കേരളത്തിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. തുടരുന്ന പേവിഷ ബാധ മരണങ്ങളും നായ ആക്രമണങ്ങളും നമ്മുടെ ആരോഗ്യ മാതൃകയുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും പരാജയമാണോ? അയൽ വീട്ടിലെ നായയുടെ കടിയേറ്റ് പാലക്കാട് വിദ്യാർഥിനി മരിച്ചതും സ്വന്തം വീട്ടിലെ നായയുടെ കടിയേറ്റ് തൃശൂരിൽ ഗൃഹനാഥൻ മരിച്ചതും സംസ്ഥാനത്ത് ആശങ്ക വർധിക്കാൻ ഇടയാക്കി. എന്നാൽ വാക്സിൻ എടുത്തിട്ടും വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല എന്നതാണ് മറ്റൊരു ആശങ്ക. മാത്രമല്ല നായ കടിച്ച് ഒരു മാസത്തിന് ശേഷമാണ് പേവിഷ ബാധ ഉണ്ടായതും മരണം സംഭവിച്ചതും. പേ വിഷബാധയ്ക്ക് എടുക്കുന്ന വാക്സിനുകൾ 100 ശതമാനം സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
ഈ സാഹചര്യത്തിൽ വാക്സിന്റെ നിലവാരം പരിശോധിക്കേണ്ടതും പ്രധാനമാണ്. തെരുവ് നായകൾ മാത്രമല്ല വീട്ടിൽ വളർത്തുന്ന നായകളെയും സൂക്ഷിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണിത്. മൃഗങ്ങൾ നക്കുമ്പോഴോ, മാന്തുമ്പോഴോ, കടിക്കുമ്പോഴോ മുറിവ്, പോറൽ എന്നിവ ഉണ്ടാകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഇങ്ങനെയാണ് രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്. ഈ വൈറസുകൾ പേശികളിലൂടെ സൂക്ഷ്മ നാഡികളിലെത്തി ചേരുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മിഠായി മുതൽ ബിരിയാണി വരെ: ചക്ക പഴയ ചക്കയല്ല
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ എത്തിയശേഷം രണ്ടാഴ്ച മുതൽ മൂന്ന് മാസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. തലവേദന, തൊണ്ടവേദന, നീണ്ടുനിൽക്കുന്ന പനി, മുറിവേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വൈറസ് വ്യാപിച്ചു കഴിഞ്ഞാൽ ശ്വാസതടസം, ഉറക്കക്കുറവ്, അസ്വസ്ഥത, ഭയം എന്നിവ കൂടുന്നു. തലച്ചോറിനെ ബാധിച്ചശേഷം അപസ്മാരം, പക്ഷാഘാതം, മസ്തിഷ്ക മരണം എന്നിവ സംഭവിക്കാം.
ചികിത്സ
കടിയേറ്റ് മൂന്ന് ദിവസം മുതൽ 28 ദിവസത്തിനുള്ളിൽ നാല് ഇൻജക്ഷൻ എടുക്കണം. ആദ്യത്തെ ദിവസം രണ്ട് കയ്യിലെയും തൊലിക്കടിയിൽ ഇൻജക്ഷൻ എടുക്കുന്നു. കടിയേറ്റ ഭാഗത്ത് ആന്റി റാബിസ് ഇമ്യുണോഗ്ലോബുലിൻ ഇൻജക്ഷനാണ് എടുക്കുന്നത്. മൂന്ന്, ഏഴ്, 21 ദിവസങ്ങളിലാണ് ഓരോ ഇൻജക്ഷൻ വീതം എടുക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവർക്കും, മലേറിയ, കൊവിഡ്, കാൻസർ രോഗികൾ എന്നിവർക്കും ഇൻട്രാ മസ്കുലർ ഇൻജക്ഷൻ ആണ് എടുക്കുന്നത്. രോഗിയുടെ ശരീരഭാരത്തിന് അനുസരിച്ചാണ് വാക്സിൻ നൽകുക. പേവിഷ ബാധയ്ക്ക് എതിരെ പ്രധാനമായും രണ്ട് തരത്തിൽ കുത്തിവയ്പ്പ് എടുക്കാം. മൃഗങ്ങളെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ പ്രീ എക്സ്പോഷർ പ്രോഫിലക്സിസ് (0, 7, 28 ദിവസങ്ങളിൽ) എടുത്തിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
90 ശതമാനവും പട്ടികളിൽ നിന്നാണ് വിഷബാധ ഏൽക്കുന്നത്. വളർത്തു മൃഗങ്ങൾ ഭക്ഷണം കഴിക്കാതിരിക്കുക, ശബ്ദത്തിന്റെ മാറ്റം, വായിൽ നിന്ന് നുരയും പതയും വരിക, കാലുകളിൽ തളർച്ച, ഉപദ്രവം എന്നിവ രോഗ ലക്ഷണങ്ങളാണ്.
മുറിവുകളെ മൂന്നായി തിരിക്കുന്നു
മുറിവുകളുടെ സ്വഭാവം അനുസരിച്ചാണ് പ്രതിരോധ കുത്തിവയ്പ്പും ചികിത്സയും നടത്തുന്നത്.
- കാറ്റഗറി 1 - നോ എക്സ്പോഷർ
മൃഗങ്ങളോട് ഇടപഴകുന്നവർ, ഭക്ഷണം കൊടുക്കുന്നവർ, അവ ശരീരത്ത് നക്കുകയാണെങ്കിൽ സോപ്പ് ഉപയോഗിച്ച് ശരീര ഭാഗങ്ങൾ നന്നായി കഴുകുക. ഈ സാഹചര്യത്തിൽ പ്രതിരോധ മരുന്നിന്റെ ആവശ്യമില്ല. - കാറ്റഗറി 2 – മൈനർ എക്സ്പോഷർ
മൃഗങ്ങൾ മാന്തിയ ശേഷം ചെറിയ പോറലുകൾ ഉണ്ടായാൽ ആ ഭാഗം വൃത്തിയായി കഴുകുക. ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാം. - കാറ്റഗറി 3 – സിവിയർ എക്സ്പോഷർ
രക്തം വരുന്ന രീതിയിലുള്ള മുറിവോ പോറലുകളോ ഉണ്ടാകുമ്പോൾ/ മൃഗങ്ങൾ ചുണ്ടിലോ നാക്കിലോ നക്കുമ്പോൾ തീർച്ചയായും ഡോക്ടറുടെ നിർദേശ പ്രകാരമുള്ള ചികിത്സയ്ക്ക് വിധേയമാകേണ്ടതാണ്.