കൗതുക കാഴ്‌ചയായി ഹൈറേഞ്ചിലാകെ കാപ്പിച്ചെടികൾ പൂവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചതാണ് കാപ്പിച്ചെടികൾ പൂവിടാൻ കാരണം.സാധാരണ ഏപ്രിൽ മാസത്തിലാണ് കാപ്പി പൂവിടുന്നത്. ഈ വർഷം വേനൽ കടുത്തതോടെ വിളവെടുപ്പ് നേരത്തേയായി.കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ പരക്കെ വേനൽമഴ ലഭിച്ചിരുന്നു. വൻകിട തോട്ടങ്ങളിലടക്കം കാപ്പിച്ചെടികൾ പൂത്തിട്ടുണ്ട്. ഒരിക്കൽ മലയോരത്തെ മുഖ്യ വിളകളിലൊന്നായിരുന്നു കാപ്പി. കുരുവില ഇടിഞ്ഞതും,കാലാവസ്ഥാ വ്യതിയാനം മൂലം തുടർച്ചയായി വിളവ് കുറഞ്ഞതും കർഷകരെ നഷ്ടത്തിലാക്കിയിരുന്നു.
കുറെ വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഹൈറേഞ്ചിലാകെ ഒരുപോലെ മഴ ലഭിക്കുന്നതും നല്ല രീതിയിൽ കാപ്പി പൂവിടുന്നതും. ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലും എസ്റ്റേറ്റുകളിലും കാപ്പിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്നത് മനോഹരക്കാഴ്ചയാണ്. ഒരാഴ്ചക്കുള്ളിൽ ഒരു മഴകൂടി ലഭിച്ചാൽ അടുത്ത വർഷം മികച്ച വിളവ് ലഭിക്കും. വേനൽമഴ കുരുമുളക്, ഏലം കൃഷികൾക്കും അനുഗ്രഹമായി. കുംഭമാസത്തിലെ മഴ ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ കൃഷിചെയ്യാൻ മണ്ണും പാകപ്പെട്ടു.കാലാവസ്ഥ കനിഞ്ഞാൽ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.