1. സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം ചെയ്യുമെന്നും അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായും ഭക്ഷ്യ - പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 1,45,619.915 മെട്രിക് ടൺ നെല്ലിന്റെ സംഭരണവില പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംവിളയിൽ ഇതിനകം 1,42,217 കർഷകരിൽ നിന്നായി 3,66,610.498 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണവിലയായി 212.86 കോടി രൂപ ഇതുവരെ കർഷകർക്ക് ലഭ്യമാക്കി. ഇപ്പോൾ അനുവദിച്ച 100 കോടി രൂപയുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് 152 കോടി രൂപ കൂടി ലഭ്യമാകും. ഇതോടെ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തുതീർക്കാൻ കഴിയുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു. സംഭരണ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
2. അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ഥിതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് "മാങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും" "തേനീച്ചകൃഷി" "അവകാഡോയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും" എന്നീ വിഷയങ്ങളിൽ സൗജന്യപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 28-ാം തീയതിയ്ക്ക് മുൻപായി 8590543454 എന്ന ഫോൺ നമ്പറിൽ പേര്, ഫോൺ നമ്പർ എന്നിവ സഹിതം വാട്‌സപ്പ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയായ റെഡ് അലർട്ടും തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. കൂടാതെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്നു രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.