍കേണ്ടതായി വരുന്നു. ഇത്തരത്തില്‍ കൃത്രിമ ചൂടുനല്‍കാനായി സാധാരണ ബള്‍ബോ, ഇന്‍ഫ്രാറെഡ് ബള്‍ബോ ഉപയോഗിക്കാം. സാധാരണ ബള്‍ബാണെങ്കില്‍ ഒരു കുഞ്ഞിന് രണ്ട് വാട്ടെന്ന നിരക്കില്‍ ചൂടു ലഭ്യമാക്കണം. അതായത് 100 കുഞ്ഞുങ്ങളുള്ള ഒരു കൂട്ടില്‍ 40 വാട്ടിന്റെ അഞ്ചു ബള്‍ബെങ്കിലും വേണം. ഈ ബള്‍ബുകള്‍ ഏകദേശം ഒന്നരയടി പൊക്കത്തില്‍ ഹോവറിനകത്തായി സ്ഥാപിക്കാം. മുളകൊണ്ടുണ്ടാക്കിയ കുട്ടയോ തകരം കൊണ്ടുണ്ടാക്കിയതോ ആയ ഹോവറുകള്‍ ഉപയോഗിക്കാം. ഒരു മീറ്റര്‍ അര്‍ധ വ്യാസമുള്ള ഒരു ഹോവറിനു കീഴിലായി ഏകദേശം ഇരുനൂറുകുഞ്ഞുങ്ങളെ വളര്‍ത്താം. ഹോവറിനു ചുറ്റും നിശ്ചിത അകലത്തില്‍ ചിക്ക് ഗാര്‍ഡുകള്‍ വയ്ക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ചൂടു കൃത്യമായി ലഭിക്കാന്‍ സഹായിക്കും. ഏതാണ്ട് ഒരാഴ്ച കഴിയുമ്പോല്‍ ചിക്ക് ഗാര്‍ഡുകള്‍ മാറ്റി കൊടുക്കാവുന്നതാണ്.

ഇന്‍ഫ്രാറെഡ് ബള്‍ബാണ് ബ്രൂഡിംഗിന് ഉപയോഗിക്കുന്നതെങ്കില്‍ ഹോവറിന്റെ ആവശ്യമില്ല. ഒരു കുഞ്ഞിന് ഒരുവാട്ടെന്ന നിരക്കില്‍ 250 വാട്ടിന്റെ ഒരു ഇന്‍ഫ്രാറെഡ് ബല്‍ബ് ഉപയോഗിച്ച് 250 കുഞ്ഞുങ്ങള്‍ക്ക് ബ്രൂഡിംഗ് നല്‍കാം. ഇന്‍ഫ്രാറെഡ് ബള്‍ബിനു ചൂടുനല്‍കാനുള്ള ശക്തി കൂടുതലായതിനാല്‍ ഏതാണ്ട് രണ്ടടി പൊക്കത്തിലായി സ്ഥാപിക്കുക. കൂടാതെ അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും ദീര്‍ഘായുസും ഇന്‍ഫ്രാറെഡ് ബള്‍ബിനുണ്ട്. ഹോവര്‍ ആവശ്യമില്ലാത്തതിനാല്‍ കുഞ്ഞുങ്ങളുടെ ചലനം പുറത്തുനിന്നു നിരീക്ഷിക്കാനും ലിറ്റര്‍ മുഴുവന്‍ സമയവും ഉണങ്ങിയിരിക്കാനും ഇത്തരം ബള്‍ബുകള്‍ സഹായിക്കും. ആദ്യത്തെ ആഴ്ച 35 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടു ലഭ്യമാക്കണം. വിരിപ്പിനു അഞ്ചു സെന്റീമീറ്റര്‍ മുകളിലായി ഉഷ്ണമാപിനി ഉപയോഗിച്ച് ചൂടു തിട്ടപ്പെടുത്താവുന്നതാണ്. ബ്രൂഡറിനു താഴെയായി കോഴിക്കുഞ്ഞുങ്ങള്‍ എങ്ങനെ പെരുമാറുന്നെന്ന് നോക്കിയും ചൂടു ക്രമീകരിക്കാവുന്നതാണ്. ചൂട് അധികമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ ബ്രൂഡറില്‍ നിന്ന് അകന്നു നില്‍ക്കും. കുറവാണെങ്കില്‍ ബ്രൂഡറിനടിയില്‍ മേല്‍ക്കുമേല്‍ കൂടിയിരിക്കുന്നതായും കാണാം. ബ്രൂഡിംഗ് സമയത്ത് ചൂട് അധികമായാലും കുറഞ്ഞാലും കുഞ്ഞുങ്ങളുടെ മരണ നിരക്കു കൂടും. അതിനാല്‍ കൃത്യമായ അളവില്‍ ചൂടു ലഭ്യമാകുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ബള്‍ബിനു കീഴിലായി അങ്ങിങ്ങ് ഓടിനടന്ന് തീറ്റതിന്നുന്ന കുഞ്ഞുങ്ങള്‍ ശരിയായി ചൂടു കിട്ടുന്നതിന്റെ സൂചനയാണ്.

ബ്രൂഡിംഗ് പരിചരണത്തിനു ശേഷവും ഒരു ബള്‍ബ് രാത്രിയില്‍ ഇട്ടു കൊടുക്കാം. ഇത് രാത്രിയിലും തീറ്റ തിന്നാല്‍ ഇവയെ സഹായിക്കും.

തീറ്റ, കൊടുേക്കേണ്ട രീതി

ആദ്യത്തെ ആഴ്ച പ്രീസ്റ്റാര്‍ട്ടര്‍, പിന്നീടുള്ള രണ്ടാഴ്ച സ്റ്റാര്‍ട്ടര്‍, ഒടുവിലത്തെ മൂന്നാഴ്ച ഫിനിഷര്‍ എന്നീ തീറ്റകളാണ് നല്‍കേണ്ടത്. തീറ്റപ്പാത്രങ്ങള്‍ രണ്ടു തരത്തിലുണ്ട്. നീളത്തിലുള്ളതും (ലീനിയര്‍) കുഴല്‍ രൂപത്തിലുള്ളതും (ട്യൂബ് ഫീഡര്‍) കുഞ്ഞുങ്ങള്‍ തീറ്റ അധികം പാഴാക്കിക്കളയാതിരിക്കാന്‍ മുകളില്‍ ഗ്രില്‍ വച്ച തീറ്റപ്പാത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു കുഞ്ഞിന് രണ്ടാഴ്ചവരെ 2.5 സെന്റീമീറ്ററും മുതിര്‍ന്നവയ്ക്ക് അഞ്ചു സെന്റീ മീറ്ററും തീറ്റസ്ഥലം ലഭ്യമാക്കണം. നീളമുള്ള തീറ്റപ്പാത്രത്തിന്റെ രണ്ടുവശങ്ങളിലായി നിന്ന് തീറ്റതിന്നാവുന്നതാണ്. ട്യൂബ് ഫീഡറില്‍ ഒരിക്കല്‍ തീറ്റ നിറച്ചാല്‍ കൂടുതല്‍ ദിവസം എത്തുമെന്നുള്ള ഗുണമുണ്ട്. 100 കോഴിക്കുഞ്ഞുങ്ങള്‍ക്ക് 12 കിലോ ഗ്രാം കൊള്ളുന്ന മൂന്നു ട്യൂബ് ഫീഡറുകള്‍ മതിയാവും.ആദ്യത്തെ രണ്ടോ മൂന്നോ ദിവസം ബ്രൂഡറിനടിയിലായി വിരിപ്പിനു മേല്‍ പേപ്പര്‍ വിരിച്ച് അതിനു മുകളിലായി തീറ്റ വിതറി നല്‍കണം. കുഞ്ഞുങ്ങള്‍ ലിറ്റര്‍ കൊത്തിത്തിന്ന് അപകടത്തില്‍പ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. തീറ്റപ്പാത്രം വെളിച്ചത്തിനു കീഴിലായാണ്

വയ്ക്കേണ്ടത്.കൂടുതല്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ തീറ്റ തിന്നേണ്ടത് ആവശ്യവുമാണ്. ഇറച്ചിക്കോഴികള്‍ക്ക് തീറ്റപ്പാത്രത്തില്‍ എപ്പോഴും തീറ്റ ഉണ്ടായിരിക്കണം.

വെള്ളം കൊടുക്കുമ്പോൾ ഓർക്കേണ്ടത്.

വെള്ളപ്പാത്രം തെരഞ്ഞെടുക്കുമ്പോള്‍ ചെലവു കുറഞ്ഞതും വൃത്തിയാക്കാന്‍ എളുപ്പമുള്ളതും കോഴികള്‍ക്ക് അകത്തുകയറി വെള്ളം ചീത്തയാക്കാന്‍ പറ്റാത്തതും ആകാന്‍ ശ്രദ്ധിക്കണം. വിപണിയില്‍ ലഭ്യമാകുന്ന വെള്ളപ്പാത്രങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബേസിനുകളിലും വെള്ളം നല്‍കാവുന്നതാണ്. കോഴി ബേസിനുള്ളിലേക്കു കയറാതിരിക്കാന്‍ ഗ്രില്‍ വച്ചു മറയ്ക്കാം. വെള്ളപ്പാത്രങ്ങള്‍, തീറ്റപ്പാത്രങ്ങള്‍ എന്നിവ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് കഴുകി വെയിലത്തുവച്ചുണക്കി സൂക്ഷിക്കാം. തണുത്തതും വൃത്തിയുള്ളതുമായ വെള്ളം മുഴുവന്‍ സമയവും കൂടുകളില്‍ ലഭ്യമാക്കണം. ചൂടുള്ള കാലാവസ്ഥയില്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ ഐസ് ചേര്‍ത്ത് തണുപ്പിച്ച വെള്ളം നല്‍കാവുന്നതാണ്. എന്നാല്‍ വെള്ളം യാതൊരു കാരണവശാലും താഴെ വീണ് ലിറ്റര്‍ നനയാന്‍ പാടില്ല. വെള്ളപ്പാത്രം ചൂടാകാതെ അകലെയായി വയ്ക്കാന്‍ ശ്രദ്ധിക്കണം. ആദ്യത്തെ മൂന്നു ദിവസം കൂടിവെള്ളത്തില്‍ ഗ്ലൂക്കോസ്, വിറ്റാമിനുകള്‍, ആന്റിബയോട്ടിക്ക് എന്നിവ നല്‍കുന്നത് ക്ഷീണമകറ്റാനും മരണനിരക്കു കുറയ്ക്കാനും സഹായിക്കുന്നു. ക്ലോറിനോ, അണുനാശിനിയോ കലര്‍ത്തിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കാം.

ഓരോ ബാച്ചിനും ശേഷം കൂടുകൾ ശുദ്ധീകരിക്കണം.

ഒരു പ്രാവശ്യം കൂടൊഴിഞ്ഞാല്‍ ഉടന്‍തന്നെ പൊടിയെല്ലാം നീക്കി, കുമ്മായവും അണുനാശിനിയും പ്രയോഗിച്ച് രണ്ടാഴ്ച അടച്ചിട്ടശേഷം മാത്രം അടുത്ത ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൂട്ടിലേക്കു പ്രവേശിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നത് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ പല പ്രായത്തിലുള്ള കോഴികളെ ഒരുമിച്ചിട്ട് വളര്‍ത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മരുന്നുകൾ

അനാവശ്യമായി മരുന്നുകള്‍ നല്‍കേണ്ടതില്ലെങ്കിലും രോഗ പ്രതിരോധത്തിനായി കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായിത്തന്നെ പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി വെള്ളത്തില്‍ കലര്‍ത്തി നല്‍കുന്ന വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. എങ്കിലും ഏഴാം ദിവസം നല്‍കുന്ന മരുന്ന് കണ്ണിലോ മൂക്കിലോ തുള്ളിയായി ഉറ്റിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാകും.

ബ്രോയിലര്‍ കോഴികള്‍ക്ക്  നൽകേണ്ട വാക്‌സിനുകള്‍ .

* 7-ാം ദിവസം ആര്‍.ഡി.എഫ്/ലസോട്ട ഒരുതുള്ളി-കണ്ണില്‍/മൂക്കില്‍

* 14-ാം ദിവസം ഐ.ബി.ഡി. കുടിവെള്ളത്തില്‍.

* 21-ാം ദിവസം ആര്‍.ഡി. ലസോട്ട കുടിവെള്ളത്തില്‍.

* 28-ാം ദിവസം ഐ.ബി.ഡി കുടിവെള്ളത്തില്‍

ഒന്നാം ദിവസം നല്‍കുന്ന മാരക്‌സ് പ്രതിരോധ കുത്തിവയ്പ്പ് ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആവശ്യമില്ല. സാധാരണയായി 100 കുഞ്ഞുങ്ങള്‍ക്കുള്ള ഡോസിന്റെ ആംപ്യൂളായിട്ടാണ് വാക്‌സിന്‍ ലഭ്യമാവുക. ഇവ ശീതീകരിച്ച് സൂക്ഷിക്കേണ്ടതാണ്. ഒരിക്കല്‍ പൊട്ടിച്ചാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ നേര്‍പ്പിച്ചുപയോഗിച്ചു തീര്‍ക്കേണ്ടതുമാണ്. മിച്ചം വരുന്നത് ഒരു കാരണവശാലും ശീതീകരിച്ച് ഉപയോഗിക്കരുത്. വാക്‌സിന്‍ നല്‍കുമ്പോള്‍ ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം. വാക്‌സിന്‍ നല്‍കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് വെള്ളം നല്‍കാതിരിന്നാല്‍ വാക്‌സിന്‍ നല്‍കിയ ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ അത് കുടിച്ചു തീര്‍ത്തോളും. ഒരു കാരണവശാലും നേര്‍പ്പിച്ച വാക്‌സിന്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പുറത്തു വച്ചശേഷം ഉപയോഗിക്കരുത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം എന്ന അനുപാതത്തില്‍ പാല്‍പ്പൊടി കലക്കിയതിനുശേഷം അതിലേക്കു വാക്‌സിന്‍ കലര്‍ത്തി നല്‍കണം. ഇത് വാക്‌സിനുകളുടെ ശക്തി ക്ഷയിക്കാതിരിക്കാന്‍ സഹായിക്കും.

വിപണനം

മുന്‍കാലങ്ങളില്‍ എട്ടും, പത്തും ആഴ്ചയ്ക്കു ശേഷം വിപണനം നടത്തിയിരുന്ന ഇറച്ചിക്കോഴികള്‍ ഇന്ന് ആറാഴ്ച പ്രായമെത്തുമ്പോള്‍ വിപണിക്കാവശ്യമായ തൂക്കമെത്തുന്നു. ഇവ ഡ്രസ് ചെയ്‌തോ ഉത്പന്നങ്ങളാക്കിയോ വിറ്റഴിച്ചാല്‍ കൂടുതല്‍ ലാഭം നേടാനാകും. ഓർക്കുക, എപ്പോഴും വിപണി ശ്രദ്ധിക്കുക. അത് വിപണിയിലെ ആവശ്യങ്ങളും ട്രെന്റും മുന്‍കൂട്ടി കണ്ടറിയാൻ സഹായിക്കും. അതനുസരിച്ച് കോഴികളുടെ എണ്ണം കൂട്ടുന്നതും നിജപ്പെടുത്തുന്നതുമെല്ലാം വിപണിയിലെ ലാഭം വര്‍ധിപ്പിക്കാനുതകുന്ന പോലെ തന്നെ കൂടുതൽ നഷ്ടം വരാെതെയും നോക്കാൻ സഹായിക്കും..

കടപ്പാട്

Dr. S Hari Krishnan, Assistant Professor
Kerala Veterinary and Animal Sciences University

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സബ്സിഡികൾ കർഷകർ അറിഞ്ഞിരിക്കേണ്ടത്.


English Summary: Start a broiler poultry farm

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine