കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള മറ്റ് പ്രകൃതിദുരന്തങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് ആവശ്യം. കേരളത്തിലുൾപ്പെടെ സമുദ്ര മത്സ്യബന്ധന മേഖലയിൽ ഇൻഷുറൻസ് കാര്യക്ഷമമല്ലെന്നും കാലാവസ്ഥ കാരണമായി വരുന്ന നഷ്ടങ്ങൾ നികത്താൻ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഈ വിഷയം ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച സിംപോസിയത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആർഐ), ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവമെന്റൽ ഓർഗനൈസേഷൻ, തമിഴ്‌നാട് ഫിഷറീസ് സർവകലാശാല എന്നിവ സംയുക്തമായി ലോകബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രാജ്യാന്തര സിംപോസിയത്തിലാണ് ഈ ആവശ്യമുയർന്നത്.
ചുഴലിക്കാറ്റ്, കടൽക്ഷോഭം പോലുള്ള പ്രകൃതിദുരന്തങ്ങളാൽ നഷ്ടമനുഭവിക്കുന്നവരെ പ്രത്യേകം സംരക്ഷിക്കാൻ സൂചിക ഇൻഷുറൻസ് പരിരക്ഷയാണ് വേണ്ടത്. കാലാവസ്ഥാ മോഡലിംഗ് വഴി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ മനസ്സിലാക്കി ആ പരിധിയിൽ വരുന്ന എല്ലാവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ് സൂചിക ഇൻഷുറൻസ്. നഷ്ടത്തിന്റെ തോത് പ്രത്യേകമായി പഠിക്കേണ്ട കാലതാമസവും ഇതുവഴി ഒഴിവാക്കാനാകുമെന്നതിനാൽ ഈ ഇൻഷുറൻസ് പദ്ധതിയാണ് മത്സ്യമേഖലയിൽ നടപ്പിലാക്കേണ്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്: സംയുക്ത പരിശോധന പൂർത്തിയായി
ആദ്യഘട്ടത്തിൽ ഇൻഷുറൻസ് പ്രീമിയം അടക്കുന്നതിന് സബ്‌സിഡി ഏർപ്പെടുത്താനും നിർദേശമുണ്ട്. ഇൻഷുറൻസ് സംവിധാനം നടപ്പിലാക്കുന്നതിന് സാങ്കേതികവിദ്യകളും മുന്നറിയിപ്പ് സംവിധാനങ്ങളും വികസിപ്പിക്കുകയും നിയമസഹായം ഉറപ്പാക്കേണ്ടതുമുണ്ട്. ലോകാടിസ്ഥാനത്തിൽ, 45 ലക്ഷത്തോളം വരുന്ന മത്സ്യബന്ധന യാനങ്ങളിൽ നാലര ലക്ഷം യാനങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളതെന്നും വിദ്ഗധർ പറഞ്ഞു.
മത്സ്യമേഖലയിലെ ഗവേഷകർക്ക് പുറമെ, ലോകബാങ്ക്, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ.), ഏഷ്യ പസിഫിക് റൂറൽ ആന്റ് അഗ്രികൾച്ചറൽ ക്രെഡിറ്റ് അസോസിയേഷൻ, നളന്ദ സർവകലാശാല, ഐ.സി.ഐ.സി.ഐ-ലോംബാർഡ് എന്നിവയെ പ്രതിനിധീകരിച്ച് വിദഗ്ധർ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പുതിയ മത്സ്യബന്ധന നയത്തിൻ്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം
നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്ക്യുട്ടീവ് ഡോ സി സുവർണ സിംപോസിയം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ഫിഷറീസ് കമ്മീഷണർ ഡോ കെ എസ് പളനിസ്വാമി, ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെന്നൈയിൽ നടന്ന 12ാമത് ഇന്ത്യൻ ഫിഷറീസ് ആന്റ് അക്വാകൾച്ചർ ഫോറത്തിന്റെ ഭാഗമായാണ് സിംപോസിയം സംഘടിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിന്റെ മത്സ്യനയം ( Fisheries policy) -Part-4- വിപണന മാര്‍ക്കറ്റിംഗ് സംവിധാനം (Trading and marketing system)