വയനാട്: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തി. തദ്ദേശ തലത്തില്‍ ഹരിത ചട്ട പരിപാലന കാര്യങ്ങള്‍ പരിശോധിക്കുകയും ഹരിതചട്ടം നടപ്പിലാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരി, ഹോട്ടല്‍ അസോസിയേഷനുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി ശുചിത്വ മിഷന്‍ തയ്യാറാക്കിയ കൈപുസ്തകം, ബ്രോഷറുകള്‍, നോട്ടീസുകള്‍ എന്നിവ വിതരണം ചെയ്തു.
തദ്ദേശ സ്ഥാപന പരിധിയില്‍ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന പ്രചാരണ ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിച്ചതാണെന്ന് ഉറപ്പ് വരുത്തണം. കൊടി, തോരണങ്ങള്‍ എന്നിവ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമായിരിക്കണം. ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലിന്‍ തുടങ്ങിയ പുനരുപയോഗ വസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കണം.
ഹരിത ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 10000 രൂപ മുതല്‍ പിഴ ചുമത്തുമെന്നും ഇവ പരിശോധിക്കാനായി ജില്ലാ തലത്തിലും തദ്ദേശ തലത്തിലും സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്. ഹര്‍ഷന്‍ അറിയിച്ചു.