തിരഞ്ഞെടുപ്പടുത്താൽ ചുമരെഴുത്തു കാലമായി.ഒപ്പം വാഗ്‌ദാനങ്ങളുടെ പെരുമഴക്കാലവും . കേട്ടുപഴകിയതാണെങ്കിലും ഇവയിൽ ചില വാഗ്‌ദാനങ്ങൾ കേൾക്കുമ്പോൾ ആർക്കും ഒരു സുഖവും രസവും തോന്നുന്നതും സ്വാഭാവികം. ഉള്ളിൽ കുളിരു വീഴുന്നപോലൊരു സുഖം .
''നീർത്തടാധിഷ്ഠിത വികസനം . ജൈവവൈവിധ്യസംരക്ഷണം .പാരിസ്ഥിതിക സവിശേഷതകളുടെ പരിപോഷണം ''-
അങ്ങിനെ നീണ്ടു പോകുന്നു വേറിട്ട ചില വാഗ്ദ്ധാനങ്ങളുടെ നീണ്ട നിര .
ഇവയിൽ പലതും പിൽക്കാലത്ത് കപട വാഗ്‌ദാനങ്ങളായിത്തീരുന്നതും നിശ്ശേഷം വിസ്‌മൃതിയിലടിഞ്ഞുപോകുന്നതും നിഷേധിക്കാനാവാത്ത മറ്റൊരു സത്യം .
ശുദ്ധമായ വായുവും ജലവും മണ്ണും മനുഷ്യൻറെ ജന്മാവകാശം . പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുനിർത്തുക എന്നതാവട്ടെ അതിലേറെ മഹത്തായ കർമ്മം.
ആവാസവ്യവസ്ഥകളുടെ സുസ്ഥിരതക്കും നീർത്തട സംരക്ഷണത്തിനുമായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന ഇവിടങ്ങളിലെ പരിസ്ഥിതി പ്രവർത്തകരുടേയും സംഘടനകളുടേയും വിലപ്പെട്ട അറിവിലേയ്ക്ക് ചോമ്പാലയിലെ ചില നാട്ടറിവുകൾ സമർപ്പിക്കുന്നു .
ഒപ്പം തിരഞ്ഞെടുപ്പിൻറെ അങ്കത്തട്ടിലേയ്ക്ക് അടിവെച്ചെടുക്കുന്ന ഈ പ്രദേശത്തെ നല്ലവരായ സ്ഥാനാർത്ഥികളുടെയും അറിവിലേയ്ക്കു കൂടി......
കാണാതായ ചെറിയാണ്ടി തോട് എന്ന നീർത്തടത്തിൻറെ പുനരുജ്ജീവനം ആര് ഏറ്റെടുക്കും?
ആര് രക്ഷിക്കും ഈ തണ്ണീർത്തടത്തെ ?
ചോമ്പാലയിൽ മുക്കാളി റയിൽവേ സ്റ്റേഷനിൽനിന്നും കണ്ണെത്താവുന്ന ദൂരത്തിൽ തെക്ക് മാറി പട്ടിയാട്ട് റയിൽവേ അണ്ടർ ബ്രിഡ്‌ജിനോട് ചേർന്ന് റയിലിന് കിഴക്കുഭാഗത്തുനിന്നും ആരംഭിക്കുന്ന വീതികൂടിയ ചെറിയാണ്ടി തോട് കാണാതായിട്ട് ഏറെ വർഷങ്ങളായി.
ഒഞ്ചിയം ,അഴിയൂർ പഞ്ചായത്തുകളുടെ അതിരിടങ്ങളിലൂടെ ശാന്തമായി പതഞ്ഞൊഴുകി ഏറാമല പഞ്ചായത്തിലെ കുറിച്ചിക്കര പുഴയിലവസാനിച്ചിരുന്ന സാമാന്യം ആഴക്കൂടുതലുള്ളതും വീതി കുറവല്ലാത്തതുമായ ചെറിയാണ്ടി തോട് എന്നൊരു നീർത്തടം ഇവിടെ പണ്ടുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പുതിയ തലമുറയിൽപ്പെട്ടവർ വിശ്വസിക്കുമോ എന്തോ ?. എന്നാൽ ഇന്ന് ആട് കിടന്നേടത്ത് ഒരു പൂടപോലും കാണാനില്ലെന്ന സ്ഥിതിയിലെത്തിനിൽക്കുന്നു ഇവിടം .
.
പുരാവസ്‌തു ഗവേഷകർക്ക് പോലും തിരിച്ചറിയാനാവാത്തവിധം മൺതിട്ടയുയർന്ന് ഉറച്ച് കരയായി പച്ചപിടിച്ച് നിൽക്കുന്നതായാണ് ഇവിടത്തെ സമീപകാല ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് .
ഏകദേശം അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ കുട്ടികൾ നീന്തൽ പഠിച്ചതും കൂട്ടുകാരൊത്ത് മുങ്ങിയും താണും നീന്തിപ്പുളച്ചും കളിച്ച ഈ തോട് ഒഴുകിയ സ്ഥലത്തു കൂടെ ഇന്ന് കുട്ടികൾ സൈക്കിൾ ചവിട്ടി പഠിക്കുന്നു .
ചിലേടങ്ങളിൽ കന്നുകാലികൾ മേയുന്ന കാഴ്ച്ചകൾ കൂടി കാണുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകൾ ,നാട്ടുകാഴ്ച്ചകൾ ചെറിയാണ്ടി തോടുമായി ബന്ധപ്പെടുത്തി പറയാതെ വയ്യ .
ഏറാമല പഞ്ചായത്തതിർത്തിയിലെ തട്ടോളിക്കര ശ്രീനാരായണഗുരുമഠം നിൽക്കുന്നിടം മുതൽ പട്ടിയാട്ട് ഗേറ്റ് വരെ മിക്കവാറും വയലും അത്യാവശ്യം ചില സ്ഥലങ്ങൾ മാത്രം കുനിപ്പറമ്പുമായിരുന്നു .
കുന്നുമ്മക്കര ഒഞ്ചിയം ഓർക്കാട്ടേരി ഭാഗത്തേയ്ക്കും പടിഞ്ഞാറ് ഭാഗം മുക്കാളിയിലേക്കും വഴിനടന്നുപോകാൻ ഇടയിൽ നടവരമ്പെന്ന ഒരു വയൽവരമ്പ് മാത്രം.
സ്ഥലത്തെ അന്നത്തെ പൗരമുഖ്യനും പുരോഗമന ചിന്താഗതിക്കാരനായ സാമൂഹ്യപ്രവർത്തകനും കോൺഗ്രസ്സുകാരനുമായ ശ്രീ .കൊയിലോത്ത് കൃഷ്ണക്കുറുപ്പിൻറെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്‌മയിൽ ശ്രമദാനമായി നിർമ്മിച്ച റോഡാണ് ഇന്ന് തെക്കേ വയലിലുമുള്ള താറിട്ട റോഡായി രൂപാന്തരം പ്രാപിച്ചത് .
സവർണ്ണ മേധാവിത്വം നിലനിൽക്കുന്ന ആ കാലത്ത് കൊയിലോത്ത് കൃഷ്ണക്കുറുപ്പിൻറെ ഭാര്യ റോഡ് നിർമ്മാണത്തിന് തലയിൽ ചൂരൽ കൊട്ടയുമായി മണ്ണുചുമക്കാനെത്തിയെന്നതും അക്കാലത്തെ ആശ്ചര്യകരമായ വാർത്ത .
പുതുതായി നിർമ്മിച്ച ഈ റോഡിൻറെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ രണ്ടും മൂന്നും അതിലധികവും അടി വീതിയിൽ കല്ലുകൊണ്ട് കെട്ടിയൊരുക്കിയ ആണിച്ചാൽ എന്ന ഓവ് ചാലും പിൽക്കാലത്ത് നിർമ്മിച്ചതായാണ് ഓർമ്മ .
ഈ ഓവുചാലുകളിലെ ജലം ,വയലോരങ്ങളിലെ മഴവെള്ളം, നീരുറവകൾ ഇവയെല്ലാം കേന്ദ്രീകരിച്ചെത്തിയിരുന്നതും തൊട്ടടുത്ത ചെറിയാണ്ടി തോട്ടിലേയ്ക്ക് തന്നെ
പണ്ട് കാലത്ത് വയലും വെള്ളക്കെട്ടുള്ള ഇടങ്ങളുമായ ഇവിടെ നിരവധി വീടുകളും കെട്ടിടങ്ങളും പിൽക്കാലത്ത് ഉയർന്നുകഴിഞ്ഞു .
ഗ്രാമീണതയയും നാഗരീകതയയും കൈകോർത്തുനിൽക്കുന്ന ഹരിതാഭമായ ഭൂപ്രദേശമായുള്ള ഒരു രൂപമാറ്റം .
റോഡരികിൽ വെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച വീതികൂടിയ ഓവുചാലുകൾ പലേടങ്ങളിലും കരപ്പറമ്പായി മാറുകയും സമീപങ്ങളിലെ കുഞ്ഞുതൈകൾ വൃക്ഷങ്ങളായി തടിച്ചുയർന്ന നിലയിലുമെത്തിനിൽക്കുന്നു .
മറ്റുചിലേടങ്ങളിൽ ഓവുചാലുകൾ പലേടത്തും മെലിഞ്ഞുണങ്ങിപ്പോയനിലയിൽ .വാക്കുകൾ കൊണ്ട് അനുവാദം നൽകിയില്ലെങ്കിലും മൗനം കൊണ്ട് സമ്മതം നൽകി എന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ് .ശരിക്കും ആരാണിതിനുത്തരവാദി ?
ഫ്‌ളാറ്റ് സമുച്ചയങ്ങൾവരെ കേരളത്തിൽ ചിലേടങ്ങളിൽ ഇടിച്ചുനിരപ്പാക്കപ്പെട്ട അവസ്ഥകളും വിസ്‌മരിക്കുന്നില്ല .
നാട്ടുമ്പുറത്തെ അക്കാലത്തെ ഏറ്റവും തിരക്കുള്ള ഒന്നാംതരം ചായക്കടയായിരുന്നു പട്ടിയാട്ട് റെയിൽവേ ഗേറ്റിന് താഴെ ചന്തമ്മൻ എന്ന ആൾ നടത്തിയത് .
കർഷകതൊഴിലാളികളും നെയ്ത്തുതൊഴിലാളികളും വഴിയാത്രക്കാരുമടങ്ങുന്ന ചുറ്റുവട്ടത്തുള്ള പലരുടെയും നല്ല തിരക്കാവും രാവിലെ ചായക്കടയിൽ ,
ഈ കടയുടെ ഓരം ചേർന്നാണ് ചെറിയാണ്ടി തോടിൻറെ ഉത്ഭവം .
ഈ പരിസരത്തിൻറെ എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത ഇവിടെ എത്രയോവർഷങ്ങൾക്കു മുൻപ് അഴിയൂരിലെ ചൂട്ടു പറമ്പത്ത് കേളുമേസ്‌തിരി എന്ന കൽപ്പണിക്കാരൻ സാങ്കേതിക പരിചയസമ്പന്നതയില്ലാതെ പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച ഓവുപാലം .
സിമന്റും കോൺക്രീറ്റും വേണ്ടത്ര പ്രാബല്യത്തിലില്ലാത്ത പഴയ കാലം .നാട്ടിടങ്ങളിലെ കൽക്കുഴികളിൽനിന്നും കൈമഴു ഉപയോഗിച്ച് കൊത്തിയെടുക്കുന്ന ചെങ്കല്ലുകൾ ചെത്തി മിനുക്കി ആർച്ചുകളെന്നനിലയിൽ ചെറിയാണ്ടി തോട്ടിൽ പടുത്തുയർത്തിയ ഈ ഒവ്പാലം നിർമ്മിച്ചത് ഞങ്ങളൊക്കെ ജനിക്കുന്നതിനും എത്രയോ മുൻപാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് .
കാല പ്പഴക്കത്തിലും അതിൻറെ ഈടുറപ്പിനും മേന്മക്കും അശേഷം മങ്ങലേറ്റിട്ടുമില്ല .
കാലമേറെക്കഴിഞ്ഞശേഷം എഞ്ചിനീയറിംഗ് ബിരുദധാരികളുടെ മേൽ നോട്ടത്തിൽ ഇരുമ്പു കമ്പിയും സിമെന്റും കോൺക്രീറ്റും ഉപയോഗിച്ച് റോഡിന് കുറുകെ നിർമ്മിച്ച ആധുനിക ഓവ് പാലം ഏതാനും വർഷങ്ങൾക്കകം തന്നെ വക്കും മുനയും അടർന്ന് വിള്ളലുകൾ വന്നനിലയിൽ ഉപയോഗശൂന്യമായി എന്നതും മറ്റൊരു സത്യം .
ചെറിയാണ്ടി തോടിൻറെ ചില ഓർമ്മക്കാഴ്ച്ചകൾ !
അനങ്ങാറത്ത് താഴെ കടന്ന് നേരെ വടക്കോട്ട് മുക്കാളി റയിൽവേ സ്‌റ്റേഷൻ ഭാഗത്തേയ്ക്ക് .റയിലിന് സമാന്തരമായി.അവിടെനിന്നും കിഴക്കോട്ട് ദിശ മാറി കുറുങ്ങോട്ട് താഴെ , കാളിയത്ത് താഴെ ,മേപ്പറമ്പത്ത് താഴെ ,എടവലക്കണ്ടി താഴെ ,കോമത്ത് താഴെ ,മണലോടി താഴെ തുടങ്ങിയ നിരവധി സ്ഥലങ്ങളിലൂടെ ഒഴുകി ഈ തോട്ടിലെ ജലം ഏറാമല പഞ്ചായത്തിലെ കുറിച്ചിക്കര പുഴയിയിലെത്തിച്ചേരുകയായിരുന്നു ആ കാലത്തെ പതിവ് .
എന്നാൽ ഇന്ന് ഒഴുകാൻ തോടുമില്ല .ഒഴുകാനിടവുമില്ല എന്ന നിലയിലെത്തിനിൽക്കുന്നു ഇവിടം
ചെറിയാണ്ടി തോടിൻറെ തീരങ്ങളിൽ പലേടങ്ങളിലും ചുറ്റുപാടിലുള്ള വീട്ടുകാരുടെ സൗകര്യാർത്ഥം ഇരിങ്ങൽ പ്പാറയിൽനിന്നുമെത്തിയ വലിയ കരിങ്കൽപാളികൾ അലക്കു കല്ലായി നാട്ടുകാർ അക്കാലത്ത് സ്ഥാപിച്ചിരുന്നു .
രാവിലെമുതൽ തുണിയലക്കാനുള്ള സ്ത്രീകളുടെ തിരക്കാവും ഇവിടെ . അലക്കുകല്ലുകൾ ഒഴിഞ്ഞുകിട്ടാൻ കാത്തുനിൽക്കുന്ന മറ്റുസ്ത്രീകൾ നാട്ടുവാർത്തകൾ ,വീട്ടുവിശേഷങ്ങൾ, കൂട്ടത്തിൽ എരിവിന് അൽപ്പം പരദൂഷണവും പരസ്‌പരം പേനെടുക്കലുമായിതോട്ടുവക്കിൽ സമയംപോക്കും.
വെള്ളയും ചുവപ്പും നിറങ്ങളിലുള്ള എണ്ണമറ്റ ആമ്പൽ പൂവുകൾ പൂക്കൂട ചൂടിയപോലുള്ള ഈ തോട്ടിലെ നീർപ്പരപ്പിലൂടെ നൂറുകണക്കിന് താറാവ് കുഞ്ഞുങ്ങളെ നീരാട്ടിനിറക്കാറുള്ള താറാവു കച്ചവടക്കാരൻ മുട്ടക്കാരൻ അയ്യൻ എന്ന് വിളിപ്പേരുള്ള ജോസഫേട്ടനും കുടുംബവും ഈ തോടിനരികിൽ താമസിച്ചിരുന്നു . താറാവുകച്ചവടവുമായി തെക്കുനിന്നെവിടുന്നോ കുടിയേറിയെത്തിയതാണ് ഈ കുടുംബം .
മണിയാങ്കണ്ടി ഭാസ്‌കരൻ ഗുരുക്കളും കുറിച്ചിക്കര ചോയി ഗുരുക്കളും ചേർന്ന് മുക്കാളിയിൽ നടത്തിയ ഉദയ കളരി സംഘത്തിലെ പലഅഭ്യാസികളും ശരീരത്തിൽ പൂശിയ മുക്കൂട്ടിളക്കി ചാടിത്തിമിർത്തുകുളിക്കാനെത്തിയതും ഇവിടെ ഈ ചെറിയാണ്ടി തോട്ടിൽ .
അകലെ നിന്നും ഓടി വന്ന് ഒന്നുരണ്ട് മലക്കം മറിച്ചലുകളോടെയായിരിക്കും അഭ്യാസികളായ ഇവർ വെള്ളത്തിൽ വന്നു വീഴുക .
ചുറ്റുപാടിലെ കൗമാരക്കാരായ പെൺകുട്ടികളും യുവതികളുമടക്കമുള്ള നിരവധി സ്ത്രീകൾ ഒറ്റത്തോർത്തുടുത്ത് ചെറിയാണ്ടി തോട്ടിൽ അർദ്ധനഗ്നകളായി നീന്തിക്കുളിക്കുന്നതും അന്നത്തെ ഗ്രാമീണ ദൃശ്യങ്ങൾ .
പല ദുരാചാരങ്ങളും നിലവിലുള്ള പഴയ കാലം .ചുറ്റുവട്ടങ്ങളിൽ ആദ്യമായി ഋതുമതികളായ പെൺകുട്ടികളുടെ തലയിൽ കിടക്കപ്പായചുരുട്ടി വെച്ചുകൊണ്ട് ദീപക്കാഴ്ചയുമായി ഒരുകൂട്ടം സ്ത്രീകൾ ഈ തോട്ടിൽ കുളിപ്പിക്കാൻ കൊണ്ടുപോകുന്ന ചടങ്ങിൻറെ നേർക്കാഴ്‌ച്ചകളും മറന്നിട്ടില്ല . മന്ത്രവാദം ,ബാധയൊഴിപ്പിക്കൽ ,മാരണം ,മാറ്റൽ തുടങ്ങിയ ദുരാചാരങ്ങൾ നിലവിലുണ്ടായിരുന്ന സമയം .
മിക്കവാറും സ്ത്രീകൾക്കായിരിക്കും അക്കാലത്ത് പ്രേതബാധയുണ്ടാകുക .
അതുപോലേ വരവിൽ കുടുങ്ങുക .മറ്റ് ചിലർക്കാവട്ടെ ബ്രഹ്മരക്ഷസ്സ് കൂടുക എന്നൊക്കെയാണ് പറഞ്ഞുകേൾക്കുക .ഇതെന്താണ് ഈ മഹാമായ എന്ന് ഇന്നുമെനിക്കറിയില്ല .എൻറെ കുടുംബത്തിൽ ആർക്കും ഈ അവസ്ഥ ഉണ്ടായിട്ടുമില്ല .ഇത്തരം മാനസികാവസ്ഥയുള്ളവരുടെ വീടുകളിൽ സന്ധ്യമുതൽ ഓട്ടുമണിയുടെ കിലുക്കം കേൾക്കാം . അവിടെ പൂജയും മാറ്റലുമാണെന്നാവും കേൾക്കുക .
ഇത്തരം കാര്യങ്ങൾക്കായി ഒരുകൂട്ടം മന്ത്രവാദികളും മന്ത്രവാദിനികളും ഇവിടെയുണ്ടായിരുന്നു . അതുപോലെ അവിഹിതഗർഭഛിദ്രം ഉപജീവനമാക്കിയ ചിലവയറ്റാട്ടികളും അഞ്ജനമെന്ന മഷിനോട്ടക്കാരും.
ഉൾനാടൻഗ്രാമങ്ങളിൽ കമ്യുണിസത്തിനുണ്ടായ വേരോട്ടവും എം ആർ നാരായണക്കുറുപ്പിനെപ്പോലുള്ളവരുടെ ഇടപെടലുകളിലൂടെയും സംജാതമായ മടപ്പള്ളി കുന്നിലെ കോളേജും ഇവിടെ ഒരുമാറ്റത്തിൻറെ തുടക്കമായിരുന്നു .
വ്യക്തികളിൽ വിദ്യാഭ്യാസവും അതുവഴി ശാസ്ത്രീയാവബോധവും വളർന്നതുകൊണ്ടുതന്നെയാവാം ഇവിടെ മന്ത്രവാദികൾ എന്ന വർഗ്ഗത്തിൻറെ കുറ്റിയറ്റിട്ട് കാലമേറെയായി ,എഴുത്തുനീരും ചരട് മന്ത്രിക്കലും അരിയും ഭസ്‌മവും ഇടലും ഓർമ്മയിൽ മാത്രം , വെളുത്ത വാഴപ്പോള കൊണ്ട് ഒരു ചതുരമുണ്ടാക്കി അതിലൊരു ഇലച്ചീന്തിൽ ചെക്കിപ്പൂവും ചുകന്ന ചെമ്പരുത്തിപ്പൂവും കവുങ്ങിൻപൂക്കുലയും മറ്റെന്തൊക്കെയോ സാധനങ്ങൾ ചെറിയാണ്ടി തോട്ടിലൂടെ ഇടയ്ക്ക് ഒഴുകിപ്പോകുന്നത് കാണാം .
രാത്രിയിലാണെങ്കിൽ ചിലനേരങ്ങളിൽ ഈ ഇലച്ചീന്തിൽ അണയാത്ത വിളക്ക് തിരിയും കാണാം .
മാറ്റൽ കർമ്മം കഴിച്ച് മന്ത്രവാദി ഒഴുക്കുന്നതാണത്രേ ഈ സാധനം .
അത്രയേ അന്ന് അച്ഛൻ പറഞ്ഞുതന്നുള്ളു .വിഡ്ഢിത്തം എന്നുകൂടി അച്ഛൻ പറഞ്ഞതും ഞാൻ മറന്നിട്ടില്ല . യന്ത്രവൽകൃത ഈർച്ചമില്ലുകൾ അടുത്തെങ്ങുമില്ലാത്ത കാലം .
അതാതു വീടുകളിൽ തെങ്ങിൻ തടികൾ ഉയർത്തിക്കെട്ടിയുണ്ടാക്കുന്ന ആളും കൈയ്യും പൊക്കത്തിലുള്ള തട എന്ന പേരുള്ള പ്ലാറ്റ്‌ഫോമിൽ വെച്ചായിരിക്കും മാവ് പ്ലാവ് ഞാവൽ പോലുള്ള മരങ്ങൾ വലിയ കൈവാളുപയോഗിച്ചുകൊണ്ട് അക്കാലങ്ങളിൽ മരപ്പലകകളാക്കി മാറ്റിയിരുന്നത് .
ഇത്തരം ഈർച്ചപ്പണിക്കാർക്ക് ഈരായികൾ എന്നായിരുന്നു അക്കാലത്തെ വിളിപ്പേർ .
മാവിൻ പലകകളും തെങ്ങിൻ കവുക്കോലുകളും കറയിളക്കി ഈടുറപ്പുള്ളതാക്കാൻ ചെറിയാണ്ടി തോട്ടിലെ വെള്ളത്തിൽ ആഴ്ചകളോളം മുക്കിയിടുന്നതും അക്കാലത്തെ പതിവ് കാഴ്ച്ച .രാതികാലങ്ങളിൽ ആരും ഇത് കട്ടുകൊണ്ടുപോകാറില്ലെന്നുള്ളതും ഇവിടുത്തെ ചില നാട്ടു മര്യാദ .
മാടാക്കര അമ്പലത്തിൽ കലങ്കരി ഉത്സവത്തിന് തിടമ്പെഴുന്നെള്ളിപ്പിനായി ദൂരസ്ഥലങ്ങളിൽനിന്നും എത്താറുള്ള ആനകളെ പാപ്പാന്മാർ ചെറിയാണ്ടിതോട്ടിലെ വെള്ളത്തിൽ വീതികൂടിയ ഭാഗങ്ങളിൽ ചരിച്ചുകിടത്തി മടലുകൊണ്ട് ഉരസിക്കുളിപ്പിക്കുന്നതും ,ആന തുമ്പിക്കയ്യിലൂടെ വെള്ളെമെടുത്ത് ചീറ്റുന്നതും കുട്ടികളായ ഞങ്ങൾ റയിൽവെ ചാലിലിൽ നിന്നും കൗതുകക്കാഴ്ച്ചപോലെ അന്ന് നോക്കി നിന്നിട്ടുണ്ട് .
അക്കാലത്തെ നാട്ടുമ്പുറങ്ങളിലെ മുഖ്യ ചരക്കുവാഹനം മൂരിവണ്ടികൾ .
കൊപ്രയും നാളികേരവും ,കുരുമുളകും അടക്കയും അതുപോലെ വിൽക്കാനുള്ള കാർഷിക വിളകൾ പലതും വടകര പെരുവാട്ടുംതാഴ ,അടക്കാത്തെരു ,താഴങ്ങാടി മാർക്കറ്റുകളിലെത്തിച്ചിരുന്നത് മൂരിവണ്ടികളിൽ . വൈകുന്നേരമായാൽ ഇത്തരം വണ്ടിക്കാളകളെ ഈ തോട്ടിൽ പതിവായി കുളിപ്പിച്ചവരിൽ പലരും ഇന്നില്ലെങ്കിലും എന്നെപ്പോലെ ഈ കാഴ്ച്ച കണ്ട ഏറെപ്പേർ ഇന്നുമിവിടെ ജീവിച്ചിരിപ്പുണ്ട് .
അരയിൽ ചെറിയ ഓലക്കൊട്ട കെട്ടിയും കൈത്തണ്ടയിൽ വിതർത്തിട്ട വലിയ വീശുവലയുമായി ഈ തോടിൻറെ കരയിൽനിന്നും ഉമ്മർകുട്ടിക്ക എന്ന മീൻപിടുത്തക്കാരൻ ഉയരത്തിലേക്ക് വീശിയെറിയുന്ന വീശുവല വിരിയിക്കുന്ന വൃത്താകാരം അന്നത്തെ കുട്ടികളുടെ അത്ഭുതാകാഴ്ച്ച .
അരമണിക്കൂർകൊണ്ട് ബ്രാലും ,മുഴുവും,തെണ്ടയും ,കടുങ്ങാലിയും കുളപ്പരളും ഇരിമീൻകുഞ്ഞുങ്ങളും അത്യാവശ്യം പുഴക്കൊഞ്ചനും എല്ലാംകൂടി അരയിലെ ഓലക്കൊട്ട നിറയെ മീനുമായിട്ടായിരിക്കും ഉമ്മർകുട്ടിക്കയുടെ മടക്കയാത്ര .
കടുത്ത വേനൽക്കാലമായാൽ ചുറ്റുവട്ടത്തെ ചെറുപ്പക്കാരുടെ കൂട്ടായ്‌മയിൽ ചെറിയാണ്ടി തോട്ടിലെ വെള്ളം തേവി വറ്റിച്ച് ചെളിയെടുത്തു വൃത്തിയാക്കുന്നത് അക്കാലത്ത് ഒരാഘോഷം പോലെയായിരുന്നു .ക്ഷണിക്കാതെ തന്നെ ഈ സദുദ്യമത്തിൽ പങ്കാളികളാവാൻ പ്രദേശവാസികളിൽ പലരും സ്വയം മുന്നോട്ടെത്തുന്നതും പതിവ് കാഴ്ച്ച .
വെള്ളം വറ്റിയ ഇടങ്ങളിൽനിന്നു കിട്ടുന്ന കൈച്ചിൽ അഥവാ വരാൽ പോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ തോണ്ടിയെടുത്ത് മൺകലങ്ങളിലെ വെള്ളത്തിൽ സൂക്ഷിക്കും .
ഒന്നു രണ്ടുദിവസം കഴിഞ്ഞാൽ തോട്ടിൽ വീണ്ടും നീരുറവ വരുന്നതോടെ ഈ മീൻകുഞ്ഞുങ്ങളെ തോട്ടിലെ വെള്ളത്തിൽത്തന്നെ നിക്ഷേപിക്കാൻ വേറിട്ട മനസ്സ് കാണിക്കാറുള്ള അനങ്ങാറത്ത് രാഘവൻ എന്നൊരാളുടെ മുഖം മനസ്സിൽ വല്ലാതെ തെളിയുന്നു , റയിൽ പാളങ്ങൾക്കടിയിൽ ഇന്ന് കാണുന്ന കോൺക്രീറ്റ് സ്ളീപ്പറുകൾക്കു പകരം കട്ടിക്കാതലുള്ള ഏതോ മരം പുഴുങ്ങിയെടുത്തായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്നത് . ഇതുപോലുള്ള ഒരുകൂട്ടം മരത്തിൻറെ വലിയ സ്ളീപ്പറുകൾ പുതിയത് ചെറിയാണ്ടിത്തോട്ടിലെ അന്നത്തെ അലക്കുകല്ലുകൾക്ക് താഴെ ചെളിയിൽ പുതഞ്ഞുകിടന്നത് കണ്ട ഓർമ്മ എനിക്കുണ്ട് .
ഇന്ന് കരയായി മാറിയ ഇവിടം വലിയ കുഴിയെടുത്ത് മണ്ണുമാറ്റിയാൽ ഇത് സത്യമാണെന്ന് ആർക്കും സ്ഥിരീകരിക്കാവുന്നതുമാണ് .തോടിനുകുറുകെ രണ്ടും മൂന്നും തെങ്ങിൻ തടികൾ ചേർത്തുണ്ടാക്കിയ തടിപ്പാലങ്ങൾ കടന്നുവേണമായിരുന്നു ചില വീടുകളിലെത്താൻ.
ചുറ്റുപാടിൽ അക്കാലത്ത് കോൺക്രീറ്റ് വീടുകൾ നന്നേ കുറവ് . ആത്യാവശ്യം ഭേധപ്പെട്ടവർ ഓട് മേഞ്ഞ വീടുകളിൽ .ബഹു ഭൂരിഭാഗം ഇടത്തരക്കാരും ഓലമേഞ്ഞ വീടുകളിൽ .കരിയോലകൾ മാറ്റി പുതിയ ഓലകെട്ടി ഉറപ്പിക്കുന്നതിന് പുരകെട്ടെന്നാണ് അന്നു പറയുക.
''പുര കെട്ടിന് ചക്കയും കഞ്ഞിയും'' എന്ന പറച്ചിലും ഇല്ലാതായിട്ടേറെയായി .
മിക്കവാറും വീടുകളിലെ സ്ത്രീകൾക്ക് ഓലമെടയാനറിയുന്ന കാലം .നൂറും നൂറ്റമ്പതും അതിലധികവും ഉണങ്ങിയ തെങ്ങോലകൾ രണ്ടുകീറാക്കിമാറ്റി ചെറിയാണ്ടിതോട്ടിലെ ഒഴുക്ക് വെള്ളത്തിൽ രണ്ടും മൂന്നും ദിവസം കുതിർത്തിട്ടായിരിക്കും ഓലമെടയാനായി വെള്ളത്തിൽനിന്നും എടുത്തകൊണ്ടുപോകുക .ഒഴുക്കിൽ ഓലകൾ നഷ്ടപ്പെടാതിരിക്കാൻ കല്ലിൽ കെട്ടിയിടുന്നതായും കാണാം
ഓടക്കാലിലുറപ്പിച്ച പനയോലക്കുടകൾക്ക് സ്‌കൂൾ തുറക്കുമ്പോൾ ആ കാലഘട്ടങ്ങളിൽ ആവശ്യക്കാരേറെ . തൊപ്പിക്കുടകൾക്കും ചിലവുള്ള കാലം .കൂട്ടത്തിൽ വയലിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കായി 'പിരിയോല' എന്നൊരു സാധനം വേറെയും .
ചെറിയാണ്ടി തോടിനു മറുവശം റയിൽവേ സ്ഥലത്തോട് ചേർന്നുള്ള ഓലപ്പുരയിൽ കുടുമ കെട്ടിയ രാമർ പണിക്കരും ഭാര്യ കല്ല്യാണി അമ്മയുമുണ്ടായിരുന്നു .
രണ്ടുപേരും ഓലക്കുടനിർമ്മാണത്തിൽ ഏറെ വൈദഗ്ധ്യമുള്ളവർ ,കുടനിർമ്മാണത്തിനാവശ്യമായ പനയോലക്കീറുകളും ഓടക്കാലുകളും കുതിർക്കാനിട്ടതും ചെറിയാണ്ടി തോട്ടിലെ വെള്ളത്തിൽ . ഓണം കഴിഞ്ഞാൽ ചുറ്റുവട്ടത്തുള്ളവർ ഓണപ്പൂവൊഴുക്കിയിരുന്നതും ഈ തോട്ടിലെ ഒഴുക്കുവെള്ളത്തിൽ .
കുളക്കോഴികളും പൊന്മ എന്ന മീൻകൊത്തിപ്പക്ഷികളും വെള്ളക്കൊക്കുകളും സദാ വട്ടമിട്ടുപറക്കുന്ന ഈ തോട്ടിറമ്പിൽ മുറ്റിത്തഴച്ചുവളർന്നിരുന്ന കൈതക്കാടുകളിൽ നിന്നും കല്ലാമല ഭാഗത്തു നിന്നും കുങ്കർ എന്നൊരാളെത്തി പായനിർമ്മിക്കാൻ കൈതയിൽനിന്നും ഓലകൾ അറുത്തെടുത്ത് വലിയ കെട്ടുകളാക്കി തലയിലേറ്റിക്കൊണ്ടുപോകും .
പായ നെയ്യാൻ ഉപയോഗിക്കുന്നതുകൊണ്ടോ പായനെയ്യുന്നത് ചിലരുടെ കുലത്തൊഴിലായതുകൊണ്ടോ എന്തോ ഇത്തരം കൈതച്ചെടികളെ പുലക്കൈത എന്നും പൂക്കൈത എന്നും വിളിക്കാറുണ്ട് . കാലവർഷം ശക്തിപ്രാപിച്ചുകഴിഞ്ഞാൽ മലവെള്ളപ്പാച്ചിലിൻറെ തുടക്കമാവും .
കുറിച്ചിക്കര പുഴ നിറഞ്ഞുകവിഞ്ഞാൽ ഇവിടെയും വെള്ളപ്പൊക്കമായി .ചെറിയാണ്ടി തോടും വെള്ളത്തിൽ മുങ്ങും .തോടേത് കരയേത് എന്നറിയാത്ത അവസ്ഥ.
റെയിവേ ബി ക്ലാസ്സ് സ്ഥലമടക്കം പുഴയായിത്തോന്നും. ഈ സമയത്തായിരിക്കും കുറിച്ചിക്കര ഭാഗത്തു നിന്നും അക്കാലത്തെ ഉശിരുള്ളഒരു കൂട്ടം ചെറുപ്പക്കാർ അൽപ്പം വീതി കൂടിയ തോണിയുമായി സവാരിക്കിറങ്ങുക .മറ്റുചിലർ വലിയ വട്ടളങ്ങളിലും .മുക്കാളി റയിൽവേ സ്റ്റേഷനടുത്തുള്ള ഓവുപാലത്തിനടുത്തുണ്ടായിരുന്ന വലിയ കുണ്ടുകുളത്തിലൂടെ വേണം ചെറിയാണ്ടി തോട്ടിലേക്ക് തോണി തിരിക്കാൻ .
ഇത്രയും വലിയ തോണി വളച്ചെടുക്കാൻ വേണ്ട വിസ്ഥാരമുണ്ടായിരുന്ന ഈ സ്ഥലത്തുനിന്നും ഇന്ന് ഒരു സൈക്കിൾ തിരിച്ചെടുക്കാൻ പറ്റാത്തനിലയിൽ തോട് കരയായിരിക്കുന്നു .
അഥവാ പറമ്പായി മാറിയിരിക്കുന്നതായാണ് വർത്തമാനകാല ദൃശ്യങ്ങൾ. പലേടങ്ങളിലും പലവീതിയായിരുന്നു ഈ തോടിന് ,ചിലേടങ്ങളിൽ പറമ്പുകൾ ചെങ്കല്ലുകൾ ഉപയോഗിച്ച് പഴയകാലങ്ങളിൽത്തന്നെ കെട്ടിയുറപ്പിച്ചിട്ടുമുണ്ടായിരുന്നു.
ചെറിയാണ്ടി താഴ ,അനങ്ങാറത്തു താഴ തുടങ്ങിയ സ്ഥലങ്ങളിൽ തോടിന് പതിനഞ്ചും ഇരുപതും അടിയിലേറെ വീതിയുണ്ടായിരുന്നുവെന്നത് ഇവിടെയുള്ള പ്രായപ്പെട്ട ഒരുമാതിരിക്കാർക്കെല്ലാം അറിയാവുന്നതുമാണ് .ബന്ധപ്പെട്ട അധികൃതർ മുൻകൈയ്യെടുത്ത് റീസർവ്വെ നടത്തി ഈ നീർത്തടം പുനഃസ്ഥാപിക്കുമെങ്കിൽ ഏറെ നല്ലത് .
വലിയ വാഴത്തടകൾ കുറെയെണ്ണം കൂട്ടിക്കെട്ടി വലിയ തിരപ്പനുണ്ടാക്കി ഞങ്ങൾ കുട്ടികൾ ആ സമയങ്ങളിൽ ചെറിയാണ്ടി തോട്ടിലെ മലവെള്ളപ്പരപ്പിലൂടെ ഇരുന്നും കിടന്നും തുഴഞ്ഞുകളിക്കുമായിരുന്നു .ഇവരിൽ ചിലർ ഇന്ന് രാക്ഷ്ട്രീയ സാംസ്‌കാരികരംഗങ്ങളിൽ ഇന്ന് ഏറെ പ്രശസ്ഥർ .
മറ്റു ചിലരാകട്ടെ ചോമ്പാലയുടെ അഭിമാനമായി ഇന്ത്യൻ രാക്ഷ്ട്രീയത്തിലെ താരത്തിളക്കമുള്ള മഹദ് വ്യക്തിത്വങ്ങൾ വരെ എത്തിനിൽക്കുന്നർ .
ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കുമെന്നതായി ഫെബ്രുവരിയിൽ കണ്ട ഒരുവാർത്തയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത് .
"വരാനിരിക്കുന്നത് സര്‍വതോന്മുഖമായ മാറ്റത്തിൻറെ വര്‍ഷമായിരിക്കും. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. അത്തരം വികസന പ്രവര്‍ത്തനങ്ങളില്‍ റോഡ് വൃത്തിയാക്കല്‍ പോലെ പ്രധാനപ്പെട്ടതാണ് തോട് വൃത്തിയാക്കലും.
ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 20000 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനു സര്‍ക്കാറിനൊപ്പം പഞ്ചായത്തുകളും പ്രവര്‍ത്തിക്കണം - മന്ത്രി തോമസ് ഐസക് .
കാലാകാലമായി ഈ നാട്ടിലൂടെ പരന്നൊഴുകിരുന്ന ചെറിയാണ്ടി തോടിൻറെ പുനർജ്ജനിക്കായി ആര് മുന്നിട്ടിട്ടിറങ്ങും ?