കാലാവസ്ഥാ വ്യതിയാനം യുദ്ധത്തേക്കാൾ വലിയ ഭീഷണിയാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇത് കർഷകർക്ക് ഭീമൻ വെല്ലുവിളിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യുദ്ധത്തേക്കാൾ വലിയ ഭീഷണി ഉയർത്തുന്നു. ഇതു തന്നെയാണ് ഇന്ന് കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. കാലാവസ്ഥാ വ്യതിയാനത്തെ നമ്മൾ കൂടുതൽ ഗൗരവമായി നോക്കി കാണേണ്ടതുണ്ട്.'
ബന്ധപ്പെട്ട വാർത്തകൾ: ഒരു രൂപ പോലും ചെലവാക്കാതെ കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി മതി; എങ്ങനെയെന്നല്ലേ!!!
ചെറിയ ഏലത്തിന് സ്പൈസസ് ബോർഡ് ഏർപ്പെടുത്തിയ കാലാവസ്ഥാ അധിഷ്ഠിത ഇൻഷുറൻസ് ഇത്തരം ദുരന്തത്തിൽ നിന്ന് കർഷകരെ പരിരക്ഷിക്കുന്നതിനുള്ള പ്രോത്സാഹജനകമായ സംരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: സോളാർ പമ്പുകൾ വിലക്കിഴിവിൽ, 60 ശതമാനം സബ്സിഡി നിരക്കിൽ ഇപ്പോൾ തന്നെ വാങ്ങാം
ശനിയാഴ്ച കൊച്ചിയിൽ നടന്ന ഒരു പരിപാടിയിലാണ് കാലാവസ്ഥ വ്യതിയാനം കാർഷിക മേഖലയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് മന്ത്രി മുന്നറിയിപ്പ് നൽകിയത്. പരിപാടിയിൽ സ്‌പൈസസ് ബോർഡ്സ് സ്മോൾ കാർഡമം പ്രൊഡക്റ്റിവിറ്റി അവാർഡ് വിതരണവും, ഗുണഭോക്താക്കൾക്കുള്ള കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പോളിസി വിതരണവും മന്ത്രി നിർവഹിച്ചു.
കാർബൺ ന്യൂട്രൽ അഗ്രിക്കൾച്ചർ പ്രോത്സാഹിപ്പിക്കണം
കൃഷിയിൽ ഭക്ഷ്യസുരക്ഷയ്ക്കായി കാർബൺ ന്യൂട്രൽ അഗ്രിക്കൾച്ചർ പോലുള്ള പുരോഗമനപരമായ കൃഷിരീതി കർഷകർ പരിശീലിക്കുകയും അവലംബിക്കുകയും ചെയ്യണമെന്നും മന്ത്രി പി. പ്രസാദ് നിർദേശിച്ചു.
2020ലെ രാജ്യത്തെ മികച്ച കുരുമുളക് കർഷകനുള്ള ഐപിസി അവാർഡ് ജേതാവ് ജോമി മാത്യുവിനേയും ചടങ്ങിൽ ആദരിച്ചു. വിപണിയിൽ കാർഷിക വിളകളുടെ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിൽ ആശങ്കയുണ്ടെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ പറഞ്ഞു.
ഇടുക്കിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുതിയ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതി പോലെ സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും കർഷകരെ സഹായിക്കാൻ ബോർഡ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാർത്തകൾ: മരണാനന്തര ചടങ്ങിൽ തെങ്ങു വയ്ക്കുന്ന ചടങ്ങില്ലായിരുന്നെങ്കിൽ കേരളത്തിൽ തെങ്ങുകൾ ഉണ്ടാവില്ലായിരുന്നു: കൃഷി മന്ത്രി
ഇന്ത്യയെ ഏലത്തിന്റെ പ്രധാന വിതരണക്കാരാക്കുക എന്ന ലക്ഷ്യത്തോടെ, സാക്ഷ്യപ്പെടുത്തിയ നഴ്‌സറികൾ വഴി ഫാമുകളിൽ നടീൽ വസ്തുക്കളുടെ ഉത്പാദനം, ജലസേചന സൗകര്യങ്ങൾ സ്ഥാപിക്കൽ, ഏലം ഡ്രയർ, വാഷർ, ക്ലീനർ എന്നിവ വാങ്ങി സ്ഥാപിക്കൽ തുടങ്ങിയ പരിപാടികൾ സ്‌പൈസസ് ബോർഡ് നടപ്പിലാക്കി വരികയാണെന്ന് എ.ജി തങ്കപ്പൻ വിശദമാക്കി.
കോവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഏലം കർഷകർ ഉൽപ്പാദനത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്തതായി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി സത്യൻ IFS പറഞ്ഞു. ഇടുക്കി എംപി, ഡീൻ കുര്യാക്കോസ്, എറണാകുളം എംപി ഹൈബി ഈഡൻ, ടി.ജെ വിനോദ് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: 'ഞങ്ങളും കൃഷിയിലേക്ക്' മുദ്രാവാക്യം ഉയര്‍ത്തി എല്ലാവരും കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി പി. പ്രസാദ്
കേരളത്തിൽ കാലാവസ്ഥ വ്യതിയാനമല്ല, സംസ്ഥാനം നേരിടുന്നത് കാലാവസ്ഥ അടിയന്തരാവസ്ഥയാണെന്ന് പരിസ്ഥിതി വിദഗ്ധർ മുൻപ് വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, കുരുമുളകിന്റെ രാജ്യത്തെ പ്രധാന ഉൽപ്പാദകരായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലം ഈ സുഗന്ധവ്യജ്ഞനത്തിന്റെ ഉൽപ്പാദനം കുറഞ്ഞതായും കണക്കുകൂട്ടുന്നുണ്ട്.