തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദര്‍ശനത്തിനും ഭാവി ഗവേഷണ-വികസന പരിപാടികളുടെ മാര്‍ഗരേഖ രൂപീകരിക്കുന്നതിനും അവസരമൊരുക്കിയ 'വണ്‍ വീക്ക് വണ്‍ ലാബ്' സമ്മേളനത്തിന് ഇന്ന് (മാര്‍ച്ച് 18) സമാപനം.
പാപ്പനംകോട്ടെ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ മാര്‍ച്ച് 13 ന് ആരംഭിച്ച പരിപാടിയില്‍ ശാസ്ത്ര-ഗവേഷക സമൂഹം ശ്രദ്ധ ചെലുത്തേണ്ട മേഖലകളില്‍ വിദഗ്ധ ചര്‍ച്ച നടന്നു. വിവിധ മേഖലകളില്‍ സംരംഭകത്വ വികസനത്തിന് പിന്തുണ നല്‍കുന്നതിനും ചെറുകിട ഇടത്തരം വ്യവസായ മേഖലകളില്‍ ശാസ്ത്ര സാങ്കേതികമുന്നേറ്റം വിപുലപ്പെടുത്തുന്നതിനും സമ്മേളനം അവസരമൊരുക്കി.
വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ അവസാന ദിവസമായ ഇന്ന് (മാര്‍ച്ച് 18) പൊതുജനങ്ങള്‍ക്ക് എന്‍.ഐ.ഐ.എസ്.ടി കാമ്പസ് സന്ദര്‍ശിക്കാനും വിവിധ ഗവേഷണ വിഭാഗങ്ങളുടെ സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും അവസരമൊരുക്കിയിട്ടുണ്ട്. മില്ലറ്റ് എക്സിഷന്‍ സ്റ്റാളുകളും സന്ദര്‍ശിക്കാം. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് എന്‍.ഐ.ഐ.എസ്.ടി സമ്മേളനം സംഘടിപ്പിച്ചത്.
ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഫലപ്രദമായി മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ വണ്‍ വീക്ക് വണ്‍ ലാബിന്‍റെ ഭാഗമായുള്ള സെമിനാര്‍ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. ആയുര്‍സ്വാസ്ത്യ, രക്ഷ, ഊര്‍ജ്ജ, പൃഥ്വി, ശ്രീ അന്ന എന്നീ പ്രമേയങ്ങളിലായി നടന്ന സെമിനാറുകളില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും സര്‍ക്കാര്‍ ഉന്നത പ്രതിനിധികളും പങ്കെടുത്തു.
ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മില്ലറ്റ് ഫെസ്റ്റിവെല്‍ ജനപങ്കാളിത്തം കൊണ്ടാണ് ശ്രദ്ധേയമായത്. മില്ലറ്റ് ഫെസ്റ്റിവെലിന്‍റെ ഭാഗമായുള്ള കര്‍ഷകസംഗമത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തു.