രാജ്യാന്തര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ കൊക്കോ വിപണി. ഉണക്ക കൊക്കോയുടെ വില 250ൽ നിന്ന് 800 രൂപക്ക് മുകളിലേക്കുയർന്നു. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണു വർധനവുണ്ടായിരിക്കുന്നത്. അന്താഷ്ട്ര മാർക്കറ്റില്‍ ടണ്ണിന് കഴിഞ്ഞ മാസം 2400 ഡോളർ എന്ന നിലയില്‍ നിന്ന് ഉയർന്ന് ഇപ്പോള്‍ എണ്ണായിരം ഡോളറിന് മുകളിലായി.പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം ലോകത്ത് കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കുന്ന ഘാന, ഐവറി കോസ്റ്റ് രാജ്യങ്ങളിൽ ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് വിലകുത്തനെ ഉയരാൻ കാരണം.
ഉയർന്ന വില ഒരു വർഷത്തേക്ക് എങ്കിലും തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. കേരളത്തിൽ കൊക്കോ കൃഷിയുടെ 40 ശതമാനവും ഇടുക്കി ജില്ലയിൽ നിന്നാണ്. ഇന്ത്യയിൽ ഒരു ഹെക്ടറിലെ വിളവ് ഒരു വർഷം ശരാശരി 560 കിലോയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ ചോക്ലേറ്റ് കമ്പനികൾ പ്രതിസന്ധിയിലാണ്.
500 ഗ്രാം ചോക്ലേറ്റ് നിർമിക്കാൻ 400 കൊക്കോ കുരു എങ്കിലും വേണം. ഒരു മരത്തിൽനിന്ന് ഒരു വർഷം പരമാവധി കിട്ടുന്നത് 2500 കുരു എന്നാണ് പഠനം. കേരളത്തിൽ വിളവെടുപ്പ് കാലമല്ലാത്തതിനാൽ വിലവർദ്ധനവ് കേരളത്തിലെ കർഷകർക്ക് അധികം ഗുണം ചെയ്യില്ല.