തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാന്‍ ലക്ഷ്യമിടുന്ന പട്ടയം മിഷന്‍ ഏപ്രില്‍ 25ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കി അരനൂറ്റാണ്ടായെങ്കിലും, പല കാരണങ്ങളാല്‍ ഭൂമിക്ക് കൈവശാവകാശ രേഖകള്‍ ലഭിക്കാത്ത നിരവധിപേരുണ്ട്.
ഇത് പരിഹരിക്കാന്‍ എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേരും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന ശ്രദ്ധേയമായ ഇടപെടലാണ് പട്ടയം മിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ദീര്‍ഘകാലമായി ഭൂമി കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ലഭിക്കുന്നതിന് ഏതെങ്കിലും നിയമങ്ങള്‍ തടസമാണെങ്കില്‍, ഭൂപരിഷ്‌കരണ നിയമത്തിനും ഭൂപതിവ് ചട്ടത്തിനും കോട്ടം വരുത്താതെ ആവശ്യമായ ഭേദഗതികള്‍ വരുത്തും. എന്നാല്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍, എത്ര ഉന്നതരായാലും, സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,76,000ത്തിലധികം പട്ടയങ്ങളും രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ 54,535 പട്ടയങ്ങളും വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം താലൂക്കിലെ കുടപ്പനക്കുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള സ്ഥാപനങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. കേരളപ്പിറവി ദിനത്തില്‍ റവന്യൂ രേഖകള്‍ സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത്, ഇ-ഓഫീസ് ശൃംഖലകള്‍ പൂര്‍ത്തിയാക്കും. റവന്യൂ സേവനങ്ങള്‍ സുതാര്യമായി ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓരോരുത്തരും കൈവശം വക്കുന്ന ഭൂമിക്ക് ഡിജിറ്റല്‍ അതിര്‍ത്തി ലഭ്യമാകാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഓരോ കുടുംബത്തിലെയും ഒരംഗത്തിനെയെങ്കിലും റവന്യൂ സാക്ഷരരാക്കാനായി ആരംഭിച്ച റവന്യൂ സാക്ഷരതാ യജ്ഞം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 44 ലക്ഷം രൂപ വീതം മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് കുടപ്പനക്കുന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് സൗകര്യം എന്നിവയുമുണ്ട്. വി.കെ പ്രശാന്ത് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചാണ് ഓഫീസിനാവശ്യമായ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. കുടപ്പനക്കുന്നിന് പുറമെ ജില്ലയില്‍ നെടുമങ്ങാട് താലൂക്കിലെ വിതുര, കാട്ടാക്കട താലൂക്കിലെ മണ്ണൂര്‍ക്കര, അമ്പൂരി, നെയ്യാറ്റിന്‍കര താലൂക്കിലെ വെള്ളറട, കൊല്ലയില്‍ എന്നിവിടങ്ങളിലും പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇന്ന് (ഏപ്രില്‍ അഞ്ച്) തുറന്നു.
കുടപ്പനക്കുന്ന് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സന്നിഹിതരായിരുന്നു.